
അല്‍ഫോന്‍സ് പുത്രന്‍-നിവിന്‍ പോളി ചിത്രം 'വിജയം' ഡ്രോപ്പ് ചെയ്തുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കുട്ടു ശിവാനന്ദന്‍. ഇപ്പോഴിതാ വിജയം സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ആരാണ് ഇങ്ങനെയുള്ള അഭ്യൂഹങ്ങള്‍ ഉണ്ടാക്കുന്നതെന്നോ പ്രചരിപ്പിക്കുന്നതെന്നോ അറിയില്ലെന്നും ചിത്രം നിലവില്‍ പ്രീ-പ്രൊഡക്ഷന്‍ ഘട്ടത്തിലാണെന്ന് കുട്ടു പറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'ആരാണ് ഇങ്ങനെയുള്ള അഭ്യൂഹങ്ങള്‍ ഉണ്ടാക്കുന്നതെന്നോ പ്രചരിപ്പിക്കുന്നതെന്നോ അറിയില്ല. കാര്യങ്ങള്‍ വ്യക്തമാക്കാം, ചിത്രം നിലവില്‍ പ്രീ-പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായ ശേഷം ഞങ്ങള്‍ ഔദ്യോഗികമായി ഷൂട്ടിംഗ് ആരംഭിക്കും. ഈ വാര്‍ത്തകളില്‍ യാതൊരു സത്യവുമില്ല. ദയവായി ഞങ്ങളുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക അറിയിപ്പുകള്‍ക്കായി കാത്തിരിക്കുക', കുട്ടു കുറിച്ചു.
ഏതാനും ദിവസങ്ങളായി അല്‍ഫോന്‍സ് പുത്രന്‍-നിവിന്‍ പോളി ചിത്രം 'വിജയം' ഡ്രോപ്പ് ആയി എന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. ബെത്ലഹേം കുടുംബ യൂണിറ്റ് എന്ന സിനിമയുടെ മഹാവിജയത്തിന് ശേഷം നിവിന്‍ പോളി സ്‌ക്രിപ്റ്റുകളില്‍ കൂടുതല്‍ ശ്രദ്ധ കൊണ്ടുവരുന്നുവെന്നും അത് കാരണമാണ് ചിത്രം ഉപേക്ഷിക്കുന്നതെന്നും തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.
പ്രേമത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍-നിവിന്‍ പോളി ഒന്നിക്കുന്നുവെന്ന ആകാംക്ഷയിലാണ് ആരാധകര്‍ വിജയം പ്രഖ്യാപിച്ചപ്പോള്‍ ഉണ്ടായിരുന്നത്. വിജയത്തിന്റെ രചനയും സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിക്കുന്നത് അല്‍ഫോണ്‍സ് പുത്രനാണ്. നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്ച്ചേഴ്സാണ് ചിത്രത്തിന്റെ നിര്‍മാണം. സ്റ്റീവ് കോട്ടൂരാണ് സംഗീത സംവിധാനം, ഷിനോസാണ് ക്യാമറ ചെയ്യുന്നത്. സിനിമയിലെ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ശബരീഷ് വര്‍മയാണ് വരികള്‍ എഴുതുന്നത്.