Image

അച്യുതമേനോനും ദാമോദരനും (അച്യുതം-12: മാങ്ങാട് രത്‌നാകരൻ)

Published on 15 September, 2026
അച്യുതമേനോനും ദാമോദരനും (അച്യുതം-12: മാങ്ങാട് രത്‌നാകരൻ)

അച്യുതനും ദാമോദരനും ശ്രീകൃഷ്ണന്റെ പര്യായമാണ്. ഈശ്വരവിശ്വാസികളല്ലാത്ത സി.അച്യുതമേനോനും (1913-1991) കെ.ദാമോദരനും (1912-1976) അന്നത്തെ കാലത്തിന്റെ വിശേഷമനുസരിച്ച് അങ്ങനെ പേരുകൾ വീണു എന്നല്ലാതെ അക്കാര്യത്തിൽ വിശേഷിച്ചൊന്നും പറയാനില്ല. ദാമോദരന് ഒരു വർഷം മൂപ്പു കൂടും. അച്യുതമേനോൻ ദാമോദരനെക്കാൾ പതിന്നാലു വർഷം കൂടുതൽ ജീവിച്ചു, ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ മന്ത്രിയും പിന്നീട് മുഖ്യമന്ത്രിയുമായി. രാജ്യസഭാംഗം (1964-1971) ആയിരുന്നുവെങ്കിലും ദാമോദരന്റെ പാത അതായിരുന്നില്ല, 'കേരള മാർക്‌സ്' എന്ന് അറിയപ്പെട്ട ബുദ്ധിജീവിയും പ്രക്ഷോഭകാരിയുമായ കെ.ദാമോദരൻ, കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റായാണ് ഗണിക്കപ്പെടുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യപഥികനെന്നു വിശേഷിപ്പിക്കപ്പെടുന്ന പി.കൃഷ്ണപിള്ളയെക്കാൾ മുമ്പ്, കാശി വിദ്യാപീഠത്തിലെ പഠനകാലത്ത് ദാമോദരൻ കമ്യൂണിസ്റ്റായിരുന്നു. ഒരർത്ഥത്തിൽ അച്യുതമേനോനും ദാമോദരനും സമാന്തരപാതകളിലൂടെയാണ് സഞ്ചരിച്ചത്. എങ്കിലോ, അവർ കൂടിച്ചേരുന്ന ഇടങ്ങളും ഉണ്ടായിരുന്നു. അതിൽ പ്രധാനം, ഇന്ത്യൻ കമ്മ്യൂണിസം പിന്തുടർന്ന വഴി എത്രമാത്രം 'ഇന്ത്യ'നായിരുന്നു എന്ന അന്വേഷണത്തിൽ അവർ മുഴുകിയിരുന്നു എന്നതാണ്. ദാമോദരന്റെ മരണത്തിന്റെ അമ്പതാം വർഷത്തിൽ ഒരു തിരിഞ്ഞുനോട്ടത്തിനു പ്രത്യേക പ്രസക്തിയുണ്ട്.

വളരെ കൗതുകകരമായ ഒരു കാര്യം, ഇരുവരുടെയും ആദ്യകാല ജീവചരിത്രത്തിൽ നിന്നു നാം മനസ്സിലാക്കും. അച്യുതമേനോനും ദാമോദരനും സർഗ്ഗാത്മക സാഹിത്യകാരന്മാരായിട്ടായിരുന്നു രംഗത്തുവന്നത്. കെ.ദാമോദരൻ കവിതയും ചെറുകഥയും എഴുതി, കണ്ണുനീർ എന്ന പേരിൽ ഒരു ചെറുകഥാസമാഹാരം പ്രസിദ്ധീകരിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയുടെ നിർദ്ദേശപ്രകാരം, ഒരു പ്രചാരണനാടകം എഴുതി: പാട്ടബാക്കി. ആ നാടകം പ്രചാരണത്തിന്റെ സീമകളെ അതിലംഘിച്ച് മനുഷ്യകഥാനുഗായിയായ ഒരു കലാസൃഷ്ടിയായിത്തീർന്നു. നാടകകൃത്തും കലാമർമ്മജ്ഞനുമായിരുന്ന സി.ജെ.തോമസ് ഈ നാടകത്തെ വാഴ്ത്തിയിട്ടുണ്ടെന്ന് ഓർക്കാവുന്നതാണ്. ദാമോദരൻ സർഗ്ഗാത്മക സാഹിത്യത്തെ കൈവിട്ടെങ്കിലും. സാഹിത്യനിരൂപണങ്ങൾ ധാരാളമായി എഴുതി. പിന്നെ, സ്വന്തമായ മേഖല കണ്ടെത്തി. അത് തത്ത്വചിന്തയായിരുന്നു. ഭാരതീയചിന്തയെക്കുറിച്ച് ദാമോദരൻ ആഴത്തിൽ അന്വേഷിച്ചു. മാർക്‌സിസ്റ്റ് വീക്ഷണത്തിന്റെ വെളിച്ചത്തിൽ ഇന്ത്യൻ ദർശനത്തെ വ്യാഖ്യാനിക്കുകയായിരുന്നു ദാമോദരൻ. അച്യുതമേനോൻ ചെറുകഥയിലും നാടകത്തിലും പയറ്റി, തന്നെക്കാൾ കേമന്മാർ ആ രംഗത്തുണ്ടെന്നു തിരിച്ചറിഞ്ഞ് പിൻവാങ്ങി. ദർശനമോ സിദ്ധാന്തമോ അച്യുതമേനോന്റെ മുൻഗണനയായിരുന്നില്ല . പക്ഷേ സാഹിത്യനിരൂപണത്തെ പാടേ കൈയൊഴിഞ്ഞതുമില്ല.

ഫോട്ടോകൾ: പുനലൂർ രാജൻ

ലോക കമ്യൂണിസത്തിന്റെ ആരാധ്യബിംബമായിരുന്ന ജോസഫ് സ്റ്റാലിൻ മരിച്ച് (1953) മൂന്നുവർഷം കഴിഞ്ഞ് (1956) സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം കോൺഗ്രസ്സിൽ, സ്റ്റാലിനുശേഷം അനിഷേധ്യ നേതാവായിത്തീർന്ന നികിത ക്രൂഷ്‌ച്ചേവ്, സ്റ്റാലിന്റെ സ്വേച്ഛാധിപത്യത്തെക്കുറിച്ചും അതിക്രമങ്ങളെക്കുറിച്ചും വെളിപ്പെടുത്തിയപ്പോൾ, പാശ്ചാത്യലോകത്തിൽ ഉണ്ടായ കോളിളക്കങ്ങളും പിളർപ്പുകളും ഉണ്ടായി. എന്നാൽ സ്റ്റാലിൻ ഭക്തിയിൽ മതിമറന്ന ഇന്ത്യൻ കമ്യൂണിസ്റ്റുകാർക്കിടയിൽ കാര്യമായ ചാഞ്ചല്യമൊന്നും ഉണ്ടായില്ല, അച്യുതമേനോനു പക്ഷേ ഈ വിധേയത്വത്തോട് പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. ''കുറേ ദിവസത്തെ ആലോചനയ്ക്കുശേഷം അദ്ദേഹം പാർട്ടിയിൽ നിന്നു രാജിവച്ചുപോകാൻതന്നെ തീരുമാനിച്ചു. രാജിക്കത്ത് പാർട്ടിയുടെ സംസ്ഥാനകമ്മിറ്റിയാഫീസിൽ നൽകിയതിനുശേഷം മനസ്സമാധാനത്തിനും വിശ്രമത്തിനുമായി അദ്ദേഹം കൊടുങ്ങല്ലൂരിലെ ഭാര്യാഗൃഹത്തിലേക്കു പോയി... ഉൾപ്പാർട്ടി സമരങ്ങളിൽ അച്യുതമേനോന്റെ മിതവാദനിലപാടുകളോട് യോജിപ്പുള്ള ആളായിരുന്നു ദാമോദരൻ എന്നു പറഞ്ഞിട്ടുണ്ടല്ലോ... അച്യുതമേനോനെ തിരികെ കൊണ്ടുവരാൻ ഏറ്റവും കഴിവുള്ളയാൾ അദ്ദേഹം തന്നെയായിരുന്നു. ദാമോദരൻ നേരെ കൊടുങ്ങല്ലൂരിലേക്കു പോയി, അച്യുതമേനോനുമായി ഒരുദിവസം മുഴുവനും സംവാദം നടത്തി. ഒടുവിൽ അച്യുതമേനോൻ ദാമോദരനോടു യോജിക്കുകയും പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ തിരിച്ചെത്തി രാജിക്കത്ത് പിൻവലിക്കുകയും ചെയ്തു,'' കെ.ദാമോദരന്റെ അപഗ്രഥനാത്മക ജീവചരിത്രത്തിൽ (കെ.ദാമോദരൻ പോരും പൊരുളും, എസ്.പി.സി.എസ്, 2011) പി.ഗോവിന്ദപ്പിള്ള എഴുതുന്നു. ക്രൂഷ്‌ച്ചേവിന്റെ സ്റ്റാലിൻ വിമർശനം വലിയ ആഘാതമാണ് ദാമോദരനിൽ ഉണ്ടാക്കിയത്, സ്റ്റാലിൻ അനുകൂലികൾക്കെതിരെ ക്രൂഷ്‌ച്ചേവിനെ ഉയർത്തിക്കാട്ടുകയും ചെയ്തു.

