
കൊല്ലം: മുട്ടിൽ മരംമുറിക്കേസിൽ ദുരൂഹത വർധിക്കുകയാണെന്നും ഡോ. എ. ജയതിലകിന്റെ വിവാദ ഉത്തരവിന്റെ മറവിൽ നടന്നത് വ്യാപകമായ കൊള്ളയാണെന്നും മന്ത്രി ഷിബു ബേബി ജോൺ. ഉത്തരവിനെക്കുറിച്ചും അതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വെറും 75 ദിവസങ്ങൾ കൊണ്ടാണ് നിയമങ്ങൾ കാറ്റിൽപ്പറത്തി വിലപിടിപ്പുള്ള മരങ്ങൾ മുറിച്ചുമാറ്റിയത്. മരംകൊള്ളയ്ക്ക് അപ്പുറം പാവപ്പെട്ട കർഷകരെയും നാട്ടുകാരെയും വഞ്ചിക്കുക കൂടിയാണ് ഉണ്ടായത്. വനത്തിൽ നിന്ന് യഥാർത്ഥത്തിൽ എന്തൊക്കെ നഷ്ടപ്പെട്ടുവെന്ന് ഇപ്പോഴും പൂർണമായി വ്യക്തമല്ലെന്നും, അന്ന് അന്വേഷിക്കാൻ തീരുമാനിച്ച സമിതിയുടെ ഫയൽ അഞ്ചുവർഷത്തിന് ശേഷം ഇപ്പോഴാണ് തന്റെ മുന്നിലെത്തിയതെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു.
മുന്നണിയിലെയും സർക്കാരിലെയും മറ്റ് രാഷ്ട്രീയ വിഷയങ്ങളിലും മന്ത്രി നിലപാട് വ്യക്തമാക്കി. അടൂർ പ്രകാശ് ഏത് പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചതെന്ന് അറിയില്ലെന്നും, ആർ.എസ്.പിയുടെ നിലപാട് കൃത്യമായ വേദിയിൽ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പ്രശ്നങ്ങളിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ സ്വീകരിച്ച നിലപാടാണ് ശരി. സി.എച്ച്. മുഹമ്മദ് കോയയെയും മകൻ എം.കെ. മുനീറിനെയും വെറും മുസ്ലിമായി മാത്രം കാണുന്നവരോട് സഹതാപം മാത്രമാണുള്ളത്; കേരളത്തിന്റെ മതേതരത്വം സംരക്ഷിച്ച നേതാവാണ് സി.എച്ച്. ബോർഡ്-കോർപ്പറേഷൻ നിയമനങ്ങൾ വൈകുന്നതിൽ സർക്കാരിനെ അധികാരത്തിലെത്തിച്ച പ്രവർത്തകർക്ക് സ്വാഭാവികമായും നിരാശയുണ്ടാകുമെന്നും അവരുടെ അവകാശമായ പദവികളിൽ ഉടൻതന്നെ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ പരിപാടികളിലെ ആവർത്തന വിരസമായ ഉദ്ഘാടന മാമാങ്കങ്ങൾക്കെതിരെയും മന്ത്രി തുറന്നടിച്ചു. എല്ലാ പരിപാടികളുടെയും തുടക്കത്തിലും സമാപനത്തിലും ഉദ്ഘാടനങ്ങൾ സംഘടിപ്പിക്കുന്ന രീതി എല്ലാ വർഷവും എല്ലാ ജില്ലകളിലും പതിവായി നടക്കുകയാണ്. ഇത്തരം സമ്പ്രദായങ്ങൾക്ക് മാറ്റം വരേണ്ട സമയം അതിക്രമിച്ചുവെന്നും, ഇതിൽ നിന്ന് മാറി സഞ്ചരിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ നയപരമായ തീരുമാനം ഉണ്ടാകണമെന്നും ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു.