Image

ദാമ്പത്യത്തിന്റെ ലക്ഷ്യം സന്താനോത്പാദനം മാത്രമല്ല, വന്ധ്യത വിവാഹമോചനത്തിന് കാരണമല്ല ; ഭർത്താവിന്റെ വിവാഹമോചന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

Published on 03 October, 2026
ദാമ്പത്യത്തിന്റെ ലക്ഷ്യം സന്താനോത്പാദനം മാത്രമല്ല, വന്ധ്യത വിവാഹമോചനത്തിന് കാരണമല്ല ; ഭർത്താവിന്റെ വിവാഹമോചന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

ചെന്നൈ: ദമ്പതികൾക്ക് കുട്ടികളില്ലാത്തത് ഭാര്യയുടെ കുറ്റമായോ ഭർത്താവിനോടുള്ള മാനസിക ക്രൂരതയായോ വ്യാഖ്യാനിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. കുട്ടികളുണ്ടാകുന്നില്ലെന്ന കാരണം നിരത്തി ഭർത്താവ് സമർപ്പിച്ച വിവാഹമോചന ഹർജി തള്ളിയ കുടുംബക്കോടതി വിധി ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ, ജസ്റ്റിസ് എം.ഡി. സുമതി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ശരിവെച്ചു. സന്താനോത്പാദനം മാത്രമല്ല വൈവാഹിക ജീവിതത്തിന്റെ ലക്ഷ്യമെന്നും, കുട്ടികളില്ലാത്തത് പങ്കാളികളിൽ ആരുടെയും കുറ്റമല്ലെന്നും കോടതി നിരീക്ഷിച്ചു.

​കുട്ടികളില്ലാത്തതിലുള്ള മാനസിക വിഷമം ഇരുവരെയും ബാധിക്കുമെങ്കിലും, വന്ധ്യതാ ചികിത്സയുടെ ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ കൂടുതലായി അനുഭവിക്കുന്നത് സ്ത്രീയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വേദനാജനകമായ ചികിത്സാ പ്രക്രിയകളിലൂടെ ഭാര്യ കടന്നുപോകുന്നത് തന്നെ ദാമ്പത്യബന്ധം സംരക്ഷിക്കാനുള്ള ആഗ്രഹത്തിന്റെ തെളിവാണ്. 2007-ൽ വിവാഹിതനായ ഭർത്താവ്, ഭാര്യ ക്രൂരമായി പെരുമാറുന്നുവെന്നും ദാമ്പത്യം തകർന്നുവെന്നും കാട്ടിയാണ് കോടതിയെ സമീപിച്ചത്. എന്നാൽ, ഈ വാദങ്ങളെല്ലാം തള്ളിയ ഭാര്യ താൻ ഇപ്പോഴും തുടരുന്ന ചികിത്സാ രേഖകൾ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇത് കണക്കിലെടുത്താണ് ഭർത്താവിന്റെ അപ്പീൽ ഹൈക്കോടതി തള്ളിയത്.

​ഭർത്താവിന്റെ ദാമ്പത്യവീഴ്ചകൾക്ക് ഭർതൃപിതാവ് ഉത്തരവാദിയല്ല: ഡൽഹി ഹൈക്കോടതി

​ന്യൂഡൽഹി: ഭർത്താവിന്റെ തെറ്റായ പെരുമാറ്റത്തെ നിയന്ത്രിച്ചില്ലെന്ന ആക്ഷേപം മുൻനിർത്തി മാത്രം ഭർതൃപിതാവിനെതിരെ ഗാർഹിക പീഡന നിയമപ്രകാരം കേസെടുക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ഗാർഹിക പീഡനക്കേസിൽ ഭർതൃപിതാവിനെ ഒഴിവാക്കിയ വിചാരണക്കോടതിയുടെ നടപടി ചോദ്യം ചെയ്ത് യുവതി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് മധു ജെയിൻ നിർണായക വിധി പുറപ്പെടുവിച്ചത്.

​ഗാർഹിക പീഡന നിരോധന നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം ശാരീരികമോ മാനസികമോ ആയ ഉപദ്രവങ്ങളും ഭീഷണികളും മാത്രമാണ് കുറ്റകൃത്യത്തിന്റെ പരിധിയിൽ വരികയെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരുമിച്ച് ഒരേ മേൽക്കൂരയ്ക്ക് കീഴിൽ താമസിച്ചു എന്ന കാരണം കൊണ്ടുമാത്രം ഒരാൾ ഗാർഹിക പീഡനത്തിന് കുറ്റക്കാരനാകില്ല. ഭർത്താവിന്റെ വ്യക്തിപരമായ പെരുമാറ്റദൂഷ്യങ്ങൾക്കോ ദാമ്പത്യപരമായ വീഴ്ചകൾക്കോ ഭർതൃപിതാവിനെ പ്രതിക്കൂട്ടിൽ നിർത്താനാകില്ലെന്നും കോടതി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക