Image

അവര്‍ മികച്ച നടിയാണ്, ഒരാളെ പരിഹസിക്കാനുള്ള അവകാശമൊന്നും ആര്‍ക്കും നല്‍കുന്നില്ല; ഉര്‍വശിയെ വിമര്‍ശിച്ച് അവന്തിക മോഹന്‍

Published on 15 September, 2026
 അവര്‍ മികച്ച നടിയാണ്, ഒരാളെ പരിഹസിക്കാനുള്ള അവകാശമൊന്നും ആര്‍ക്കും നല്‍കുന്നില്ല; ഉര്‍വശിയെ വിമര്‍ശിച്ച് അവന്തിക മോഹന്‍

 

നിര്‍മാതാവ് സുപ്രിയ മേനോന് പിന്നാലെ സിനിമ ഇംഗ്ലിഷില്‍ സംസാരിച്ച അവതാരകയെ പിന്തുണച്ച് നടി അവന്തിക മോഹനും.

ആശ സിനിമയുടെ പ്രമോഷിനിടെയാണ് ഇംഗ്ലീഷില്‍ സംസാരിച്ച അവതാരകയെ ദക്ഷ രവീന്ദ്രനാഥിനെ നടി ഉര്‍വശി പരിഹസിച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു.

മലയാളം അറിയാമെന്നത് മറ്റൊരാളെ പരിഹസിക്കാനുള്ള അവകാശമല്ലെന്നും, മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്നതിലാണ് യഥാര്‍ഥ 'സീനിയോറിറ്റി' പ്രതിഫലിക്കുന്നതെന്നും അവന്തിക തുറന്നടിച്ചു.

''മലയാളം അറിയാം എന്നത് ഇംഗ്ലിഷ് സംസാരിക്കുന്ന ഒരാളെ പരിഹസിക്കാനുള്ള അവകാശമൊന്നും ആര്‍ക്കും നല്‍കുന്നില്ല, ഇംഗ്ലിഷ് സംസാരിക്കുന്നത് കൊണ്ട് ആരും ഉയര്‍ന്നവരാകുന്നുമില്ല. ഒരാളെ മലയാളത്തില്‍ സംസാരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത് ഒരു കാര്യമാണ്, എന്നാല്‍ ഇംഗ്ലിഷ് സംസാരിച്ചതിന്റെ പേരില്‍ അവരെ കേവലം പരിഹസിക്കുന്നത് വേറൊരു കാര്യമാണ്. ഭാഷകള്‍ കഴിവുകളാണ്, അല്ലാതെ ബുദ്ധിയുടെയോ വര്‍ഗത്തിന്റെയോ സ്വഭാവത്തിന്റെയോ അളവുകോലുകളല്ല

ആ അവതാരക അസ്വസ്ഥാജനകമായ നിമിഷത്തെ വളരെ മാന്യതയോടെയും അത്യന്തം ശാന്തതയോടെയുമാണ് കൈകാര്യം ചെയ്തത്. മറ്റുള്ളവരോട്, പ്രത്യേകിച്ച് തങ്ങളാല്‍ കഴിയുന്നത്ര നന്നായി കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നവരോട് നിങ്ങള്‍ എങ്ങനെ പെരുമാറുന്നു എന്നതിലാണ് യഥാര്‍ഥ സീനിയോറിറ്റി പ്രതിഫലിക്കുന്നത്.

അവര്‍ തീര്‍ച്ചയായും ഒരു മികച്ച നടി തന്നെയാണ്, എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇത്തരം നിമിഷങ്ങള്‍ ഒരാളുടെ സ്വഭാവത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. ഈ രംഗം സത്യത്തില്‍ എന്നെ വളരെ അസ്വസ്ഥയാക്കി; ആ ആങ്കറുടെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കില്‍ എന്ത് ചെയ്യുമായിരുന്നു എന്ന് എനിക്ക് ഒരു ഊഹവുമില്ല. അവരോട് എനിക്ക് ഒരുപാട് സ്‌നേഹം തോന്നുന്നു.''-അവന്തികയുടെ വാക്കുകള്‍.

വിമര്‍ശനം സ്വകാര്യമാകാം, ബഹുമാനം പരസ്യമായി നല്‍കണം' എന്ന് വ്യക്തമാക്കി കാള്‍ ലഫ്രനൈസ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ സിനിമാ രംഗത്തുള്ളവരുടെ പ്രധാന ചര്‍ച്ചാകേന്ദ്രം.

ഈ പോസ്റ്റിന് താഴെ തന്നെയാണ് ഇംഗ്ലീഷ് ഭാഷയോടുള്ള മലയാളികളുടെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്തുകൊണ്ട് സുപ്രിയ മേനോനും കമന്റ് ചെയ്തത്.  നമ്മുടെ മക്കളെ ഇംഗ്ലിഷ് മീഡിയത്തില്‍ പഠിപ്പിക്കുകയും വിദേശത്തേക്ക് അയക്കുകയും ചെയ്യുന്ന സമൂഹം, ഒരാള്‍ ഇംഗ്ലീഷ് സംസാരിക്കുമ്പോള്‍ അതിനെ ധാര്‍ഷ്ട്യമായി കാണുന്നത് എന്തുകൊണ്ടാണെന്ന് സുപ്രിയ ചോദിച്ചിരുന്നു.  

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക