
മക്ക: സൗദി അറേബ്യയിലെ തായിഫ്–റാനിയ റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. കോട്ടയം അയർക്കുന്നം സ്വദേശിനി ജെയ്‌സി മോൾ മാത്യു (46), കോട്ടയം കുറുമല്ലൂർ ആനച്ചേരി അഞ്ചക്കുന്നേൽ ജോബിന ജോണി (26) എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളികൾ. ഇവരോടൊപ്പം വാഹനത്തിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ വിജയലക്ഷ്മി ജഗദീഷ് (37), ഹെപ്‌സിബ ദേവമണി (33) എന്നീ നഴ്സുമാരും, ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവറായ സൗദി പൗരനുമാണ് മരിച്ച മറ്റുള്ളവർ.
സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള തായിഫ് ഗവർണറേറ്റിലെ അൽ ഗാഫ, അൽ അവെയ്‌ല സർക്കാർ ഡിസ്പെൻസറികളിലെ ജീവനക്കാരായിരുന്നു അപകടത്തിൽപ്പെട്ട നാല് നഴ്സുമാരും. വാരാന്ത്യ അവധി ദിവസമായിരുന്ന വെള്ളിയാഴ്ച നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനായി സൗദി പൗരന്റെ കാറിൽ റാനിയ പട്ടണത്തിലേക്ക് പോകുമ്പോഴായിരുന്നു ദുരന്തം. റാനിയയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെവെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.
വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. അഞ്ചുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. നിലവിൽ ഇവരുടെ മൃതദേഹങ്ങൾ റാനിയ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എംബസിയുടെയും സന്നദ്ധപ്രവർത്തകരുടെയും നേതൃത്വത്തിൽ ഔദ്യോഗിക നടപടിക്രമങ്ങൾ വേഗത്തിലാക്കി മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.