
ഇരുളിന് മറ മാറി, തേജ: പൊന്‍വിളക്കുമായ്,
പുലര്‍കന്യകയെഴുന്നള്ളുന്നു പ്രഭാമയി;
വാസ്തു ശില്പങ്ങള് യശ:സ്തംഭങ്ങളുയര്‍ത്തിയ,
കോണ്ക്രീറ്റുവനമായ നഗരം മഹാത്ഭുതം;
മാനത്തെ സിന്ദുരപ്പൊട്ടണിയാന് തലപൊക്കി,
നോക്കിടുന്നിണസൗധം, ശ്രേണികള്‍ ശതദ്ദശം;
കുടിയേറ്റക്കാര്‍ക്കെന്നും സ്വാഗതമര്‍പ്പിക്കുന്ന,
ന്യൂയോര്‍ക്കില്‍ വിജയധ്വജങ്ങളാവമുന്നില്;
ഉറ്റുനോക്കുന്നതെന്തേ, കരത്തില്‍ വിളക്കേന്തി,
സ്വാതന്ത്ര്യസുരാംഗന, വിഷണ്ണമാണാമുഖം;
മഞ്ഞുതുള്ളിയില്‍ വര്‍ണ്ണ രാജികള്‍ വിരിയുന്ന
വശ്യതയവള്‍ക്കിന്ന് പേടിസ്വപ്നമായെന്നോ?
ആരവ മുയരുന്നു വീഥിയില്‍ പലതരം,
വാഹനവ്യൂഹം പാഞ്ഞുപോകുന്നു നിരന്തരം;
നഭസ്സില്‍ മുഴക്കമോ? വെള്ളിയിടിയല്ല, വഴി-
തെറ്റിയ യന്ത്രപ്പക്ഷി ചിറകിട്ടടിക്കയായ്-
കെട്ടിടമൊന്നിന് നേര്‍ക്ക്, സര്വശക്തിയോടതാ,
ഞെട്ടിപ്പോയടിത്തറ, പെട്ടെന്ന് കുലുക്കമായ്;
നടുങ്ങുമിരട്ടതന്‍ കദനം തീര്‍ക്കും മട്ടില്‍,
അതിവേഗത്തില്‍ വീണ്ടുമാഞ്ഞുവന്നിടക്കയായ്;
അഗ്നിപുഷ്പങ്ങള്‍ പൊട്ടിവിടര്‍ന്നു പരിസരം-
ധൂസരമായി, തിങ്ങിധൂമപാളികളെങ്ങും;
മരണം പറന്നെത്തിപ്പുണരും നിമിഷങ്ങള്‍,
ഗതികെട്ടവര്‍ പ്രാണരക്ഷയ്ക്കായുഴന്നോടി;
ദുഷ്ടതയാളിക്കത്തി, ദിക്കുകള്‍ പകച്ചുപോയ്,
നേട്ടങ്ങളെരിഞ്ഞുടന്‍ ചുടലക്കളമായി;
എന്തൊരു കൊടുംചതി, യാരുടെ കടും കൈകള്‍?
പെന്റഗണിതേഗതി, യൊക്കെയും നെരിപ്പോടായ്;
തീനാവിലീയല്‍ കണക്കെത്രപേര്‍, ദുരന്തത്തില്‍-
ബാക്കി പത്രങ്ങള്‍, ദു:ഖക്കടലില്‍ കുടുംബക്കാര്;
ഭീകരാക്രമണത്തില്‍ ശപ്തമാം മുഹൂര്‍ത്തങ്ങള്‍,
ജീവിതം കരിക്കട്ടയാക്കിയ ചരിത്രമായ;
മാരക വിഷാണുക്കള്‍ വിതച്ച് മൃതികൊയ്തു!
ചേതന മദിക്കുന്നു, മനുഷ്യപ്പിശാചായി;
വെണ്ണീറിലമരുന്നു ബുദ്ധിശക്തികള്‍ ക്ഷണം!
കണ്ണുനീരലകളിലുള്‍ത്തുടിപ്പുകള്‍ മാത്രം;
കാലത്തിന് കരുത്തുറ്റ കരലാളനംമൂലം,
വിരഹാതപമലിഞ്ഞകലും മറവിയായ്;
നാഗരീകതേ, സ്വേദമുത്തുകള്‍ വിളയിച്ച്,
മാനവ മനീഷയിലുണര്‍ന്ന സാക്ഷ്യങ്ങളേ,
അധമ ഹൃദയങ്ങള്‍ പകയാല്‍ കൊളുത്തുന്ന
പട്ടടയില്‍ നിന്നുയിര്‍ക്കൊള്ളുമോ ഫീനിക്സ് പോല്‍.
ന്യൂയോര്‍ക്കിന്റെ അഭിമാനഗോപുരങ്ങളായ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തില്‍ തകര്‍ന്നതിനെക്കുറിച്ചാണ് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്.