
ചില ദിവസങ്ങൾ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്തവയായി മാറും. 2026 ഓഗസ്റ്റ് 7 ഫിലിപ്പോസ് ഫിലിപ്പിന് അത്തരമൊരു ദിവസമായിരുന്നു. ഫൊക്കാനയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷം. അതിന് പിന്നാലെ, ഓഗസ്റ്റ് 10ന് മൂത്ത മകൻ ഒരു പെൺകുഞ്ഞിന്റെ പിതാവായതിന്റെ ആഹ്ലാദം. സംഘടനാ ജീവിതത്തിലെ നിർണായക വിജയവും കുടുംബത്തിലേക്ക് എത്തിയ പുതിയ അതിഥിയും ചേർന്നപ്പോൾ ഓഗസ്റ്റ് മാസം ഫിലിപ്പോസിന് ഇരട്ടിമധുരത്തിന്റേതായി.
എന്നാൽ, ആഘോഷത്തിനപ്പുറം ഫിലിപ്പോസ് ഫിലിപ്പിനെ കാത്തിരിക്കുന്നത് വലിയ ഉത്തരവാദിത്വമാണ്. നിരവധി സംഘടനകളും അഭിപ്രായങ്ങളും തലമുറകളും ഒരുമിക്കുന്ന ഫൊക്കാനയെ അടുത്ത രണ്ടു വർഷം എങ്ങനെ നയിക്കുമെന്നതാണ് ഇനി പ്രധാനം.
'ടീം ഇന്റഗ്രിറ്റി' മുന്നോട്ടുവച്ച വാഗ്ദാനങ്ങളുമായി വിജയിച്ച ഫിലിപ്പോസ് ഫിലിപ്പ്, തന്റെ ദീർഘകാല സംഘടനാ അനുഭവത്തിന്റെയും പ്രവാസിജീവിതത്തിന്റെയും വെളിച്ചത്തിൽ ഫൊക്കാനയുടെ ഭാവിയെക്കുറിച്ച് സംസാരിക്കുന്നു. വിജയത്തിന്റെ ആവേശത്തേക്കാൾ ഉത്തരവാദിത്വത്തിന്റെ ബോധമാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ തെളിയുന്നത്. ഫൊക്കാനയിൽ ജയിച്ചത് ഒരു വ്യക്തിയോ പാനലോ അല്ല, സംഘടന തന്നെയാകണമെന്ന ചിന്തയാണ് പുതിയ പ്രസിഡന്റിന്റെ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്നത്.

ഓഗസ്റ്റ് 7 താങ്കളുടെ ജീവിതത്തിലെ ഒരു പ്രധാന ദിനമായിരുന്നല്ലോ. അതിന് പിന്നാലെ ഓഗസ്റ്റ് 10ന് മുത്തച്ഛനുമായി. ആ ദിവസങ്ങളെ എങ്ങനെയാണ് ഓർക്കുന്നത്?
തീർച്ചയായും, ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളിലൊന്നായിരുന്നു അത്. ഓഗസ്റ്റ് 7ന് ഫൊക്കാനയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ലാദം. അതിന് മൂന്ന് ദിവസത്തിന് ശേഷം, ഓഗസ്റ്റ് 10ന് മൂത്ത മകൻ ഒരു പെൺകുഞ്ഞിന്റെ പിതാവായി. അങ്ങനെ തുടർച്ചയായ സന്തോഷങ്ങളായിരുന്നു.
മുത്തച്ഛനാകുന്നതിന്റെ അനുഭൂതി വ്യത്യസ്തമാണ്. അതേസമയം, വർഷങ്ങളായി ഹൃദയത്തോട് ചേർത്തുവച്ചിരിക്കുന്ന ഫൊക്കാനയുടെ നേതൃത്വം ലഭിച്ചത് മറ്റൊരു വലിയ ഉത്തരവാദിത്വമാണ്.
പേരക്കുട്ടിക്ക് ഫൊക്കാന എന്ന് പേരിടണമെന്ന തമാശ പോലും എനിക്ക് വലിയ സന്തോഷമാണ് നൽകിയത്.
ദീർഘകാല സംഘടനാ പ്രവർത്തനത്തിന് കുടുംബത്തിന്റെ പിന്തുണ എത്രത്തോളം പ്രധാനമാണ്?
വളരെ പ്രധാനമാണ്. കുടുംബത്തിന്റെ പിന്തുണയില്ലാതെ ഇത്രയും വർഷം സംഘടനാ പ്രവർത്തനത്തിൽ തുടരാൻ കഴിയില്ല.
യോഗങ്ങൾ, യാത്രകൾ, കൺവെൻഷനുകൾ—ഇതെല്ലാം കുടുംബജീവിതത്തിൽ നിന്ന് സമയമെടുക്കുന്നു. അതുകൊണ്ടുതന്നെ എന്റെ കുടുംബം നൽകിയ പിന്തുണയോട് എനിക്ക് വലിയ നന്ദിയുണ്ട്.
ഒരു നേതാവിന്റെ വിജയത്തിന് പിന്നിൽ പലപ്പോഴും ഒരു കുടുംബത്തിന്റെ ത്യാഗമുണ്ടാകും.

ഫൊക്കാനയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ എങ്ങനെ കാണുന്നു? ഈ വിജയത്തിന് പിന്നിലെ പ്രധാന ഘടകം എന്തായിരുന്നു?
ഇത് ഒരു വ്യക്തിയുടെ വിജയമല്ല. ഞങ്ങൾ രൂപീകരിച്ച മികച്ച ടീമിന്റെ കൂട്ടായ പ്രവർത്തനമാണ് വിജയത്തിന് പിന്നിൽ. വിവിധ മേഖലകളിൽ പ്രാവീണ്യമുള്ള പ്രൊഫഷണലുകളും യുവാക്കളും പരിചയസമ്പന്നരുമെല്ലാം ഉൾപ്പെട്ട ശക്തമായ ടീമാണ് ഞങ്ങൾ രൂപീകരിച്ചത്.
ആ ടീമിന്റെ പ്രവർത്തനവും ആത്മവിശ്വാസവുമാണ് വിജയത്തിന് പ്രധാന കാരണം.
പുതിയ ഭരണസമിതിയുടെ പ്രവർത്തനരീതി എങ്ങനെയായിരിക്കും?
സാധാരണയായി ഫൊക്കാനയുടെ പ്രവർത്തനങ്ങൾ കൺവെൻഷനെ ചുറ്റിപ്പറ്റിയാണ് നടക്കുന്നത്. അതിൽ മാറ്റം വരുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം.
കൺവൻഷനോട് അനുബന്ധമായി മാത്രം കമ്മിറ്റികൾ പ്രവർത്തനം തുടങ്ങുന്ന രീതിയല്ല, എപ്പോഴും സജീവമായും കാര്യക്ഷമമായും പ്രവർത്തിക്കുന്ന ഒരു സംഘടനയായി ഫൊക്കാനയെ മാറ്റാനാണ് ശ്രമം. ഓരോ കമ്മിറ്റിക്കും വ്യക്തമായ ഉത്തരവാദിത്വവും പ്രവർത്തനലക്ഷ്യങ്ങളും നൽകും.

മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും സംരക്ഷണത്തിന് താങ്കളുടെ ഭരണസമിതി എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്?
മലയാള ഭാഷയും സംസ്കാരവും നിലനിർത്തുക എന്നത് ഞങ്ങളുടെ പ്രധാന ദൗത്യങ്ങളിലൊന്നാണ്. സാഹിത്യ പ്രവർത്തനങ്ങൾ ഒരു കൺവെൻഷനിലെ ഒന്നോ രണ്ടോ സെമിനാറുകളിൽ ഒതുക്കാതെ വർഷം മുഴുവൻ നടത്തും.
സാഹിത്യ സെമിനാറുകൾ, ചർച്ചകൾ, ഫോറങ്ങൾ എന്നിവ തുടർച്ചയായി സംഘടിപ്പിക്കും. അമേരിക്കയിലെ സ്കൂളുകളിലും കോളേജുകളിലും മലയാളം ഒരു അധിക വിഷയമായോ ഐച്ഛിക വിഷയമായോ പഠിപ്പിക്കാനുള്ള സാധ്യതകളും പരിശോധിക്കും.

രണ്ടാം-മൂന്നാം തലമുറയിലെ മലയാളി കുട്ടികൾക്ക് കേരളവുമായും മലയാള സംസ്കാരവുമായും ബന്ധം നിലനിർത്താൻ എന്താണ് പദ്ധതി?
പുതുതലമുറയെ കേരളവുമായി കൂടുതൽ അടുപ്പിക്കുകയാണ് ലക്ഷ്യം. കരിയർ-എജ്യുക്കേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപകാരപ്രദമായ പരിപാടികൾ ആലോചിക്കുന്നുണ്ട്.
അമേരിക്കയിലെ കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്ന് സർവകലാശാലകളുമായും വിവിധ സ്ഥാപനങ്ങളുമായും സംവദിക്കാനുള്ള അവസരങ്ങൾ ഒരുക്കാനും ശ്രമിക്കും. ഓൺലൈൻ മലയാള വിദ്യാഭ്യാസ പരിപാടികളുമായി സഹകരിക്കാനും ആലോചനയുണ്ട്.
മലയാള ഭാഷ സംരക്ഷിക്കുന്നതിൽ ഫൊക്കാനയുടെ സമീപനം എങ്ങനെ കൂടുതൽ ഫലപ്രദമാക്കും?
ഓരോ പദ്ധതിക്കും വ്യക്തമായ ലക്ഷ്യങ്ങളും അതിന്റെ പുരോഗതി അളക്കാനുള്ള മാനദണ്ഡങ്ങളും ഉണ്ടാകും. എന്താണ് നമ്മൾ നേടിയത്, ലക്ഷ്യം എത്രത്തോളം കൈവരിച്ചു, ഇനി എന്താണ് ചെയ്യേണ്ടത് എന്നെല്ലാം വിലയിരുത്തുന്ന സിസ്റ്റമാറ്റിക് രീതിയിലാണ് പ്രവർത്തനം.

പ്രവാസി മലയാളികളുടെ നിക്ഷേപവും അറിവും കേരളത്തിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് താങ്കളുടെ കാഴ്ചപ്പാട്?
കേരളത്തിൽ നിക്ഷേപിക്കാൻ താൽപര്യമുള്ള നിരവധി പ്രവാസികളുണ്ട്. ഇതിനായി ബിസിനസ് ഫോറം രൂപീകരിച്ചിട്ടുണ്ട്. വിവിധ മേഖലകളിൽ നിന്നുള്ള പ്രഗത്ഭരായ ബിസിനസുകാരെ ഉൾപ്പെടുത്തി സെമിനാറുകളും ചർച്ചകളും സംഘടിപ്പിക്കും.
കേരള സർക്കാരുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
ലോക കേരള സഭയെക്കുറിച്ചുള്ള താങ്കളുടെ നിലപാട് എന്താണ്? അതിന്റെ പ്രസക്തി നിലനിൽക്കുന്നുണ്ടോ?
ലോക കേരള സഭ പോലൊരു വേദി തീർച്ചയായും ആവശ്യമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾക്ക് കേരളവുമായി ബന്ധപ്പെടാനും അവരുടെ പ്രശ്നങ്ങളും അഭിപ്രായങ്ങളും നേരിട്ട് അവതരിപ്പിക്കാനും ഒരു വേദി വേണം.
എന്നാൽ തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യമായിരിക്കണം. പ്രവാസി സംഘടനകളുടെ പ്രതിനിധികൾക്കും വിവിധ മേഖലകളിലെ പ്രഗത്ഭർക്കും അതിൽ കൂടുതൽ പങ്കാളിത്തം നൽകണം.
ലോക കേരള സഭയെക്കുറിച്ച് മുൻ സർക്കാർ പണം ധൂർത്തടിക്കുന്നു എന്ന തരത്തിലുള്ള ആക്ഷേപങ്ങൾ ഉയർന്നിരുന്നു. അതുകൊണ്ടുതന്നെ, മിതത്വം പാലിച്ചുകൊണ്ട് പ്രവാസികളും സർക്കാരും തമ്മിൽ കൂടുതൽ ഫലപ്രദമായ കൊടുക്കൽ-വാങ്ങൽ എങ്ങനെ സാധ്യമാക്കാമെന്ന് പുതിയ സർക്കാർ ചിന്തിക്കുമെന്നാണ് പ്രതീക്ഷ.
വയലാർ രവി പ്രവാസികാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്ന കാലത്ത് ഒട്ടേറെ ക്ഷേമപ്രവർത്തനങ്ങൾ പ്രവാസികൾക്കായി നടത്തിയിരുന്നു. അതുകൊണ്ടുതന്നെ, പുതിയ ഭരണത്തിൽ പ്രവാസികളുടെ ക്ഷേമത്തിനും അവരുടെ പ്രശ്നങ്ങൾക്കും കൂടുതൽ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഫൊക്കാനയ്ക്ക് സ്വന്തമായി ആസ്ഥാനം വേണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നുണ്ട്. താങ്കളുടെ നിലപാട് എന്താണ്?
ഇപ്പോഴത്തെ സാഹചര്യത്തിൽ സ്ഥിരമായ ഹെഡ്ക്വാർട്ടേഴ്സ് പ്രായോഗികമല്ലെന്നാണ് എന്റെ അഭിപ്രായം. പ്രസിഡന്റുമാർ വിവിധ പ്രദേശങ്ങളിൽ നിന്നാണ് വരുന്നത്. അതിനാൽ സ്ഥിരമായ കെട്ടിടം ഉണ്ടാക്കുന്നതിന്റെ സാമ്പത്തികവും ഭരണപരവുമായ ബാധ്യതകൾ പരിഗണിക്കണം.
അതിനേക്കാൾ പ്രധാനപ്പെട്ടത് സംഘടനയുടെ പ്രവർത്തനശേഷി വർധിപ്പിക്കുകയാണ്.
ഫൊക്കാന സ്ത്രീകൾക്കുവേണ്ടി പ്രത്യേകം പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ?
ഫൊക്കാനയുടെ വിമൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾ എല്ലാക്കാലത്തും സ്തുത്യർഹമാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കേരളത്തിലെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചുകഴിഞ്ഞു.
വനിതാ ഫോറം പുതിയ പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ പൂർണ്ണ പിന്തുണ നൽകും.
അമേരിക്കൻ മലയാളികളുടെ പ്രശ്നങ്ങളിൽ ഫൊക്കാന കൂടുതൽ സജീവമായി ഇടപെടുമെന്ന് താങ്കൾ പറയുന്നുണ്ട്. അതിനായി എന്താണ് പുതിയ സംവിധാനം?
മലയാളികളുടെ വിവിധ പ്രശ്നങ്ങളിൽ കൂട്ടായ ഇടപെടലാണ് ആവശ്യം. തൊഴിൽരംഗത്തെ അനീതികൾ, വിവേചനം, ബിസിനസ് മേഖലയിലെ പ്രശ്നങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ ആവശ്യമായ ഇടപെടലുകൾ നടത്തും.
മറ്റ് മലയാളി സംഘടനകളുമായി സഹകരിച്ചും പ്രവർത്തിക്കും.

പ്രവാസികൾക്ക് നേരിട്ട് സഹായം ലഭ്യമാക്കുന്നതിനായി ടോൾ ഫ്രീ നമ്പർ കൊണ്ടുവരുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു. അതിന്റെ വിശദാംശങ്ങൾ എന്താണ്?
ഒരു ടോൾ ഫ്രീ നമ്പർ കൊണ്ടുവരാനുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്. നാട്ടിൽ നിന്നോ അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നോ ഒരാൾ വിളിച്ചാൽ ബന്ധപ്പെട്ട കമ്മിറ്റിയുമായോ റീജിയനുമായോ ബന്ധിപ്പിച്ച് പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ കഴിയുന്ന സംവിധാനമായിരിക്കും അത്.
സാങ്കേതിക വശങ്ങളിൽ പ്രാവീണ്യമുള്ളവർ തന്നെയാണ് ഇതിന്റെ കമ്മിറ്റിയിൽ പ്രവർത്തിക്കുന്നത്.
ഫൊക്കാന ആപ്പിനെക്കുറിച്ചും താങ്കൾ സൂചിപ്പിച്ചു. അതിലൂടെ എന്താണ് ലക്ഷ്യമിടുന്നത്?
അമേരിക്കയിലെ വിവിധ മലയാളി അസോസിയേഷനുകളെ പരസ്പരം ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. ഒരു സംസ്ഥാനത്തോ പ്രദേശത്തോ ഉള്ള മലയാളി സംഘടന എന്താണ് ചെയ്യുന്നത്, അവരുടെ പരിപാടികൾ എന്തൊക്കെയാണ്, കലണ്ടർ എന്താണ് തുടങ്ങിയ വിവരങ്ങൾ മറ്റിടങ്ങളിലുള്ള മലയാളികൾക്കും ലഭ്യമാക്കണം.
അതിനായാണ് ഫൊക്കാന ആപ്പ് വികസിപ്പിക്കുന്നത്.
താങ്കളുടെ നേതൃത്വത്തിന്റെ പ്രത്യേകത 'പ്രൊഫഷണൽ സമീപനം' ആയിരിക്കുമെന്ന് പറയുന്നത് എന്തുകൊണ്ടാണ്?
കാര്യങ്ങൾ പ്രഖ്യാപിച്ച് അവസാനിപ്പിക്കുകയല്ല ഞങ്ങളുടെ ലക്ഷ്യം. വ്യക്തമായ പദ്ധതികൾ തയ്യാറാക്കി അവ നടപ്പാക്കുകയും ഫലപ്രാപ്തി വിലയിരുത്തുകയും ചെയ്യും.
ഞങ്ങളുടെ ടീമിലുള്ളവരിൽ പലരും വിവിധ മേഖലകളിൽ പ്രൊഫഷണൽ അനുഭവമുള്ളവരാണ്. ആ വൈദഗ്ധ്യം ഫൊക്കാനയുടെ പ്രവർത്തനങ്ങളിൽ പ്രയോജനപ്പെടുത്തും.
എൻജിനീയറിംഗ് രംഗത്തെ താങ്കളുടെ അനുഭവം സംഘടനയുടെ പ്രവർത്തനങ്ങളിൽ എങ്ങനെ പ്രയോജനപ്പെടുത്തും?
സംഘടനയുടെ പ്രവർത്തനങ്ങളിൽ സാങ്കേതികവിദ്യയും പ്രൊഫഷണൽ മാനേജ്മെന്റും കൂടുതൽ ഉപയോഗിക്കാനാണ് ശ്രമം. കേരള എൻജിനീയേഴ്സ് അസോസിയേഷനുമായുള്ള സഹകരണവും പ്രയോജനപ്പെടുത്തും.
വിവിധ മേഖലകളിലെ വിദഗ്ധരെ ഫൊക്കാനയുടെ സെമിനാറുകളിലും പദ്ധതികളിലും ഉൾപ്പെടുത്തും.
ആരോഗ്യപരിരക്ഷാ രംഗത്ത് ഫൊക്കാനയുടെ പുതിയ പദ്ധതികൾ എന്തൊക്കെയാണ്?
അമേരിക്കയിൽ നിരവധി മലയാളി ഡോക്ടർമാരും നഴ്സുമാരും ആരോഗ്യരംഗത്തെ വിദഗ്ധരുമുണ്ട്. അവരുടെ സേവനം ഏകോപിപ്പിച്ച് കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാനാണ് ശ്രമം.
നേരത്തെ ആരംഭിച്ച ഹെൽത്ത് കെയർ കാർഡ് പോലുള്ള പദ്ധതി വിപുലീകരിക്കും. കേരളത്തിൽ നിന്ന് അമേരിക്കയിലെത്തുന്ന പ്രായമായവർക്ക് സൗജന്യ കൺസൾട്ടേഷൻ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങളും കൂടുതൽ ശക്തമാക്കും.
