
കൊച്ചി: സി.എം.ആർ.എൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതിരിക്കുന്നത് കുറ്റവാളികളെ സഹായിക്കുന്നതിന് തുല്യമാണെന്നും, ഇത് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യമായി മാറുമെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കൃത്യമായ തെളിവുകൾ കൈമാറിയിട്ടും കേസ് എടുക്കാതിരിക്കുന്നത് കൈക്കൂലിപ്പണം ഒളിപ്പിക്കാനും കൈവശം വെക്കാനും പ്രതികളെ അറിഞ്ഞുകൊണ്ട് സഹായിക്കലാണെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച കത്തിൽ ഇ.ഡി ചൂണ്ടിക്കാട്ടി. ഇത് പി.എം.എൽ.എ സെക്ഷൻ 3 പ്രകാരം കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന്റെ പരിധിയിൽ വരുന്നതാണെന്നും സെപ്റ്റംബർ ഏഴിന് അയച്ച കത്തിൽ അന്വേഷണ ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്.
സർവീസിലിരിക്കുന്ന ഉദ്യോഗസ്ഥരടക്കം ആരെങ്കിലും കുറ്റകൃത്യത്തിലൂടെയുള്ള പണം കണ്ടെത്താനോ, ഒളിപ്പിക്കാനോ, കൈവശം വെക്കാനോ കൂട്ടുനിന്നാൽ അവർക്കെതിരെയും നിയമനടപടി ബാധകമാണെന്ന് കത്തിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് ഇ.ഡി പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സി.എം.ആർ.എൽ കമ്പനിയിലെ പൊതു ഓഹരി ഉടമകളെയും 13 ശതമാനം ഓഹരിയുള്ള കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനെയും (കെ.എസ്.ഐ.ഡി.സി) കബളിപ്പിച്ചാണ് കോടികൾ തട്ടിയെടുത്തതെന്നും ഏജൻസി ആരോപിക്കുന്നു.
കോഗ്നിസബിൾ കുറ്റകൃത്യങ്ങളെക്കുറിച്ച് വിവരം ലഭിച്ചാൽ ഉടൻതന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് ബാധ്യസ്ഥരാണെന്ന സുപ്രീം കോടതി ഉത്തരവുകളും കത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. കേസെടുക്കാതെ വൈകിക്കുന്നത് കുറ്റവാളികൾക്ക് തെളിവുകൾ നശിപ്പിക്കാനും അനധികൃത പണം സുരക്ഷിതമായി കൈവശം വെക്കാനും സാവകാശം നൽകുമെന്നും ഇ.ഡി വ്യക്തമാക്കുന്നു. പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ ഉചിതമായ നിയമനടപടികളിലേക്ക് കടക്കാൻ തങ്ങൾക്ക് പൂർണ അധികാരമുണ്ടെന്നും പരമോന്നത കോടതി വിധികൾ മുൻനിർത്തി ഇ.ഡി മുന്നറിയിപ്പ് നൽകി.