ക്രൂഷ്‌ച്ചേവ് സ്റ്റാലിനെ തള്ളിപ്പറഞ്ഞെങ്കിലും സോവിയറ്റ് യൂണിയന്റെ സ്റ്റാലിനിസ്റ്റ് ഏകാധിപത്യപ്രവണതയ്ക്ക് ദാമോദരൻ സാക്ഷിയായി. ഹംഗറിയിലെ യുവാക്കളുടെ കലാപത്തെ (1956) സോവിയറ്റ് യൂണിയൻ നിഷ്ഠുരമായി അടിച്ചമർത്തി. ഒരു വ്യാഴവട്ടത്തിനുശേഷം (1968) ചെക്കോസ്ലാവാക്യയിലെ പ്രാഗ് വസന്തത്തെയും.  ഹംഗറി പ്രശ്‌നത്തിൽ യാഥാസ്ഥിതിക നിലപാട് സ്വീകരിച്ച ദാമോദരൻ ചെക്കോസ്ലോവാക്യ പ്രശ്‌നത്തിൽ പാർട്ടിക്കകത്ത് സോവിയറ്റ് വിരുദ്ധചേരിയിലാണ് നിലകൊണ്ടത്. പാർട്ടിക്കകത്ത് ഭൂരിപക്ഷം നേടാനായെങ്കിലും പാർട്ടി ദാമോദരനെ പരസ്യമായി ശാസിക്കുകയാണുണ്ടായത്. മരണത്തിനു മുമ്പുള്ള വർഷങ്ങളിൽ, പാർട്ടിയുടെ ആദ്യകാല ജനറൽ സെക്രട്ടറിയായിരുന്ന (1935-1947) പി.സി.ജോഷിയുമായി ചേർന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രവുമായി ബന്ധപ്പെട്ട രേഖകളുടെ സമാഹരണത്തിലും ഗവേഷണത്തിലുമായിരുന്നു ദാമോദരൻ. അടിയന്തരാവസ്ഥയ്ക്കു തൊട്ടുമുമ്പ് ബ്രിട്ടണിലെ ന്യൂ ലഫ്റ്റ് റിവ്യുവിലെ ഉശിരൻ കമ്യൂണിസ്റ്റ് താരിഖ് അലിക്കനുവദിച്ച അഭിമുഖത്തിൽ കെ.ദാമോദരൻ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തെ നിശിതമായി വിശലനം ചെയ്യുന്നുണ്ട്. (ഒരു ഇന്ത്യൻ കമ്യൂണിസ്റ്റിന്റെ സ്മരണകൾ, എഡിറ്റർ: ടി.ടി.ശ്രീകുമാർ, പ്രസക്തി ബുക് ഹൗസ്, പത്തനംതിട്ട, 2026).


ഫോട്ടോകൾ: പുനലൂർ രാജൻ

അച്യുതമേനോന് മുഖ്യമന്ത്രിയായിരിക്കെ അധികാരരാഷ്ട്രീയവുമായി സമരസപ്പെടേണ്ടിവന്നു. അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹം നൈതികജാഗ്രത പാലിച്ചില്ല. മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി, ആഭ്യന്തരമന്ത്രിയായിരുന്ന കെ.കരുണാകരനാണ് ഭരണം കയ്യാളിയത് എന്നുപോലും പറയാം. രാജൻ സംഭവവും മറ്റു നിരവധി മനുഷ്യാവകാശ ലംഘനങ്ങളും അക്കാലത്തു നടന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം അച്യുതമേനോൻ സജീവരാഷ്ട്രീയത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയും ചെയ്തു.

അച്യുതമേനോന് നാലു വയസ്സുള്ളപ്പോഴാണ് മഹത്തായ ഒക്‌ടോബർ വിപ്ലവം നടക്കുന്നത്. അച്യുതമേനോൻ ചരിത്രത്തിൽ ലയിച്ച വർഷത്തിൽത്തന്നെ (1991) മാനവരാശിയുടെ ചരിത്രത്തിലെ മഹാസംഭവമായ ഒക്‌ടോബർ വിപ്ലവം ജന്മം നൽകിയ സോവിയറ്റ് യൂണിയനും ഭൂപടത്തിൽ നിന്ന് എന്നേയ്ക്കുമായി മാഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക