Image

ഭൂമിയിലെ സ്വർഗ്ഗം (സന്തോഷ് പിള്ള)

Published on 16 September, 2026
ഭൂമിയിലെ സ്വർഗ്ഗം (സന്തോഷ് പിള്ള)

ഭൂമിയിലെ സ്വർഗ്ഗത്തിൽ ജീവിക്കാമെന്ന് കരുതിയാണ്  അമേരിക്കക്ക് വണ്ടികയറിയത്. അമേരിക്ക  തന്നെയാണ് സ്വർഗ്ഗം  എന്നുകരുതിയാണ്  പതിറ്റാണ്ടുകൾ ഇവിടെ ജീവിച്ചതും    .

പക്ഷെ ഇപ്പോൾ അറിയുന്നു- ഭൂമിയിലെ സ്വർഗ്ഗം - ഏറ്റവും കൂടുതൽ ജനങ്ങൾ സന്തോഷമായി ജീവിക്കുന്നത്, ഫിൻലൻഡ്‌ എന്ന രാജ്യത്താണെന്ന്. ഹാപ്പിനെസ് ഇൻഡക്സ് എന്നൊരു അളവുകോൽ വച്ച് ലോകരാഷ്ട്രങ്ങളെ അളന്നപ്പോൾ, കഴിഞ്ഞ ഒമ്പതുവർഷമായിട്ട് ഏറ്റവും കൂടുതൽ സംത്രിപ്തിയും, ശാന്തിയും സമാധാനപരവുമായി പൗരന്മാർ ജീവിക്കുന്ന രാജ്യം ഫിൻലൻഡ്‌ ആണെന്ന്..

ഒരുപ്രാവശ്യം മാത്രം ഒന്നാം സ്ഥാനം കിട്ടിയിരുന്നെങ്കിൽ, കണക്കിലെ കള്ള കളി എന്നൊക്കെ വിചാരിച്ച് തള്ളിക്കളയാമായിരുന്നു. ഇതിപ്പോൾ, തുടർച്ചയായി ഒമ്പതു വർഷം!

അടുത്ത വണ്ടിപിടിച്ച് ഫിൻലൻഡിലേക്ക് പോയാലോ?

ഒരുവർഷത്തിൽ മൂന്നുമാസം മാത്രം, അല്പമെങ്കിലും സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശത്ത് എങ്ങനെയാണ് ജനങ്ങൾ ആസ്വദിച്ച് ജീവിക്കുന്നത്?.

ഏതാണ്ട് 5 മാസത്തോളം നീണ്ടു നിൽക്കുന്ന തണുപ്പുകാലത്ത് -30 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴേക്ക് പോകും.

എന്നിരുന്നാലും, അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം വളരെ  ഉയർന്നതാണ്.

ആരോഗ്യം, വിദ്യാഭ്യാസം, പെൻഷൻ എന്നിവയെല്ലാം കുറ്റമറ്റ രീതിയിൽ സർക്കാർ ജനങ്ങൾക്ക് എത്തിച്ചുകൊടുക്കുന്നു. പൊതുജനങ്ങൾക്ക്, സർക്കാർ സ്ഥാപനങ്ങളോടും, ഇടപാടുകളോടും വലിയ വിശ്വാസമാണുള്ളത്.

ഫിൻലൻഡിലെ , ജോലിക്കിടയിലുള്ള  ഒഴിവുവേളകൾ ആഘോഷിക്കാനുള്ളതാണ് എന്ന സംസ്കാരം ആയാസ രഹിതമായി ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ സഹായിക്കുന്നു.

പ്രകൃതിയുമായി ഇണങ്ങി ജീവിക്കാനായി, വളരെ അധികം പാർക്കുകളും അവിടെ നിർമ്മിച്ചിട്ടുണ്ട്.

എല്ലാറ്റിനും ഉപരിയായി, അഴിമതി രഹിത ഭരണ പ്രക്രിയ, പൊതുജന സുരക്ഷ ഉറപ്പുവരുത്തുന്നു.

ഇതെല്ലാം അറിഞ്ഞുകഴിഞ്ഞപ്പോൾ, അവിടെ സ്ഥിരതാമസം സാധ്യമായില്ല എങ്കിലും ഒരുപ്രാവശ്യമെങ്കിലും സന്ദർശിക്കണമെന്ന് ഉറപ്പിച്ചു.

അപ്പോഴാണ് മറ്റൊരുകാര്യം ആലോചിച്ചത്.

അല്ല, ഇത് ഭൂമിയിലെ സ്വർഗ്ഗം അല്ലെ, പക്ഷെ മരിച്ചുകഴിഞ്ഞാൽ ചെല്ലേണ്ട

സ്വർഗ്ഗത്തിൽ എത്തിപിടിക്കണമെങ്കിൽ, കുറെ വിശ്വാസവും ആചാരങ്ങളുമൊക്കെ ചെയ്യേണ്ടേ?

അതിനവിടെ സൗകര്യം ഉണ്ടാവുമോ?

വിരൽത്തുമ്പിൽ എല്ലാഅറിവുകളും ഇപ്പോൾ സാദ്ധ്യമാക്കി തന്നുകൊണ്ടിരിക്കുന്ന  “ഇന്റർനെറ്റിൽ " ഫിൻലൻഡിലെ മതങ്ങൾ" എന്ന് സെർച്ച് ചെയ്തു.

ഇവാൻജെലിക്കൽ ലൂഥറിൻ ചർച്ച് വിഭാഗത്തിൽ പെട്ടവരാണ് ഭൂരിഭാഗം ഫിൻലൻഡുകാരും. ക്രിസ്തുമസ്‌, ഈസ്റ്റർ, വിവാഹം, ഫ്യൂണറൽ എന്നീ സമയങ്ങളിൽ മാത്രമേ പലരും പള്ളികൾ സന്ദർശിക്കാറുള്ളു. ശരാശരി പള്ളി  സന്ദർശനം ഒരുവർഷ ത്തിൽ രണ്ടുതവണ മാത്രം.

ചുരുക്കത്തിൽ മതത്തിന് വ്യക്തികളുടെ മേലുള്ള നിയന്ത്രണം വളരെ ദുർബലം.

1900 മുതലുള്ള ചരിത്രം നോക്കിയാൽ മതമില്ലാത്തവരുടെ എണ്ണം കൂടിവരുന്നതായും കാണുവാൻ സാധിക്കും.

അയ്യോ! അപ്പോൾ അവരുടെ ആപ്ത വാക്യം

"മതമില്ലെങ്കിലും മനുഷ്യൻ നന്നായാൽ മതി" എന്നാണല്ലോ ?

ഫിൻലൻഡിലെ വിദ്യാലയങ്ങൾ തുല്യത, സഹവർത്തിത്വം, ബഹുമാനം എന്നിവക്കാണ് മുൻ‌തൂക്കം കൊടുത്തിരിക്കുന്നത്. സാമൂഹ്യ ബോധം, സാമൂഹ്യ നീതി, സാമൂഹ്യ പ്രതിബദ്ധത എല്ലാം തന്നെ വിദ്യാലയങ്ങൾ പഠിപ്പിക്കുന്നു.   സാക്ഷരത 100 ശതമാനം ആയിരിക്കുന്നതും രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചിരിക്കുന്നു.

വേൾഡ് ഹാപ്പിനെസ്സ് സ്കോർ റിപ്പോർട്ടിൽ, അമേരിക്കയുടെ സ്ഥാനം 23rd ആണെങ്കിൽ,  ഇന്ത്യയാകട്ടെ പരിതാപകരമായ 116 th സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. ഹാപ്പിനെസ്സ് സ്‌കോറിൽ ഏറ്റവും പിന്നിലുള്ളത് അഫ്ഘാനിസ്താനാണ്.

മരണശേഷമുള്ള സ്വർഗ്ഗം എന്നത് ഒരു വിശ്വാസം മാത്രമാകുന്നു. അത് ഉണ്ടെങ്കിൽ തന്നെ, കിട്ടാൻ സാദ്ധ്യത 50/50 ആകുന്നു. ഇതുവരെ മനുഷ്യർ വിക്ഷേപിച്ച സ്പേസ് വാഹനങ്ങൾക്കോ, ടെലിസ്കോപ്പുകൾക്കോ, ഉണ്ടെന്ന് പറയപ്പെടുന്ന സ്വർഗ്ഗത്തെ ഇതുവരെ  കണ്ടുപിടിക്കാൻ  സാധിച്ചിട്ടുമില്ല.

നമ്മൾക്ക് ചുറ്റും സ്വർഗ്ഗം നിർമിക്കുവാൻ എല്ലാവരും ശ്രമിച്ചിരുന്നു എങ്കിൽ,

എല്ലാ രാജ്യങ്ങളും ഫിൻലൻഡ്‌ പോലെ ആകുമായിരുന്നു. ഫിൻലൻഡുകാർ അവരുടെ രാജ്യം സ്വർഗ്ഗമാക്കി മാറ്റി, ഇപ്പോൾ അവർ അനുഭവിച്ചുകൊണ്ടിരിക്കുന്ന ജീവിതം തന്നെ ആഘോഷമാക്കി മാറ്റുന്നു. അവരുടെ മാതൃക പിന്തുടർന്നാൽ, എല്ലാ രാജ്യങ്ങളും സ്വർഗ്ഗമാവും.  അതിന് ഒരു മത വിശ്വാസത്തിന്റെയും ആവശ്യമില്ല എന്നും, പകരം ശാസ്ത്രീയമായ വിദ്യാഭാസത്തിലൂടെ,  പൗര ബോധവും, നീതിബോധവും, അഴിമതി രഹിതവുമായ തലമുറയെ രൂപപെടുത്തിയാൽ മാത്രം മതിയാവും എന്നുമാണ് ഫിൻലൻഡ്‌ നമ്മളെ പഠിപ്പിക്കുന്നത്.

https://www.smithsonianmag.com/smart-news/finland-is-named-the-happiest-country-in-the-world-for-the-ninth-year-in-a-row-180988388/

https://en.wikipedia.org/wiki/Religion_in_Finland

 

Join WhatsApp News
Sudhir Panikkaveetil 2026-09-16 12:43:23
"മതം വിടുക മനുഷ്യനാവുക" എങ്കിൽ ഭൂമിയിൽ സ്വർഗ്ഗം ഉണ്ട്. ഇത് ഞാൻ പറയുന്നതുകൊണ്ട് ഇതിനു വിലയുണ്ടാകില്ല. മതം മനുഷ്യരെ കൊന്നു തിന്നുന്ന ഒരു ദുഷ്ട ജന്തുവായി വിലസുന്നു. സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ആരോ (ദൈവം??) പറഞ്ഞുവച്ച കാര്യങ്ങൾ പറഞ്ഞു തമ്മിൽ തല്ലുന്നു. എന്തുകൊണ്ട് മനുഷ്യർക്ക് ഇന്ന് ജീവിച്ചുകൂടാ? മരിച്ചാൽ നഷ്ടപ്പെടാൻ പോകുന്ന സ്വർഗ്ഗം എന്ന നിശ്ചയമില്ലാത്ത ഒന്നിനുവേണ്ടി ക്രൂരതകൾ പെരുകുന്നു. "മാനം മീതെ മാണിക്യം കൊണ്ടൊരു മണിമാളികയുണ്ടോ അവിടെ മണ്ണിലെ മനുഷ്യന്റെ ജാതകം നോക്കുന്ന മാലാഖാമാരുണ്ടോ, ഉണ്ടായിരിക്കാം ഇല്ലായിരിക്കാം, കണ്ടിട്ടുള്ളവർ ഇല്ലല്ലോ" അങ്ങനെ ചിന്തിച്ചാൽ മതി. വിശ്വാസം കളയുക വേണ്ട പക്ഷെ അയല്പക്കക്കാരനെ കൊന്നിട്ടാകരുത്. ദുഖങ്ങൾക്ക് അവധി കൊടുത്ത് കുറച്ചു സമയത്തേക്കെങ്കിലും ശ്രീ സന്തോഷ് പിള്ളക്കൊപ്പം സ്വർഗത്തിൽ (ഫിൻലൻഡിൽ ) മുറിയെടുക്കാം.നന്ദി ശ്രീ പിള്ള ഇങ്ങനെ കൊതിപ്പിച്ചതിനു.
ജെ. മാത്യു 2026-09-16 13:47:52
ഫിൻലൻഡിന്റെ കൊടിയിൽ കാണുന്ന ആകുരിശാണ് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അടിസ്ഥാനം. അവർ ദിവസേന പള്ളിയിൽ പോകാറില്ലായിരിക്കും എന്നാൽ അവരുടെ ജീവിതം ക്രമീകരിച്ചിരിക്കുന്നത് ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്.
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-16 14:11:50
💥🔥മതം വിടാനോ, കൊറേ പുളിക്കും👹👹👹. തലമുറ തലമുറയീ ദീപശിഖ, കെടാതെ ഞങ്ങൾ കൈമാറും. ഭൂമിയിലെ 99 ശതമാനം ജനങ്ങളും മതത്തിന്റെ നുകത്തിൻ കീഴിൽ തന്നെ.അതായിക്കോട്ടേ, ഓരോരുത്തരുടെയും തലച്ചോറിന്റെ ചിന്താശേഷി, ഓരോരുത്തരുടെ സ്വാതന്ത്ര്യം. മറ്റുള്ളവരെ ഉപദേശിക്കാൻ തുടങ്ങുമ്പോൾ മാത്രമേ ബുദ്ധിമുട്ടുള്ളൂ. 🔹ഞങ്ങളുടേത് ശരി എന്ന് പറയുന്നിടത്തോളം നാം ok. 🔹ഞങ്ങളുടേത് മാത്രമാണ് ശരി എന്നു പറയുന്നതും പരിധിയിൽ തന്നെ ആണെന്ന് എനിക്ക് തോന്നുന്നു. ♦️പക്ഷേ ഞങ്ങളുടേത് 'മാത്രമാണ് ശരി' എന്നും , ബാക്കി ഒക്കെയും 'പൈശാജീകം' എന്നും പറഞ്ഞു തുടങ്ങുമ്പോളാണ് മതവും അതിന്റെ സൃഷ്ടിയായ ദൈവവും ചീഞ്ഞു നാറാൻ തുടങ്ങുന്നത്.🔸അവിടെ Red Flag പൊങ്ങും. അടിസ്ഥാനപരമായി നാമൊക്കെയും മനുഷ്യർ എന്ന ഒരു ജീവി വർഗ്ഗത്തിൽ പെട്ടവർ. ഭൂമിയെന്ന ഒരു വീട്ടിൽ താൽക്കാലത്തേക്ക് താമസിക്കുന്നവർ. ✳️Rejice
Sunil 2026-09-16 14:47:17
Thank you Santhosh Pillai, People of Finland go to church only 2 times a year. That is the main reason for their happiness. Dozens of pastors and priests and bishops do not bother them during their summer time. Let them stay blessed.
Sunil 2026-09-16 14:54:56
J. Mathew, it was the emperor of Constantinople, who used the sign of the cross on their flag for the first time.. That Constantinople is no more. It is a part of Turkey today with the name Istanbul. The cross did not help them.
ജെ. മാത്യു 2026-09-16 18:33:51
സുnilലെ emperor Constantine കുരിശ് ചിഹ്നം ഉപയോഗിച്ച് യുദ്ധം ചെയ്തു വിജയിക്കുകയും ചെയ്തു. നൂറ്റാണ്ടുകൾ ആസാബ്രാജ്യം നിലനിൽക്കുകയും ചെയ്തു. പിന്നീട് അറേബ്യൻ അധിനിവേശം ഉണ്ടാകുന്നത് വരെ അത് നിലനിന്നൂ.
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-16 19:01:44
💥🔥കുരിശ് ഒരിക്കലും ക്രിസ്തിയാനിയുടേതായിരുന്നില്ല എന്നാണ് എന്റെ അറിവ്. എവിടെ നിന്നോ കടം എടുത്തതാണ്. സത്യത്തിൽ മീൻ അല്ലേ original ക്രിസ്ത്യൻ ചിഹ്നം??? പോപ്പും അതാണ് ധരിച്ചിരിക്കുന്നത്. ആരെങ്കിലും - നമ്മുടെ വേണ്ടപ്പെട്ട ഒരാളെ ഒരു ആയുധം കൊണ്ട് ആരെങ്കിലും കൊന്നാൽ- ആ ആയുധം നമ്മുടെ ചിഹ്നമായിട്ട് ഉപയോഗിക്കുമോ??? ആാാ... 🫣... ✳️Rejice
Rejice നെടുങ്ങാ ഡ പ്പളളി®️ 2026-09-16 19:11:36
💥💥എവിടെ മതവും ദൈവവും നിർവീര്യപ്പെടുന്നുവോ, അവിടെയൊക്കെ സമാധാനവും പുരോഗതിയും സന്തോഷവും ഉണ്ട്‌. ഏതു രാജ്യവും എടുത്തു നോക്കൂ. എവിടെയൊക്കെ ദൈവത്തിന്റെ ആധിപത്യം കൂടുന്നുവോ, അവിടെയെല്ലാം ജനങ്ങൾ നരകീയ ജീവിതം ജീവിക്കുന്നു. അങ്ങനെയുള്ള രാജ്യങ്ങളിൽ നിന്നും ദൈവം ഇല്ലാത്ത രാജ്യങ്ങളിലേക്ക് ജനങ്ങൾ ജീവനും കൊണ്ട് ഓടുകയാണ്. അതല്ലേ fact??? കിട്ടുന്ന ബോട്ടിലും വള്ളത്തിലും, ട്രക്കിലും ചാടിക്കേറി , ദൈവം അധികം ഇല്ലാത്ത മറ്റു രാജ്യങ്ങളിലേക്ക് മനുഷ്യർ അനധികൃതമായി പോലും ചേക്കേറുന്നു... അതല്ലേ ദിവസവും നാം കണ്ടുകൊണ്ടിരിക്കുന്നത്.... 💪 ✳️Rejice
Santhosh Pillai 2026-09-16 19:27:17
കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ 160 ദിവസം മാതാപിതാക്കൾക്ക് paid leave ലഭിക്കും എന്നതും അവിടത്തെ പ്രത്യേകതയാകുന്നു.
ജെ.മാത്യു 2026-09-16 21:59:47
കുരിശ് ക്രിസ്ത്യനിയുടെതല്ലപോലും. ഇനി ഇതുപോലെ എന്തെല്ലാം വിഡ്ഡിത്തരം കേൾക്കാനിരിക്കുന്നു. റെജിയന്മാരുടെ പള്ളിയുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്നത് മീൻ ആണ്. പക്ഷേ ദുരെനിന്ന് നോക്കിയാൽ കുരിശാക്രിതിയിലാണെന്ന് മാത്രം. ഇതിലും എത്രയോ ഭേദമാണ് നോഹയുടെ പെട്ടകത്തിലെ മീനിന്റെയും തിമിംഗലത്തിന്റെയും കഥ. റെജിയന്മാരെ അറിയില്ലെന്കിൽ പറഞുതരാം ആദ്യകാലത്ത് ക്രിസ്ത്യാനികൾ വളരെ രഹസ്യമായിട്ടായിരുന്നു ഒത്തുകൂടിയിരുന്നത്. അക്കാലത്ത് കൊടിയ പീഢനമാണ് ക്രിസ്ത്യാനികൾ നേരിട്ടുകൊണ്ടിരുന്നത്. അവർ ഒരു രഹസ്യ അടയാളമായിട്ടാണ് മീനിന്റെ ചിത്രം ഉപയോഗിച്ചുകൊണ്ടുകുന്നത്.
Santhosh Pillai 2026-09-16 23:31:11
കുടിയേറ്റത്തിൻറെ പുതിയ നിർവചനം കൊള്ളാം. ദൈവാതിക പ്രസരമുള്ള പ്രദേശത്തുനിന്നും ദൈവമിത പ്രസരമുള്ള പ്രദേശത്തിലേക്കുള്ള പാലായനം. 😊😊😊
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-17 23:42:40
💥🔥"പാലായനം" അല്ല , 'പലായനം' എന്ന് എഴുതൂ.... 🤣 ✳️Rejice
Santhosh Pillai 2026-09-18 04:19:08
ദീർഘം എപ്പോഴും പ്രശ്നമാണ്, "പലായനം". 😊
G. Mathew 2026-09-18 13:50:30
G. Mathew. Comparing immigration to America, with immigration to Finland is, in many ways , like comparing apples and oranges. The two countries are built around very different philosophies of what a society should provide and how those benefits should be funded. We should remember that nothing is truly free in life; ultimately someone has to pay for housing, healthcare, childcare, education, and other social benefits, whether through taxes, personal expenses or a combination of both. When considering immigration, it is also important to look beyond economic benefits and consider how socially accepted and integrated an immigrant may feel in the country they choose. Finland has historically been relatively homogeneous society, while America is much more diverse and heterogeneous, with people from virtually every part of the world living together. For an Indian immigrant, these cultural and social differences can be especially significant. It’s worth asking why so many Indians choose to immigrate to America-a predominantly capitalist country-rather than to a socialist welfare state of Scandinavia. Perhaps the answer lies not only in economics, but also in opportunity, diversity, cultural familiarity, and the possibility of building a life within a society that has long been shaped by immigration. So in the end, each country has its own strengths and its own challenges. Choose the place that best suits your values and aspirations, relax, be happy, wherever you are- and as they say, drink some Kool-Aid !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക