Image

ലക്ഷ്യമിട്ടത് വിമാനം ഇസ്രായേലിൽ തകർത്തു വീഴ്ത്താൻ; ഫ്ലൈദുബായ് വിമാനം റാഞ്ചാൻ ശ്രമിച്ച ഒമാനി സഹപൈലറ്റ് മുൻപ് വിലക്ക് നേരിട്ടയാളെന്ന് റിപ്പോർട്ട്

Published on 03 October, 2026
ലക്ഷ്യമിട്ടത് വിമാനം ഇസ്രായേലിൽ തകർത്തു വീഴ്ത്താൻ; ഫ്ലൈദുബായ് വിമാനം റാഞ്ചാൻ ശ്രമിച്ച ഒമാനി സഹപൈലറ്റ് മുൻപ് വിലക്ക് നേരിട്ടയാളെന്ന് റിപ്പോർട്ട്

ദുബായ്/ടെൽ അവീവ്: ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിലെ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ കുത്തിപ്പരിക്കേൽപ്പിച്ച് വിമാനം തകർക്കാൻ ശ്രമിച്ച സഹപൈലറ്റിനെ തിരിച്ചറിഞ്ഞു. ഒമാൻ സ്വദേശിയായ ഹമാം അൽഹമാമിയാണ് ആക്രമണം നടത്തിയതെന്ന് സൗദി മാധ്യമമായ അൽ അറേബ്യയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുൻപ് തീവ്രവാദ ആശയങ്ങൾ വെച്ചുപുലർത്തിയതിന്റെ പേരിൽ ഒമാൻ എയർ ഇയാളെ സുരക്ഷാ ഭീഷണിയായി കണ്ട് സർവീസിൽനിന്ന് വിലക്കിയിരുന്നുവെങ്കിലും പിന്നീട് ഫ്ലൈദുബായ് ജോലിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. വിമാനം ഇസ്രായേലിൽ തകർത്തു വീഴ്ത്താനായിരുന്നു തന്റെ പദ്ധതിയെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചതായാണ് വിവരം.

​സെപ്റ്റംബർ 30-ന് 170-ലധികം യാത്രക്കാരും ജീവനക്കാരുമായി പറന്ന ഫ്ലൈദുബായ് എഫ്.സെഡ് 1073 വിമാനത്തിൽ സൗദി അറേബ്യക്ക് മുകളിലൂടെ പറക്കുമ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സഹപൈലറ്റിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ വിമാനത്തിന് നിയന്ത്രണം നഷ്ടമാവുകയും വെറും 30 സെക്കൻഡിനുള്ളിൽ 16,000-ലധികം അടി താഴ്ചയിലേക്ക് കുത്തനെ താഴേക്ക് പതിക്കുകയും ചെയ്തു. എന്നാൽ, ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റൻ സ്മിത് മച്ചാർ മനസ്സാന്നിധ്യം വീണ്ടെടുത്ത് കോക്ക്പിറ്റിന്റെ വാതിൽ തുറന്നതോടെയാണ് വൻ ദുരന്തം ഒഴിവായത്. ഉടൻതന്നെ കോക്ക്പിറ്റിലേക്ക് ഇരച്ചെത്തിയ യാത്രക്കാർ സഹപൈലറ്റിനെ കേബിളുകളും കയറുകളും ഉപയോഗിച്ച് കെട്ടിയിട്ടു. തുടർന്ന് വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്ന മറ്റ് രണ്ട് പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും സൗദിയിലെ തബൂക്ക് വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയുമായിരുന്നു.

​സംഭവത്തിൽ വിമാനം രജിസ്റ്റർ ചെയ്തിട്ടുള്ള യു.എ.ഇയുടെ നേതൃത്വത്തിൽ സമഗ്രാന്വേഷണം പുരോഗമിക്കുകയാണ്. സഹപൈലറ്റ് തീവ്രവാദ ആശയങ്ങൾക്ക് അടിമപ്പെട്ടിരുന്നതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആരോപിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ അന്വേഷണ വിവരങ്ങൾ ഔദ്യോഗികമായി വിലയിരുത്തി വരികയാണ്. സൗദി അറേബ്യ പ്രാഥമിക വിവരശേഖരണം പൂർത്തിയാക്കിയിട്ടുണ്ട്. ഇയാളുടെ തീവ്രവാദ പശ്ചാത്തലം മുൻപ് ഒമാൻ മറ്റ് എയർലൈനുകൾക്ക് കൈമാറിയിരുന്നോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിമാന ജീവനക്കാരുടെ മുൻകാല പശ്ചാത്തലവും സുരക്ഷാ പരിശോധനകളും കൂടുതൽ കർശനമാക്കാൻ വ്യോമയാന അധികൃതർ തീരുമാനിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക