
വാരാന്ത്യത്തിൽ മൻഹാട്ടനിൽ സബ്‍വെ ട്രെയിൻ തട്ടി മരിച്ച ദക്ഷിണേഷ്യക്കാരായ യുവാവും യുവതിയും ദീർഘകാല സുഹൃത്തുക്കൾ ആയിരുന്നുവെന്നു തിരിച്ചറിഞ്ഞു. മലൈക ചിത്രെയും (24) നവം കൗളും (24) അടുത്തിടെ റട്ട്ഗേഴ്സ് യൂണിവേഴ്‌സിറ്റിയിൽ നിന്നു ബിരുദമെടുത്ത ശേഷം ജോലിയിൽ പ്രവേശിക്കാൻ തയാറെടുക്കുമ്പോഴാണ് ദുരന്തം സംഭവിച്ചത്.
സ്പ്രിംഗ് സ്ട്രീറ്റ് സബ്‍വെ സ്റ്റേഷനിൽ ട്രാക്കിൽ അവർ എങ്ങിനെ എത്തിയെന്നു വ്യക്തമായിട്ടില്ലെന്നു 'ന്യൂ യോർക്ക് പോസ്റ്റ്' പറഞ്ഞു. അവരെ സംബന്ധിച്ച് അസ്വാഭാവികമായ എന്തെങ്കിലും സംഭവിക്കാൻ സാധ്യതയില്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.
സയർവില്ലിൽ കൗളിന്റെ അയൽവാസിയായ സാജിദ് ഖുറേഷി പത്രത്തോടു പറഞ്ഞു: "ഞാൻ ഞെട്ടിപ്പോയി. കൗൾ ഫിനാൻഷ്യൽ അനലിസ്റ്റ് ആയിരുന്നു, സുഖമായി ജീവിക്കയായിരുന്നു. ഞാൻ മനസ്സിലാക്കിയിടത്തോളം ചിത്രെയും വളരെ സന്തോഷമായാണ് ജീവിച്ചിരുന്നത്. ദീർഘമായ ജീവിതം മുന്നിൽ ഉണ്ടായിരുന്ന രണ്ടു പേർ. ഏറെ ദുഖകരം."
ചിത്രെയും കൗളും ലഹരി അമിതമായി കഴിച്ചിരുന്നോ എന്നു എൻ വൈ പി ഡി അന്വേഷിക്കുന്നുണ്ട്. ട്രെയിൻ വരുന്നത് അറിയാതെ പോയോ എന്നതാണ് അറിയേണ്ടത്. അതേ സമയം, ആത്മഹത്യാ സാധ്യത അവർ തള്ളിക്കളയുന്നുമില്ല.
നടുക്കുന്ന വീഡിയോ
ദുരന്തത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ നടുക്കമായി പടരുന്നുണ്ട്. ഞായറാഴ്ച്ച പുലർച്ചെ 03:15നു ട്രെയിൻ നമ്പർ 4 വരുമ്പോൾ അവർ ശാന്തരായി ട്രാക്കിൽ ഇരിക്കുന്നതാണ് വിഡിയോയിൽ കാണുന്നത്.
എം ടി എ ട്രെയിൻ ഓപ്പറേറ്റർ പറയുന്നത് ചിത്രെ ചിരിച്ചു കൊണ്ട് കൗളിനെ പിടിച്ചു തന്നിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുന്നതാണ് കണ്ടതെന്നാണ്. അവരെ ട്രെയിൻ ഇടിക്കുന്നതിനു മുൻപ് ബ്രെയ്ക് ചവിട്ടാൻ സമയം കിട്ടിയില്ല.
ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടു കിട്ടിയിട്ടില്ല. എങ്കിലും അതൊരു സാധ്യതയായി തന്നെ പോലീസ് കരുതുന്നു.
സെൻട്രൽ ജേഴ്സിയുടെ പ്രശാന്തമായ പ്രാന്ത പ്രദേശത്തു വളർന്നവരാണ് ചിത്രെയും കൗളും. ഇരുവരുടെയും വീടുകൾ തമ്മിൽ 11 മൈൽ അകലം മാത്രം. സൗത്ത് ബ്രൂൺസ്വിക്കിൽ സമ്മർഫീൽഡ് വികസന മേഖലയിലാണ് ചിത്രെയുടെ കുടുംബം താമസിക്കുന്നത്. നേപ്പാളിസ് വംശജനായ കൗളിന്റെ വീട് സായർവില്ലിൽ നിർമിച്ചു വരുന്ന കോളനി ക്ലബ് മേഖലയിലും.
ഇരു സമൂഹങ്ങളിലും ശക്തമായ ദക്ഷിണേഷ്യൻ സാന്നിധ്യമുണ്ട്. യൂണിവേഴ്സിറ്റിയിൽ ചിത്രെയും കൗളും അടുത്തതിൽ ആ സ്വാധീനമുണ്ടെന്നു സുഹൃത്തുക്കൾ കരുതുന്നു.
2024ൽ ബിരുദമെടുത്ത ശേഷം ചിത്രെയ്ക്ക് അക്കാഡിയ ഫാർമയിൽ ക്വാളിറ്റി ഓപ്പറേഷൻസ് സ്പെഷ്യലിസ്റ്റായി ജോലി കിട്ടി. ഫാർമസിയിൽ ഡോക്ടറേറ്റിനു ടെമ്പിൾ യൂണിവേഴ്സിറ്റിയിൽ ചേരുകയും ചെയ്തു.
NYC duo killed in subway crash ID’d as longtime friends