
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവർത്തനശൈലിക്കെതിരെ കോൺഗ്രസിലും യു.ഡി.എഫിലും അതൃപ്തി പുകയുന്നതിനിടെ, പ്രതിസന്ധി പരിഹരിക്കാൻ ഹൈക്കമാൻഡ് അടിയന്തരമായി ഇടപെടുന്നു. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് മുഖ്യമന്ത്രിക്കെതിരെ പരസ്യമായി രംഗത്തെത്തിയതോടെയാണ്, സർക്കാരിന്റെ തുടക്കത്തിൽ പുലർത്തിയിരുന്ന നിഷ്പക്ഷ സമീപനം അവസാനിപ്പിച്ച് കേന്ദ്ര നേതൃത്വം കളംനിറയുന്നത്. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ കൃത്യമായ സംവിധാനമുണ്ടെന്നും അഭിപ്രായവ്യത്യാസങ്ങൾ നേതൃത്വം മുൻകൈയെടുത്ത് ചർച്ചകളിലൂടെ പരിഹരിക്കുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. അടൂർ പ്രകാശിന്റെ നീക്കങ്ങൾക്ക് പിന്നിൽ താനാണെന്ന പ്രചാരണങ്ങൾ തള്ളിയ അദ്ദേഹം, അനാവശ്യ വിവാദങ്ങളിലേക്ക് തന്നെ വലിച്ചിഴയ്ക്കരുതെന്നും വിഷയങ്ങൾ പരസ്യമാക്കിയ നടപടി ശരിയായില്ലെന്നും വ്യക്തമാക്കി.
പരസ്യമായ പിന്തുണ ലഭിച്ചില്ലെങ്കിലും താൻ ഉന്നയിച്ച നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നാണ് അടൂർ പ്രകാശിന്റെ പ്രതികരണം. മുന്നണിയിലെയും പാർട്ടിയിലെയും നിരവധി നേതാക്കൾ ഫോണിൽ വിളിച്ച് ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ടെന്നും എ.ഐ.സി.സിയെ നേരിട്ട് അറിയിക്കാതെ വാർത്താസമ്മേളനം നടത്തിയതിന് വ്യക്തമായ കാരണമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, പരസ്യപ്രസ്താവനയ്ക്കെതിരെ എ.പി. അനിൽകുമാറും രാജ്മോഹൻ ഉണ്ണിത്താനും രംഗത്തെത്തിയപ്പോൾ, ഉചിതമായ തീരുമാനം എ.ഐ.സി.സി കൈക്കൊള്ളുമെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണം.
മുന്നണിയിലെ ഘടകകക്ഷികളുമായി സ്ഥിരമായി ഉഭയകക്ഷി ചർച്ചകൾ നടക്കുന്നുണ്ടെന്നും ബോർഡ്-കോർപ്പറേഷൻ വിഭജനം പൂർത്തിയാകുന്നതോടെ പരാതികൾ അവസാനിക്കുമെന്നും സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുന്നണിയിൽ ആവശ്യത്തിന് കൂടിയാലോചനകൾ വേണമെന്നും പി.ജെ. ജോസഫിന് അർഹമായ പരിഗണന നൽകണമെന്നും കേരള കോൺഗ്രസ് നേതാവ് മോൻസ് ജോസഫ് ആവശ്യപ്പെട്ടപ്പോൾ, ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ പ്രതികരണത്തിന് വിസമ്മതിച്ചു. എന്നാൽ, വിവാദങ്ങളിൽ തിടുക്കപ്പെട്ട് മറുപടി നൽകാതെ നിരീക്ഷിച്ചു മുന്നോട്ടുപോകാനാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ തീരുമാനം. ഘടകകക്ഷികളുടെ ഭാഗത്തുനിന്നുള്ള മൃദുസമീപനവും ലീഗിന്റെ നിലപാടും ഹൈക്കമാൻഡ് ഗൗരവമായി കണക്കിലെടുക്കുമെന്ന ആശ്വാസത്തിലാണ് മുഖ്യമന്ത്രിയോട് അടുത്ത കേന്ദ്രങ്ങൾ.