
ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഇന്ത്യൻ സൈന്യം വധിച്ച ലഷ്കർ ഇ ത്വയ്ബ ഭീകരന്റെ അപരനെ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കി സ്വയം അപഹാസ്യരായി പാകിസ്ഥാൻ. കശ്മീരിലെ ബദ്ഗാം ജില്ലയിൽ ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് ലഷ്കർ ഭീകരൻ മുഹമ്മദ് ആസിഫ് എന്ന ഹാഷിം മൂസയെ സൈന്യം വധിച്ചത്. എന്നാൽ, ഇന്ത്യയുടെ അവകാശവാദം തെറ്റാണെന്ന് വരുത്തിത്തീർക്കാൻ പാക് സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐ.എസ്.പി.ആർ) ഡയറക്ടർ ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി വ്യാഴാഴ്ച മറ്റൊരു വ്യക്തിയെ വാർത്താസമ്മേളനത്തിൽ ഒപ്പമിരുത്തി രംഗത്തെത്തുകയായിരുന്നു.
താനാണ് മുഹമ്മദ് ആസിഫെന്നും ജീവനോടെയുണ്ടെന്നും വാർത്താസമ്മേളനത്തിൽ പ്രത്യക്ഷപ്പെട്ട വ്യക്തി അവകാശപ്പെട്ടു. 2005-ൽ പാകിസ്ഥാൻ സ്പെഷൽ സർവീസ് ഗ്രൂപ്പിൽ (എസ്.എസ്.ജി) ചേർന്ന താൻ 18 വർഷത്തെ സേവനത്തിന് ശേഷം 2023-ൽ വിരമിച്ചതാണെന്നും ഇപ്പോൾ നേരിട്ട് നിങ്ങളുടെ മുന്നിൽ ഹാജരായിരിക്കുകയാണെന്നും ഇയാൾ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യൻ സുരക്ഷാസേന വധിച്ച ഭീകരൻ ജീവിച്ചിരിക്കുന്നുവെന്ന തരത്തിൽ തെറ്റായ പ്രചാരണം അഴിച്ചുവിടാനായിരുന്നു പാക് സൈന്യത്തിന്റെ നീക്കം.
എന്നാൽ, ഈ നാടകത്തിന് മണിക്കൂറുകളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വാർത്താസമ്മേളനത്തിൽ പങ്കെടുത്ത വ്യക്തിയുടെയും കൊല്ലപ്പെട്ട യഥാർത്ഥ മുഹമ്മദ് ആസിഫിന്റെയും ചിത്രങ്ങൾ മുഖലക്ഷണ വിദഗ്ധർ ഇഴകീറി പരിശോധിച്ചതോടെയാണ് കള്ളത്തരം വെളിച്ചത്തായത്. ഇരു വ്യക്തികളുടെയും ചെവി, മൂക്ക്, കണ്ണ് തുടങ്ങിയ ശാരീരിക സവിശേഷതകളിലെ പ്രകടമായ വ്യത്യാസങ്ങൾ ഫോറൻസിക് തലത്തിൽ സ്ഥിരീകരിക്കപ്പെട്ടതോടെ പാകിസ്ഥാന്റെ വാദം പൂർണമായും പൊളിഞ്ഞു. കൃത്യമായ പ്ലാനില്ലാതെ വ്യാജനെ ഇറക്കി മുഖം രക്ഷിക്കാൻ ശ്രമിച്ച പാക് ഭരണകൂടത്തിനും സൈന്യത്തിനുമെതിരെ സമൂഹമാധ്യമങ്ങളിലടക്കം കടുത്ത പരിഹാസമാണ് ഉയരുന്നത്.