
കൊച്ചി: സംസ്ഥാനത്ത് വൈകുന്നേരങ്ങളിലെ പീക്ക് സമയങ്ങളിൽ അനുഭവപ്പെടുന്ന രൂക്ഷമായ വൈദ്യുതി ക്ഷാമത്തിന് പരിഹാരമായി ഹിമാചൽ പ്രദേശിൽ നിന്ന് 600 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാൻ കെ.എസ്.ഇ.ബി കരാറിലെത്തി. 2027 മേയ് 31 വരെ പ്രാബല്യത്തിലുള്ള ഈ കരാർ വഴി സെപ്റ്റംബറിലുണ്ടായ കടുത്ത ലോഡ്ഷെഡ്ഡിംഗിനും ജനരോഷത്തിനും വലിയൊരളവോളം ശമനമുണ്ടാകുമെന്നാണ് വിലയിരുത്തൽ. വ്യാഴാഴ്ച മുതൽ ഹിമാചലിൽ നിന്നുള്ള വൈദ്യുതി പ്രവാഹം തുടങ്ങിയതോടെ കഴിഞ്ഞ രണ്ടു ദിവസങ്ങളായി സംസ്ഥാനത്ത് പവർകട്ട് പൂർണമായും ഒഴിവാക്കാൻ സാധിച്ചു. അധിക വൈദ്യുതി കണ്ടെത്താനായി കെ.എസ്.ഇ.ബി ഉന്നതതല സംഘങ്ങൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നേരിട്ടെത്തി നടത്തിയ ചർച്ചകളുടെയും മുഖ്യമന്ത്രി വി.ഡി. സതീശൻ ഹിമാചൽ മുഖ്യമന്ത്രിയുമായി നേരിട്ട് നടത്തിയ ആശയവിനിമയത്തിന്റെയും അടിസ്ഥാനത്തിലാണ് തമിഴ്നാടും രാജസ്ഥാനും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ മറികടന്ന് കേരളം കരാർ ഉറപ്പിച്ചത്.
പുതിയ കരാർ പ്രകാരം പീക്ക് സമയങ്ങളിൽ യൂണിറ്റിന് 14.5 രൂപ നിരക്കിലാണ് ഹിമാചൽ പ്രദേശ് സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (എച്ച്.പി.എസ്.ഇ.ബി) വൈദ്യുതി നൽകുക. മുൻപ് മുഴുവൻ സമയവും യൂണിറ്റിന് 10 രൂപ നിരക്കിൽ 210 മെഗാവാട്ട് നൽകാമെന്ന് അവർ വാഗ്ദാനം ചെയ്തിരുന്നെങ്കിലും, പകൽസമയത്ത് എക്സ്ചേഞ്ചുകളിൽ കുറഞ്ഞ നിരക്കിൽ (രണ്ടു രൂപ നിരക്കിൽ) വൈദ്യുതി ലഭ്യമായതിനാൽ കേരളം ഇത് നിരസിക്കുകയായിരുന്നു. പീക്ക് സമയത്തെ ഉയർന്ന നിരക്കാണെങ്കിലും മുഴുവൻ സമയവും ഉയർന്ന തുക നൽകുന്നതിനേക്കാൾ ഇപ്പോഴത്തെ ക്രമീകരണം സാമ്പത്തികമായി ലാഭകരമാണെന്ന് ബോർഡ് കണക്കുകൂട്ടുന്നു. എക്സ്ചേഞ്ചുകളിൽ കടുത്ത ക്ഷാമം നേരിടുന്നതിനാൽ അവസാന മാർഗമായാണ് ഈ ഉയർന്ന ഓഫർ സ്വീകരിച്ചതെന്നും, നിരക്കിൽ ഇളവ് നൽകണമെന്ന് ഹിമാചൽ സർക്കാരിനോട് മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ.എസ്.ഇ.ബി ചെയർമാൻ എം.ജി. രാജമാണിക്യം വ്യക്തമാക്കി.
ഹിമാചലിൽ നിന്നുള്ള വിഹിതം എത്തിയതോടെ സംസ്ഥാനത്തെ പീക്ക് സമയ വൈദ്യുതി ലഭ്യത 4,795 മെഗാവാട്ടായി ഉയർന്നു. 4,500 മുതൽ 5,000 മെഗാവാട്ട് വരെ ആവശ്യകത വരുന്നതിനാൽ ശേഷിക്കുന്ന കുറവ് തത്സമയ മാർക്കറ്റിൽ നിന്ന് വാങ്ങി പരിഹരിക്കാനാണ് ബോർഡിന്റെ നീക്കം. ഇതിനുപുറമെ, പീക്ക് സമയത്തെ സ്ഥിതി ശാശ്വതമായി മെച്ചപ്പെടുത്തുന്നതിനായി ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബി.ഇ.എസ്.എസ്) പദ്ധതികൾ വേഗത്തിൽ കമ്മീഷൻ ചെയ്യും. 15 മെഗാവാട്ടിന്റെ മുള്ളേരിയ പദ്ധതി ഒക്ടോബർ 14-ന് പ്രവർത്തനസജ്ജമാകും. മൈലാട്ടി (125 മെഗാവാട്ട്), ശ്രീകണ്ഠാപുരം (40 മെഗാവാട്ട്), അരീക്കോട് (30 മെഗാവാട്ട്), പോത്തൻകോട് (40 മെഗാവാട്ട്) എന്നിവ ഉൾപ്പെടെയുള്ള വൻകിട സംഭരണ പദ്ധതികൾ ഈ വർഷാവസാനത്തോടെ പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ.