
പാലക്കാട്: സംസ്ഥാനത്ത് പകർച്ചപ്പനി ബാധിച്ച് സ്കൂൾ വിദ്യാർഥിനി മരിച്ചു. മണ്ണാർക്കാട് കോട്ടോപ്പാടം വേങ്ങ സ്വദേശി ശിവരഞ്ജിനി (14) ആണ് വ്യാഴാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങിയത്. കടുത്ത പനിയെ തുടർന്ന് രാത്രി എട്ടുമണിയോടെ കുട്ടിയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. എന്നാൽ, രാത്രി 11 മണിയോടെ ശാരീരിക അസ്വസ്ഥതകൾ മൂർച്ഛിക്കുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. ഉടൻതന്നെ വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്ഥാനത്തുടനീളം പനിബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. വ്യാഴാഴ്ച മാത്രം 8,407 പേർ വിവിധ സർക്കാർ ആശുപത്രികളിൽ പനിക്ക് ചികിത്സ തേടി. ഒറ്റദിവസത്തിനിടെ സംസ്ഥാനത്ത് 9 പനിമരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മലപ്പുറം ജില്ലയിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷം; ഇവിടെ പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. പാലക്കാട്, കാസർകോട്, തിരുവനന്തപുരം ജില്ലകളിലും പനി ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ട്. ഒറ്റപ്പാലത്ത് ഇന്നലെ ഒരു ഡെങ്കിപ്പനി മരണം സ്ഥിരീകരിച്ചു. ഇതിനുപുറമെ സംസ്ഥാനത്ത് 48 പേർക്ക് ഇൻഫ്ലുവൻസ ബാധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഭൂരിഭാഗം രോഗികളും എറണാകുളം ജില്ലയിലാണ്.
സംസ്ഥാനം പനിക്കിടക്കയിലായിട്ടും സർക്കാർ ആശുപത്രികളിൽ അനുഭവപ്പെടുന്ന രൂക്ഷമായ മരുന്നുക്ഷാമത്തിന് ഇനിയും പരിഹാരമായിട്ടില്ല. പനി പടർന്നുപിടിക്കുമ്പോഴും ആവശ്യത്തിന് ജീവൻരക്ഷാ മരുന്നുകൾ പോലും ലഭ്യമാക്കാൻ ആരോഗ്യവകുപ്പിന് സാധിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. വിതരണക്കാർക്ക് നൽകാനുള്ള കുടിശ്ശിക തീർക്കാത്തതിനെത്തുടർന്ന് പർച്ചേസ് ഓർഡർ പ്രകാരമുള്ള മരുന്നുകൾ നൽകാൻ കമ്പനികൾ വിമുഖത കാണിക്കുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വകുപ്പിന്റെ വിശദീകരണം. അടിയന്തരമായി സർക്കാർ ഇടപെട്ട് മരുന്ന് ലഭ്യത ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.