
ഈ വർഷം കാനഡ, യൂറോപ്പ്, ഗൾഫ് രാജ്യങ്ങൾ തുടങ്ങി പ്രവാസി മലയാളികൾ താമസിക്കുന്ന വിവിധ സ്ഥലങ്ങളിൽ നടന്ന ഓണാഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ കാണാനിടയായി. പൂക്കളങ്ങളും ഓണസദ്യകളും തിരുവാതിരയും കുട്ടികളുടെ കലാപരിപാടികളും കുടുംബങ്ങളുടെ ഒത്തുചേരലുകളും കണ്ടപ്പോൾ അതിയായ സന്തോഷം തോന്നി. ആയിരക്കണക്കിന് കിലോമീറ്റർ അകലെ ജീവിക്കുമ്പോഴും പ്രവാസി മലയാളികൾ സ്വന്തം നാടിനെയും ഭാഷയെയും പാരമ്പര്യത്തെയും മറക്കുന്നില്ലെന്നത് അഭിനന്ദനാർഹമാണ്.
കാനഡയിലെ ടൊറന്റോ, വാൻകൂവർ, കാൽഗറി, ഒട്ടാവ തുടങ്ങിയ നഗരങ്ങളിൽ വിവിധ സംഘടനകൾ ഹാളുകളിലും പാർക്കുകളിലും കമ്മ്യൂണിറ്റി സെന്ററുകളിലുമായി ഓണാഘോഷങ്ങൾ നടത്തിയതായി റിപ്പോർട്ടുകളുണ്ട്. യുഎഇയിൽ ഓണസദ്യകളും കലാപരിപാടികളും വിവിധ വേദികളിലായി മാസങ്ങളോളം നീളുന്ന രീതിയിൽ സംഘടിപ്പിക്കപ്പെടുന്നു. ഷാർജ എക്സ്പോ സെന്റർ പോലുള്ള വലിയ വേദികളിലും പരിപാടികൾ നടന്നു. മലേഷ്യയിലെ ദേശീയതല ഓണാഘോഷം സെപ്റ്റംബർ 12-ന് രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ ഒരു കൺവെൻഷൻ സെന്ററിനുള്ളിൽ ക്രമീകരിച്ചതും ശ്രദ്ധേയമാണ്. ബ്രിട്ടനിലെ വെയിൽസിൽ നടന്ന പരിപാടിയും നിശ്ചിത സമയപരിധിയുള്ള ഒരു കമ്മ്യൂണിറ്റി ഹാളിലായിരുന്നു. ഇവയെല്ലാം പ്രവാസി മലയാളികളുടെ സംഘടനാശേഷിയും സാംസ്കാരിക സാന്നിധ്യവും വ്യക്തമാക്കുന്നു.
എന്നാൽ അതോടൊപ്പം അസ്വസ്ഥതയുണ്ടാക്കിയ ചില കാഴ്ചകളും കണ്ടു. ഓണം നമ്മുടെ ഏറ്റവും പ്രിയപ്പെട്ട ആഘോഷമാണെന്നതുകൊണ്ട് അതിന്റെ പേരിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളെയും ന്യായീകരിക്കേണ്ടതില്ല. സ്വന്തം സമൂഹത്തിന്റെ ആഘോഷങ്ങളെ ആത്മപരിശോധനയോടെ വിലയിരുത്താൻ കഴിയുന്നതും സാംസ്കാരിക പക്വതയുടെ അടയാളമാണ്.
സന്തോഷം പങ്കിടുന്നതും സന്തോഷം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുന്നതും രണ്ടാണ്. വിദേശരാജ്യങ്ങളിൽ ജീവിക്കുമ്പോൾ നാം ഒരു ബഹുസാംസ്കാരിക സമൂഹത്തിന്റെ ഭാഗമാണ്. നമ്മുടെ അടുത്ത വീട്ടിൽ താമസിക്കുന്നവർ മലയാളികളായിരിക്കണമെന്നില്ല. അവർക്ക് ഓണത്തിന്റെ പശ്ചാത്തലമോ ചെണ്ടമേളത്തിന്റെ പ്രാധാന്യമോ മാവേലിയുടെ കഥയോ അറിയണമെന്നില്ല. അമിതശബ്ദത്തോടെയുള്ള ആഘോഷങ്ങളിലും ഘോഷയാത്രകളിലും അവർ താൽപ്പര്യം കാണിക്കണമെന്നും നിർബന്ധമില്ല. നമ്മുടെ ആഘോഷം അവരിൽ അടിച്ചേൽപ്പിക്കാൻ നമുക്ക് അവകാശവുമില്ല.
ഹാളിനുള്ളിൽ നടത്തുന്ന സംഗീതവും ആഘോഷവും പുറത്തിറങ്ങി മറ്റുള്ളവരുടെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും ജോലിസ്ഥലങ്ങളിലും മുഴങ്ങിത്തുടങ്ങുമ്പോൾ അതിന്റെ സ്വഭാവം മാറുന്നു. അത് നമ്മുടെ കാതിൽ ആഘോഷസംഗീതമായിരിക്കാം; മറ്റൊരാളുടെ കാതിൽ അനാവശ്യമായ ബഹളമായിരിക്കാം.
ഈ വർഷത്തെ ചില വീഡിയോകളിൽ പാർക്കിങ് സ്ഥലങ്ങളിലും കെട്ടിടങ്ങളുടെ പ്രവേശനകവാടങ്ങളിലും പൊതുജനങ്ങൾ സഞ്ചരിക്കുന്ന ഇടങ്ങളിലുമായി വലിയ ശബ്ദത്തിൽ ചെണ്ടയും സംഗീതവും അവതരിപ്പിക്കുന്നതായി കണ്ടു. ആ ദൃശ്യങ്ങളിലെ ഓരോ പരിപാടിക്കും ആവശ്യമായ അനുമതിയുണ്ടായിരുന്നോ, നിയമപരമായ സാഹചര്യങ്ങൾ എന്തായിരുന്നു എന്നൊന്നും എനിക്ക് അറിയില്ല. അതിനാൽ അവയെ നിയമലംഘനങ്ങളായി വിധിക്കാനാവില്ല. എന്നാൽ അത്തരം കാഴ്ചകൾ ഒരു പ്രധാന ചോദ്യം ഉയർത്തുന്നു: ആഘോഷവേദിയുടെ അതിരുകൾ എവിടെയാണ് അവസാനിക്കുന്നത്?
ചെണ്ടമേളം കേരളത്തിന്റെ ശക്തമായ കലാപാരമ്പര്യമാണ്. അതിന്റെ താളവും ആവേശവും നിഷേധിക്കാനാവില്ല. എന്നാൽ എല്ലാ സ്ഥലവും ചെണ്ടമേളത്തിനുള്ള വേദിയല്ല. താമസമേഖലകൾ, കെട്ടിട സമുച്ചയങ്ങൾ, ആശുപത്രികളുടെ പരിസരം, വ്യാപാരസ്ഥാപനങ്ങളുടെ പ്രവേശനഭാഗങ്ങൾ, പൊതുപാർക്കിങ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ അമിതമായ ശബ്ദം സൃഷ്ടിക്കുന്നത് ഒഴിവാക്കണം.
വലിയ ശബ്ദമുള്ള പരിപാടികൾ ശബ്ദനിയന്ത്രണ സൗകര്യമുള്ള ഹാളിനുള്ളിൽ നടത്തുന്നതാണ് ഉചിതം. ഹാൾ ബുക്ക് ചെയ്തതുകൊണ്ട് എത്ര ശബ്ദവും എത്ര സമയവും അനുവദനീയമാണെന്ന് കരുതാനാവില്ല. ഹാളിന്റെ നിബന്ധനകൾ, നഗരത്തിന്റെ ശബ്ദനിയന്ത്രണ വ്യവസ്ഥകൾ, പരിപാടിയുടെ സമയപരിധി എന്നിവ സംഘാടകർ മുൻകൂട്ടി മനസ്സിലാക്കണം.
