
കൊല്ലം: എസ്.എഫ്.ഐ. കൊല്ലം ജില്ലാ കമ്മിറ്റി ചിന്നക്കടയില്‍ നടത്തിയ പ്രകടനത്തില്‍ പങ്കെടുത്തയാള്‍ കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മ്മദിനാചരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്‌ളെക്‌സ് ബോര്‍ഡ് വലിച്ചു കീറിയത് വലിയ ചര്‍ച്ചയായിരുന്നു. വിഷയം യുഡിഎഫ് പ്രവര്‍ത്തകര്‍ ഇടതുപക്ഷത്തിനെതിരെ ആയുധമാക്കുകയും ചെയ്തു. എന്നാല്‍ പ്രകടനത്തില്‍ ഓടിക്കയറിയ ആളാണ് ഫ്‌ളക്‌സ് വലിച്ചുകീറിയത് എന്നായിരുന്നു എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ വിശദീകരണം.
സംഭവത്തിന് പിന്നാലെ ഫ്‌ളെക്‌സ് കീറിയ അക്ബര്‍ ഷാ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. താന്‍ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ തന്നെയാണെന്ന് പറഞ്ഞ അക്ബര്‍ ഷാ കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സാണെന്ന് കരുതിയാണ് കീറിയതെന്നും വിശദീകരിച്ചു. തെറ്റുപറ്റിയെന്നും തന്നോട് ക്ഷമിക്കണമെന്നും അക്ബര്‍ ഷാ പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു.
'ഇന്നിപ്പോള്‍ ഞാനാണ് വാര്‍ത്തകളില്‍ താരം. ഞാന്‍ ഒരു താരമാകണമെന്ന് കരുതി ഒന്നും ചെയ്തതല്ല. ഞാനൊരു മുന്‍കാല എസ്എഫ്ഐ പ്രവര്‍ത്തകനും ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമാണ്. ഇപ്പോള്‍ പാര്‍ട്ടിക്കാര്‍ തന്നെ നുഴഞ്ഞു കയറി വന്നതാണെന്ന് പറയുന്നുണ്ട്. അങ്ങനെയല്ല. ഞാന്‍ എസ്എഫ്ഐയിലടക്കം പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗള്‍ഫിലായിരുന്നു. കൊല്ലത്ത് പ്രകടനം കണ്ടപ്പോള്‍ അതില്‍ കയറി. ഞാന്‍ നുഴഞ്ഞു കയറി വന്നതല്ല. ഞാന്‍ ചെയ്ത തെറ്റ് എനിക്ക് മനസ്സിലായിട്ടുണ്ട്. കീറിയ ഫ്ളെക്സ് കോടിയേരി സഖാവിന്റെതാണെന്ന് അറിഞ്ഞിരുന്നില്ല. കോണ്‍ഗ്രസിന്റെ ഫ്ളെക്സാണെന്നാണ് വിചാരിച്ചത്. എല്ലാവരും എന്നോട് ക്ഷമിക്കണം' അക്ബര്‍ ഷാ പറഞ്ഞു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരേ നടന്ന പോലീസ്-യൂത്ത് കോണ്‍ഗ്രസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനിടെയായിരുന്നു ഫ്‌ളെക്‌സ് കീറല്‍.