
കൊല്ലം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ നരേന്ദ്ര മോദിയുടെ കൈയിലെ ഉപകരണമായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹത്തിന്റെ രാജി മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജി തന്നെയാണ് കോൺഗ്രസിന്റെയും യുവാക്കളുടെയും അന്തിമ ലക്ഷ്യമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഗ്യാനേഷ് കുമാർ വെറുമൊരു 'പരൽമീൻ' മാത്രമാണെന്നും വരും ദിവസങ്ങളിൽ ഡൽഹിയിലടക്കം രാജ്യവ്യാപകമായി സമരം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആ ജനരോഷത്തിൽ മോദിക്കും അമിത് ഷായ്ക്കും ഗ്യാനേഷ് കുമാറിനും രാജി വെച്ചൊഴിയേണ്ടി വരും. നിഷ്പക്ഷമായി നിലകൊള്ളേണ്ട റഫറി ഒരു ടീമിനൊപ്പം ചേർന്ന് കള്ളം പറയുന്നതിന് തുല്യമായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പെരുമാറുന്നതെന്നും ഗാന്ധിജയന്തി ദിനത്തിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച 'ജെൻ ഇന്ത്യ മൂവ്മെന്റ്' പദയാത്ര കൊല്ലം ചിന്നക്കടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന ഗ്യാനേഷ് കുമാർ മൂന്ന് വിജിലൻസ് കേസുകളിൽ പ്രതിയായിരുന്ന വ്യക്തിയാണെന്നും അമിത് ഷായ്ക്ക് വേണ്ടി ജമ്മു കശ്മീരിനെ വിഭജിച്ചതിലടക്കം നിർണായക പങ്ക് വഹിച്ചയാളാണെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു. രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർമാർ എന്നിവർക്കെതിരെ പോലും പദവി ഒഴിഞ്ഞ ശേഷം കേസെടുക്കാൻ നിയമപരമായ വ്യവസ്ഥകളുണ്ട്. എന്നാൽ, വിരമിച്ച തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കെതിരെ കേസെടുക്കാൻ കഴിയില്ലെന്ന തരത്തിൽ നിയമഭേദഗതി വരുത്തി, ആജീവനാന്ത സംരക്ഷണം നൽകിയാണ് കേന്ദ്ര സർക്കാർ അദ്ദേഹത്തെ ഈ പദവിയിൽ പ്രതിഷ്ഠിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എസ്.ഐ.ആർ വഴി 13.3 കോടി വോട്ടർമാരെയാണ് വോട്ടർപട്ടികയിൽ നിന്ന് ദുരൂഹമായി വെട്ടിമാറ്റിയതെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. ബി.ജെ.പിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ യൂത്ത് കോൺഗ്രസ് പോരാട്ടം നയിക്കുമ്പോൾ സി.പി.എമ്മും ഡി.വൈ.എഫ്.ഐയും പ്രകോപനം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ മന്ത്രിമാരടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഇത്തരം കരിങ്കൊടി പ്രതിഷേധങ്ങളെ ഭയക്കുന്നില്ലെന്നും, ഓരോ തവണ കരിങ്കൊടി കാട്ടുമ്പോഴും കേന്ദ്ര ഭരണകൂടത്തിനെതിരായ സമരങ്ങൾക്ക് കൂടുതൽ മാധ്യമശ്രദ്ധയും പ്രാധാന്യവും ലഭിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.