സൗണ്ട് സിസ്റ്റം കൈകാര്യം ചെയ്യുന്നവർക്ക് വ്യക്തമായ പരമാവധി ശബ്ദപരിധി നൽകണം. ഹാളിന് പുറത്തായി സ്പീക്കറുകൾ സ്ഥാപിക്കുന്നത് ഒഴിവാക്കണം. ചെണ്ടമേളം പ്രവേശനപരിപാടിയായി വേണമെങ്കിൽ അതിന് നിശ്ചിത സമയവും നിയന്ത്രിത ശബ്ദവും ദൈർഘ്യവും ഉണ്ടായിരിക്കണം. പരിപാടി അവസാനിച്ചശേഷവും പാർക്കിങ് സ്ഥലത്ത് അനൗപചാരികമായി ചെണ്ടയും പാട്ടും തുടരാൻ അനുവദിക്കരുത്. സമൂഹമാധ്യമ റീലുകൾ നിർമിക്കുന്നതിനായി പൊതുസ്ഥലങ്ങളിൽ അനാവശ്യ പ്രകടനങ്ങളും കോലാഹലങ്ങളും ഗോഷ്ടികളും നടത്തുന്ന കാഴ്ചകളും ഈ വർഷം പലേടത്തും കാണാനിടയായി.
എല്ലാ കാഴ്ചകളും എല്ലാവർക്കും രസകരമാകണമെന്നില്ല. പരമ്പരാഗത കേരളീയ വസ്ത്രങ്ങൾക്ക് അതിന്റേതായ സൗന്ദര്യമുണ്ട്. കസവുസാരി, സെറ്റ് മുണ്ട്, മുണ്ട്, കുട്ടികളുടെ കേരളീയ വേഷങ്ങൾ എന്നിവയെല്ലാം ഓണവേദിക്ക് ചാരുത നൽകുന്നു. നമുക്ക് അവ വളരെ മനോഹരമായി തോന്നാം. എന്നാൽ അവയുടെ സാംസ്കാരിക പശ്ചാത്തലം അറിയാത്തവരുടെ കാഴ്ചപ്പാടും താൽപ്പര്യവും വ്യത്യസ്തമായിരിക്കാം. നമ്മുടെ വസ്ത്രവും ആഘോഷരീതിയും എല്ലാവരും ഒരേ ആവേശത്തോടെ സ്വീകരിക്കണമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.മാവേലി, പുലിവേഷം, അതിശയോക്തി കലർന്ന ഹാസ്യവേഷങ്ങൾ തുടങ്ങിയവ വേദിയിലെ കലാപരിപാടികളുടെ ഭാഗമായി മനോഹരമായിരിക്കാം. എന്നാൽ അതേ വേഷത്തിൽ റെസ്റ്റോറന്റുകളിലും കടകളിലും പൊതുഗതാഗത സംവിധാനങ്ങളിലും മറ്റുള്ളവരുടെ സ്വകാര്യ ഇടങ്ങളിലേക്കും സംഘമായി പ്രവേശിച്ച് ബഹളം സൃഷ്ടിക്കുമ്പോൾ അത് ചിലർക്ക് അസൗകര്യമായി തോന്നാം. സമൂഹമാധ്യമ പോസ്റ്റുകൾക്കായി നടത്തുന്ന എല്ലാ പ്രകടനങ്ങളും പൊതുസ്ഥലങ്ങൾക്ക് അനുയോജ്യമാകണമെന്നില്ല.
നമുക്ക് തമാശയായി തോന്നുന്ന പ്രവൃത്തി മറ്റൊരാൾക്ക് ശല്യമാകാം. ഒരാളുടെ അടുത്തേക്ക് അപ്രതീക്ഷിതമായി ചെന്നുനിൽക്കുക, അവരുടെ പ്രതികരണം അനുമതിയില്ലാതെ വീഡിയോയിൽ പകർത്തുക, വഴിയാത്രക്കാരെ നൃത്തത്തിലോ ഫോട്ടോയിലോ പങ്കെടുക്കാൻ നിർബന്ധിക്കുക എന്നിവയൊന്നും സാംസ്കാരിക സൗഹൃദത്തിന്റെ ഉദാഹരണങ്ങളല്ല.
മലയാളിയല്ലാത്ത ഒരാൾ നമ്മുടെ പരമ്പരാഗത വേഷത്തെ കൗതുകത്തോടെ നോക്കിയാൽ അത് പരിഹാസമാണെന്ന് കരുതേണ്ടതില്ല. അതുപോലെ, അവർക്ക് താൽപ്പര്യമില്ലെങ്കിൽ നമ്മുടെ ആഘോഷത്തിൽ പങ്കെടുക്കാൻ നിർബന്ധിക്കാനും പാടില്ല. സംസ്കാരം പരിചയപ്പെടുത്തേണ്ടത് സൗമ്യതയോടെയും പരസ്പരബഹുമാനത്തോടെയുമാണ്; സമ്മർദത്തിലൂടെയല്ല.
മുൻകാലങ്ങളിൽ ഓണം കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഒത്തുചേരലായിരുന്നു. എന്നാൽ ഇന്ന് ചില ആഘോഷങ്ങൾ സമൂഹമാധ്യമങ്ങൾക്കുവേണ്ടിയുള്ള ദൃശ്യനിർമാണമായി മാറുന്നതായി തോന്നുന്നു. പരിപാടിയുടെ ഉള്ളടക്കത്തേക്കാൾ വീഡിയോയുടെ പശ്ചാത്തലം, വേഷങ്ങളുടെ പ്രദർശനം, കൂട്ടമായുള്ള പ്രവേശനം, ക്യാമറയ്ക്കുവേണ്ടിയുള്ള ബഹളം എന്നിവയ്ക്ക് മുൻഗണന ലഭിക്കുന്നു.
ഒരു പരിപാടി വിജയിച്ചോ എന്ന് തീരുമാനിക്കുന്നത് അതിന്റെ വീഡിയോയ്ക്ക് എത്ര കാഴ്ചകൾ ലഭിച്ചു എന്നതുകൊണ്ടല്ല. പരിപാടി ക്രമബദ്ധമായിരുന്നോ, പങ്കെടുക്കുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ലഭിച്ചോ, സമയക്രമം പാലിച്ചോ, പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയോ എന്നിവയുടെ അടിസ്ഥാനത്തിലാണ് അതിനെ വിലയിരുത്തേണ്ടത്. പൊതുസ്ഥലങ്ങളിൽ വീഡിയോ ചിത്രീകരിക്കുമ്പോൾ പശ്ചാത്തലത്തിലുള്ള അപരിചിതരുടെ സ്വകാര്യതയും പരിഗണിക്കണം. ക്യാമറയ്ക്കുവേണ്ടി ആഘോഷിക്കുമ്പോൾ പലപ്പോഴും നമുക്ക് ചുറ്റുമുള്ള മനുഷ്യരെ കാണാൻ കഴിയാതെ പോകുന്നു.
ഈ വർഷത്തെ ചില ആഘോഷദൃശ്യങ്ങൾ കണ്ടപ്പോൾ പാർക്കിങ് ക്രമീകരണത്തെക്കുറിച്ചും ചിന്തിക്കേണ്ടിവന്നു. ആളുകളെ ഇറക്കുന്നതിനായി കെട്ടിടത്തിന്റെ പ്രവേശനകവാടത്തിനു മുന്നിൽ വാഹനങ്ങൾ നിർത്തുക, അഗ്നിശമനപാതകൾ തടസ്സപ്പെടുത്തുക എന്നിവ ചെറുതായി കാണേണ്ട കാര്യങ്ങളല്ല. വാഹനങ്ങൾ ദൂരെയുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്തശേഷം പരമ്പരാഗത വേഷത്തിൽ പൊതുനിരത്തിലൂടെ ദീർഘദൂരം നടന്നുപോകേണ്ടിവരുന്നവരെയും കാണാനിടയായി. ഇത് പങ്കെടുക്കുന്നവരുടെ സുരക്ഷയെയും സൗകര്യത്തെയും ബാധിക്കുന്ന കാര്യമാണ്.
നൂറുകണക്കിന് ആളുകൾ പങ്കെടുക്കുന്ന പരിപാടിക്ക് ഹാൾ മാത്രം ബുക്ക് ചെയ്താൽ പോരാ; ആവശ്യത്തിന് പാർക്കിങ് സൗകര്യമുണ്ടോ എന്നും ഉറപ്പാക്കണം. ഇല്ലെങ്കിൽ സമീപത്തെ അംഗീകൃത പാർക്കിങ് സ്ഥലം കണ്ടെത്തി ഷട്ടിൽ സംവിധാനം ഏർപ്പെടുത്താം. വയോധികർക്കും കുട്ടികളുള്ള കുടുംബങ്ങൾക്കും ഭിന്നശേഷിക്കാർക്കും പ്രവേശനകവാടത്തിനു സമീപം സുരക്ഷിതമായി ഇറങ്ങുന്നതിനുള്ള പ്രത്യേക സൗകര്യവും ഒരുക്കണം. പാർക്കിങ് സ്ഥലങ്ങളിൽ രീൽസിനും മറ്റുമായി ചെണ്ടമേളവും കൂട്ടനൃത്തവും വീഡിയോ ചിത്രീകരണവും നടത്തുന്നതായും കാണാനിടയായി. ഇത്തരം പ്രവർത്തനങ്ങൾ വാഹനങ്ങളുടെ സഞ്ചാരത്തെ തടസ്സപ്പെടുത്താം. ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുകയും അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യും. പൊതുസുരക്ഷയെ അപകടത്തിലാക്കുന്ന ഒരു പ്രവർത്തനവും “ഓണത്തിന്റെ ആവേശം” എന്ന പേരിൽ ന്യായീകരിക്കാനാവില്ല.
കേരളത്തിൽ നടന്ന ഒരു മുൻ ഓണാഘോഷത്തിനിടെ വിദ്യാർഥികൾ സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനങ്ങളുടെ ഫുട്ബോർഡിലും ജനലുകളിലും അപകടകരമായി നിന്നതിനെ തുടർന്ന് മോട്ടോർ വാഹനവകുപ്പ് നടപടി സ്വീകരിച്ചിരുന്നു. ആഘോഷം പൊതുസുരക്ഷയ്ക്ക് മുകളിലല്ലെന്ന് അധികൃതർ വ്യക്തമാക്കിയ സംഭവമായിരുന്നു അത്. വിദേശത്തായാലും നാട്ടിലായാലും ഈ പാഠം പ്രസക്തമാണ്.
പ്രവാസി ഓണാഘോഷങ്ങൾ പലപ്പോഴും രാവിലെ ആരംഭിച്ച് വൈകുന്നേരംവരെ നീളുന്നു. പരിപാടി വൈകി തുടങ്ങുക, പ്രസംഗങ്ങൾ നിയന്ത്രണമില്ലാതെ നീട്ടുക, സദ്യ മണിക്കൂറുകൾ വൈകി വിളമ്പുക, നിശ്ചയിച്ച അവസാനസമയം കഴിഞ്ഞിട്ടും സംഗീതം തുടരുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള വിമർശനങ്ങൾ സമൂഹമാധ്യമങ്ങളിൽ കാണാനിടയായി.. ഹാൾ ജീവനക്കാർക്ക് അധികസമയം ജോലി ചെയ്യേണ്ടിവരുകയു മറ്റും ചെയുന്നത് ഒഴിവാക്കേണ്ടതാണ് .
മലേഷ്യയിലെ ഈ വർഷത്തെ ദേശീയ ഓണാഘോഷം രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ എന്ന് വ്യക്തമായ സമയക്രമത്തോടെ പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടനിലെ ഒരു കമ്മ്യൂണിറ്റി ഹാൾ പരിപാടിയും രാവിലെ പതിനൊന്നുമുതൽ വൈകുന്നേരം അഞ്ചുവരെ എന്ന നിശ്ചിത സമയക്രമത്തിലാണ് സംഘടിപ്പിച്ചത്. പരിപാടിയുടെ തുടക്കവും അവസാനവും മുൻകൂട്ടി അറിയിക്കുകയും പ്രഖ്യാപിച്ച സമയക്രമം പാലിക്കുകയും ചെയ്യുന്നത് മികച്ച പൗരബോധത്തിന്റെയും സംഘാടനമികവിന്റെയും ഭാഗമാണ്. നമ്മുടെ നാട്ടിലെ “കുറച്ചുകൂടി വൈകിയാലും പ്രശ്നമില്ല” എന്ന സമീപനം എല്ലാ രാജ്യങ്ങളിലും എല്ലാ വേദികളിലും സ്വീകരിക്കപ്പെടണമെന്നില്ല.
ഓണസദ്യയില്ലാതെ ഓണം പൂർണമാകില്ല. എന്നാൽ ഒരിടത്ത് പ്രാദേശിക ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ തയ്യാറാക്കിയതായി ആരോപിക്കപ്പെട്ട സദ്യ അധികൃതർ തടഞ്ഞുവെന്ന തരത്തിലുള്ള വിവരങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സംഘടനകൾ തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് അതിനു പിന്നിലെന്ന ആരോപണവും ഉയർന്നു. എന്നാൽ ഇക്കാര്യത്തിലെ വസ്തുതകൾ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടാതെ ഏതെങ്കിലും സംഘടനയെയോ വ്യക്തിയെയോ കുറ്റപ്പെടുത്തുന്നത് ശരിയല്ല. അതേസമയം, ഇത്തരം വിവാദങ്ങൾ ഭക്ഷ്യസുരക്ഷാ നിയമങ്ങൾ കൃത്യമായി പാലിക്കേണ്ടതിന്റെ ആവശ്യകത നമ്മെ ഓർമിപ്പിക്കുന്നു.. ഭക്ഷണം തയ്യാറാക്കുന്നതും സൂക്ഷിക്കുന്നതും വിളമ്പുന്നതും പ്രാദേശിക ആരോഗ്യ ഭക്ഷ്യസുരക്ഷാ നിയമങ്ങൾ പാലിച്ചായിരിക്കണം. ആവശ്യമായ അനുമതികളും പരിശോധനകളും മുൻകൂട്ടി ഉറപ്പാക്കണം. വ്യക്തിവിരോധത്തിന്റെയോ സംഘടനകൾ തമ്മിലുള്ള മത്സരത്തിന്റെയോ വേദിയായി ഭക്ഷ്യസുരക്ഷയെ മാറ്റരുത്; അതുപോലെ നിയമലംഘനങ്ങളെ സംഘടനാവൈരമെന്ന് പറഞ്ഞ് നിസ്സാരവത്കരിക്കാനും പാടില്ല.
ഈ വർഷം തിരുവനന്തപുരത്തെ ഔദ്യോഗിക ഓണാഘോഷങ്ങളുടെ ഭാഗമായി കനകക്കുന്നിൽ പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുന്നതിനായി “പ്ലാസ്റ്റിക് അറസ്റ്റ്” എന്ന പരിസ്ഥിതിസൗഹൃദ പദ്ധതി ആരംഭിച്ചിരുന്നു. ആഘോഷവും പരിസ്ഥിതി ഉത്തരവാദിത്തവും ഒരുമിച്ചുകൊണ്ടുപോകാൻ കഴിയുമെന്നതിന് നല്ല ഉദാഹരണമാണിത്. വിദേശ മലയാളി സംഘടനകൾക്കും പുനരുപയോഗിക്കാവുന്ന പാത്രങ്ങൾ, വ്യക്തമായി അടയാളപ്പെടുത്തിയ മാലിന്യബിന്നുകൾ, ഭക്ഷ്യമാലിന്യം കുറയ്ക്കുന്നതിനുള്ള സംവിധാനം എന്നിവ സ്വീകരിക്കാം.പരിപാടിക്കുശേഷം ഹാളും പരിസരവും എങ്ങനെയാണ് വിട്ടുപോകുന്നത് എന്നത് ആ സമൂഹത്തിന്റെ സംസ്കാരത്തെക്കുറിച്ച് വലിയൊരു സന്ദേശം നൽകുന്നു. ഭക്ഷണാവശിഷ്ടങ്ങൾ, കപ്പുകൾ, പ്ലേറ്റുകൾ, അലങ്കാരവസ്തുക്കൾ, പൂക്കൾ എന്നിവ പാർക്കിങ് സ്ഥലത്തോ പുറത്തുള്ള നടപ്പാതയിലോ ഉപേക്ഷിക്കരുത്. ഹാൾ വൃത്തിയാക്കുന്നത് ജീവനക്കാരുടെ മാത്രം ജോലിയാണെന്ന് കരുതുന്നത് ശരിയായ സമീപനമല്ല. നമ്മൾ സൃഷ്ടിച്ച മാലിന്യം ഉത്തരവാദിത്തത്തോടെ നീക്കം ചെയ്യണം.
വിദേശമണ്ണിൽ നമ്മൾ വ്യക്തികളായി മാത്രമല്ല വിലയിരുത്തപ്പെടുന്നത് എന്ന യാഥാർഥ്യം പലരും മറക്കുന്നു. ഒരു വിദേശരാജ്യത്ത് മലയാളികളുടെ പരിപാടിയിൽ മോശമായ അനുഭവം നേരിടുന്ന ഒരാൾ അതിനെ ഒരു വ്യക്തിയുടെ തെറ്റായി മാത്രം കാണണമെന്നില്ല. ഇന്ത്യൻ സമൂഹത്തെ മുഴുവൻ അതിന്റെ അടിസ്ഥാനത്തിൽ വിലയിരുത്താൻ സാധ്യതയുണ്ട്. വാഹനങ്ങൾ തെറ്റായി പാർക്ക് ചെയ്താലും ഒരു സംഘം അമിതമായി ശബ്ദമുണ്ടാക്കിയാലും, പൊതുസ്ഥലത്ത് മോശമായി പെരുമാറിയാലും അതിന്റെ അപകീർത്തി എല്ലാവരിലേക്കും വ്യാപിച്ചേക്കാം. അത് ന്യായമല്ലെങ്കിലും യാഥാർഥ്യമാണ്.
അതുകൊണ്ടുതന്നെ വിദേശത്തെ ആഘോഷങ്ങളിൽ നമുക്ക് ഇരട്ട ഉത്തരവാദിത്തമുണ്ട്. നമ്മൾ സ്വന്തം സന്തോഷത്തിനായി ആഘോഷിക്കുന്നു; അതോടൊപ്പം നമ്മുടെ നാടിനെയും സംസ്കാരത്തെയും മറ്റുള്ളവരുടെ മുന്നിൽ പ്രതിനിധീകരിക്കുകയും ചെയ്യുന്നു.
ഇന്ന് പല പ്രദേശങ്ങളിലും വിവിധ സംഘടനകൾ ഒരേ കാലയളവിൽ ഓണാഘോഷങ്ങൾ നടത്തുന്നു. ആരുടെ പരിപാടിയിൽ കൂടുതൽ ആളുകൾ വന്നു, ആരാണ് വലിയ താരത്തെ കൊണ്ടുവന്നത്, ആരുടെ സദ്യയിൽ കൂടുതൽ വിഭവങ്ങളുണ്ടായിരുന്നു, ആരുടെ ചെണ്ടമേളമായിരുന്നു ഏറ്റവും വലുത് എന്നിങ്ങനെയുള്ള മത്സരം രൂപപ്പെടുന്നു.
ആരോഗ്യകരമായ മത്സരം പരിപാടികളുടെ നിലവാരം ഉയർത്താം. എന്നാൽ അത് പ്രൗഢി പ്രദർശിപ്പിക്കാനുള്ള മത്സരമായി മാറുമ്പോൾ ചെലവും ശബ്ദവും തിരക്കും പാഴാക്കലും വർധിക്കും. സംഘടനയുടെ പേരും നേതാക്കളുടെ ചിത്രങ്ങളും വലുതാക്കുന്നതിനുപകരം സാമൂഹികബോധത്തിനും പങ്കെടുക്കുന്നവരുടെ സൗകര്യത്തിനും പൊതുസുരക്ഷയ്ക്കും മുൻഗണന നൽകണം.
വിമർശനം നമ്മുടെ സംസ്കാരത്തെ ചെറുതാക്കുന്നില്ല. ഈ കാര്യങ്ങൾ തുറന്നുപറയുമ്പോൾ, “മലയാളികളുടെ ആഘോഷത്തെ മാത്രം എന്തിനാണ് വിമർശിക്കുന്നത്?” എന്ന ചോദ്യം ഉയർന്നേക്കാം. എല്ലാ സമൂഹങ്ങളിലും ക്രമരഹിതമായ ആഘോഷങ്ങൾ ഉണ്ടാകാം. എന്നാൽ മറ്റുള്ളവരുടെ തെറ്റുകൾ നമ്മുടെ തെറ്റുകൾക്ക് ന്യായീകരണമല്ല.
നമ്മുടെ വീടിനെ വൃത്തിയാക്കാൻ അയൽവാസിയുടെ മുറ്റം ആദ്യം പരിശോധിക്കേണ്ടതില്ല. സ്വന്തം സമൂഹത്തെ സ്നേഹിക്കുന്നവർക്ക് അതിന്റെ കുറവുകൾ ചൂണ്ടിക്കാണിക്കാനും തിരുത്തൽ ആവശ്യപ്പെടാനും കഴിയും. അതാണ് യഥാർഥ സ്നേഹം.പൊതു വിമർശനങ്ങൾ ഓണത്തിനെതിരെയല്ല; ഓണത്തിന്റെ പേരിൽ നടക്കുന്ന പൗരബോധമില്ലാത്ത പ്രവർത്തനങ്ങൾക്കെതിരെയാണ്. പരമ്പരാഗത വസ്ത്രത്തിനെതിരെയല്ല; സാഹചര്യം പരിഗണിക്കാതെയുള്ള നിർബന്ധിത പ്രകടനത്തിനെതിരെയാണ്. ചെണ്ടമേളത്തിനെതിരെയല്ല; മറ്റുള്ളവരുടെ സമാധാനം കെടുത്തുന്ന അമിതശബ്ദത്തിനെതിരെയാണ്. വലിയ പരിപാടികൾക്കെതിരെയല്ല; ആസൂത്രണമില്ലാത്ത തിരക്കിനും സാമൂഹ്യ ബോധമില്ലാത്ത പ്രവർത്തികൾക്കെതിരേയുമാണ്
ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ദൃശ്യങ്ങൾ കണ്ടപ്പോൾ സന്തോഷത്തോടൊപ്പം ഒരു ചോദ്യം മനസ്സിൽ അവശേഷിച്ചു: നമ്മൾ വിദേശരാജ്യങ്ങളിൽ കേരളത്തിന്റെ സംസ്കാരമാണോ അവതരിപ്പിക്കുന്നത്, അതോ നമ്മുടെ ശബ്ദവും എണ്ണവും സാമ്പത്തികശേഷിയും പ്രദർശിപ്പിക്കുകയാണോ?
നല്ലൊരു ഓണാഘോഷം സമീപവാസികളെ ഭയപ്പെടുത്തുകയോ അസ്വസ്ഥരാക്കുകയോ ചെയ്യില്ല. അത് മറ്റുള്ളവരിൽ കൗതുകവും ആദരവും ജനിപ്പിക്കും. ആഘോഷത്തിൽ പങ്കെടുത്തിട്ടില്ലാത്ത ഒരാൾപോലും “അവർ വളരെ മനോഹരമായും ക്രമബദ്ധമായും ആഘോഷിച്ചു” എന്ന് പറയുമ്പോഴാണ് നമ്മുടെ സംസ്കാരം വിജയിക്കുന്നത്.
പൂക്കളം ഒരുക്കാം. സദ്യ വിളമ്പാം. പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കാം. മാവേലിയെ വരവേൽക്കാം. ചെണ്ടമേളവും തിരുവാതിരയും കലാപരിപാടികളും നടത്താം. എന്നാൽ വലിയ ശബ്ദങ്ങൾ ഹാളിനുള്ളിൽ ഒതുക്കണം. പൊതുവഴികളും പാർക്കിങ് സ്ഥലങ്ങളും മറ്റുള്ളവരുടെ സ്വകാര്യ ഇടങ്ങളും കൈയടക്കരുത്. വേഷവും തമാശയും ആരുടെയും മേൽ നിർബന്ധമായി അടിച്ചേൽപ്പിക്കരുത്. മാലിന്യം അവശേഷിപ്പിക്കരുത്. നിയമവും സമയവും അയൽവാസികളുടെ സമാധാനവും മാനിക്കണം.അങ്ങനെ ആഘോഷിച്ചാൽ ഓണം വിദേശമണ്ണിലെ മലയാളികളുടെ അഭിമാനമാകും. അല്ലാത്തപക്ഷം നമ്മുടെ സന്തോഷത്തിനായി മറ്റുള്ളവർ സഹിക്കേണ്ടിവരുന്ന ഒരു സാമൂഹിക ബാധ്യതയായി അത് മാറും.
മാവേലി നാടുവാണിരുന്ന കാലത്തെക്കുറിച്ച് പാടുമ്പോൾ എല്ലാവരും ഒരുപോലെ സന്തോഷത്തോടെ ജീവിച്ചിരുന്നുവെന്നാണ് നമ്മൾ പറയുന്നത്. ആ സന്ദേശം സത്യമാണെങ്കിൽ നമ്മുടെ ആഘോഷം കാരണം മറ്റൊരാൾക്ക് അസ്വസ്ഥത ഉണ്ടാകാതിരിക്കാനുള്ള ഉത്തരവാദിത്തവും നമുക്കുണ്ട്.
ആഘോഷത്തിന് ആവേശം വേണം; അതിരുകളും വേണം. സംസ്കാരത്തിന് അഭിമാനം വേണം; പൗരബോധവും വേണം. ഓണം നമ്മുടേതാണ് , പൊതുസ്ഥലങ്ങൾ എല്ലാവരുടേതുമാണ് .