യുവാക്കളുടെ പങ്കാളിത്തം ഫൊക്കാനയിൽ എങ്ങനെ വർധിപ്പിക്കും?
യുവാക്കളെ സംഘടനയുടെ ഭാവിയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം. യുവ പ്രതിനിധികളുടെ എണ്ണം ഏഴിൽ നിന്ന് ഒൻപതാക്കി വർധിപ്പിച്ചിട്ടുണ്ട്.
വിദ്യാഭ്യാസം, കരിയർ, എക്സ്ചേഞ്ച് പ്രോഗ്രാമുകൾ തുടങ്ങിയ മേഖലകളിലൂടെ അവരെ കൂടുതൽ സജീവമായി ഉൾപ്പെടുത്തും.
കൺവെൻഷൻ കേന്ദ്രീകൃത സംഘടന എന്ന ഇമേജിൽ നിന്ന് ഫൊക്കാനയെ മാറ്റുക എന്നതാണ് താങ്കളുടെ ലക്ഷ്യമെന്ന് പറയാമോ?
ഉറപ്പായും. കൺവെൻഷൻ എന്നത് ഒരു ഭരണസമിതി നടത്തുന്ന മുഴുവൻ പ്രവർത്തനങ്ങളുടെയും സമാപനമായിരിക്കണം.
സാഹിത്യം, കായികം, ഭാഷ, സംസ്കാരം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾ ഓരോ റീജിയനിലും വർഷം മുഴുവൻ നടക്കണം. അതിന്റെ ഫൈനൽ ഘട്ടമായിരിക്കണം കൺവെൻഷൻ.
കൺവെൻഷൻ മാത്രമല്ല, എപ്പോഴും കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഫൊക്കാനയാണ് ഞങ്ങളുടെ ലക്ഷ്യം.
തിരഞ്ഞെടുപ്പ് കാലത്തെ മത്സരവും അഭിപ്രായവ്യത്യാസങ്ങളും പുതിയ നേതൃത്വത്തിന്റെ പ്രവർത്തനത്തെ ബാധിക്കുമോ?
തിരഞ്ഞെടുപ്പ് കഴിഞ്ഞു. ഇനി എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുകയാണ് ഉത്തരവാദിത്വം.
വ്യക്തിപരമായ മത്സരങ്ങൾക്കപ്പുറം അമേരിക്കൻ മലയാളി സമൂഹത്തിനും ഫൊക്കാനയ്ക്കും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കണം. സംഘടനയുടെ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് മുന്നോട്ടുപോകുക.
തിരഞ്ഞെടുപ്പ് സമയത്തെ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് ഫൊക്കാനയുടെ നന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കാൻ എല്ലാവരെയും ഞങ്ങൾ നിറഞ്ഞ മനസ്സോടെ ക്ഷണിക്കുന്നു.
അടുത്ത രണ്ടു വർഷം കഴിയുമ്പോൾ താങ്കളുടെ പ്രസിഡൻസിയെ വിലയിരുത്തുമ്പോൾ, 'ഇത് ഞങ്ങൾ നടപ്പാക്കി' എന്ന് പറയാൻ ആഗ്രഹിക്കുന്ന ഏറ്റവും വലിയ നേട്ടം എന്തായിരിക്കും?
മലയാള ഭാഷയും സംസ്കാരവും സംരക്ഷിക്കുന്നതിനൊപ്പം പ്രവാസി മലയാളികളുടെ ആവശ്യങ്ങളിൽ ഫലപ്രദമായി ഇടപെടുന്ന, വർഷം മുഴുവൻ സജീവമായി പ്രവർത്തിക്കുന്ന ഒരു സംഘടനയായി ഫൊക്കാനയെ മാറ്റാൻ കഴിഞ്ഞാൽ അതായിരിക്കും ഏറ്റവും വലിയ നേട്ടം.
ഫൊക്കാനയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും സുതാര്യവും ജനകീയവുമാക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം.