Image

'വീട്ടിലേക്ക് മാർച്ച് നടത്തിയാൽ പാർട്ടി ഓഫീസിൽ കയറി പൊക്കും'; എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ എസ്.ഐക്കെതിരെ അന്വേഷണം

Published on 03 October, 2026
'വീട്ടിലേക്ക് മാർച്ച് നടത്തിയാൽ പാർട്ടി ഓഫീസിൽ കയറി പൊക്കും'; എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ എസ്.ഐക്കെതിരെ അന്വേഷണം

​തിരുവനന്തപുരം: എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദനെ കന്റോൺമെന്റ് എസ്.ഐ ഗോകുൽ ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്ത്. കന്റോൺമെന്റ് എസ്.ഐയുടെ വസതിയിലേക്ക് മാർച്ച് നടത്തിയാൽ പാർട്ടി ഓഫീസിൽ അതിക്രമിച്ചുകയറി ജില്ലാ സെക്രട്ടറിയെ അറസ്റ്റ് ചെയ്യുമെന്നാണ് ഫോൺ സംഭാഷണത്തിലെ പ്രധാന ഉള്ളടക്കം. എസ്.എഫ്.ഐ പുറത്തുവിട്ട ശബ്ദസന്ദേശം സേനയ്ക്കുള്ളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ വിവാദമായതിനെത്തുടർന്ന് സംഭവത്തിൽ എ.ഡി.ജി.പി പി. വിജയൻ അന്വേഷണത്തിന് ഉത്തരവിട്ടു.

​തന്റെ വീട് ലക്ഷ്യമിട്ട് പ്രകടനം നടത്തിയാൽ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്ന വ്യക്തമായ താക്കീതാണ് ഉദ്യോഗസ്ഥൻ നൽകുന്നത്. "വീട്ടിലേക്ക് മാർച്ച് നടത്തിയാൽ പാർട്ടി ഓഫീസിൽ കയറി നിന്നെ എടുക്കും, അതിനൊരു പേടിയുമില്ല. ആഭ്യന്തര മന്ത്രിയോട് സംസാരിച്ച ശേഷമാണ് തൽക്കാലം അറസ്റ്റ് നടപടികൾ തടഞ്ഞുവെച്ചിരിക്കുന്നത്. മര്യാദയ്ക്കാണെങ്കിൽ മര്യാദയ്ക്ക്, നിങ്ങൾ ഇപ്പോൾ മാർച്ച് നടത്തിയാൽ എവിടെയാണെന്ന് നോക്കി അറസ്റ്റ് ചെയ്യും" എന്നിങ്ങനെയാണ് എസ്.ഐയുടെ വാക്കുകൾ. കേരള പൊലീസിന്റെ യൂണിഫോമിലിരിക്കുന്ന ഉദ്യോഗസ്ഥനാണോ ഇത്തരത്തിൽ പ്രതികരിക്കുന്നതെന്ന് എസ്.എഫ്.ഐ നേതാവ് തിരിച്ചുചോദിച്ചെങ്കിലും കൃത്യമായ വിശദീകരണം നൽകാതെ എസ്.ഐ ഫോൺ കോൾ അവസാനിപ്പിക്കുകയായിരുന്നു.

​സംഭവം പരസ്യമായതോടെ വിഷയം ഗൗരവമായി എടുത്ത എ.ഡി.ജി.പി, വിശദമായ അന്വേഷണം നടത്താൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി കമ്മീഷണർ എസ്.ഐ ഗോകുലിനെ നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം തേടിയിട്ടുണ്ട്. ഫോൺ സംഭാഷണത്തിന്റെ ആധികാരികത പരിശോധിച്ചുവരികയാണെന്നും സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച ഉദ്യോഗസ്ഥനെതിരെ ഉടൻതന്നെ കർശന അച്ചടക്ക നടപടിയുണ്ടാകുമെന്നുമാണ് പൊലീസ് ആസ്ഥാനത്തുനിന്നുള്ള സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക