
വേറിട്ട ശബ്ദവും ആലാപന ശൈലിയും കൊണ്ട് സംഗീത പ്രേമികളുടെ പ്രിയഗായികയായി മാറിയ സ്വർണലത വിട പറഞ്ഞിട്ട് ഒന്നര പതിറ്റാണ്ട് ആയെങ്കിലും അവരുടെ പാട്ടോർമ്മകൾ ഇന്നും സജീവം ....
16-ാം ചരമവാർഷിക ദിനം , : സ്മരണാഞ്ജലികൾ!
'ഹമ്മിംഗ് ക്വീൻ' എന്നാണ് എല്ലാവരും വിശേഷിപ്പിച്ചിരുന്നത്... തുടക്കത്തിൽ സൂചിപ്പിച്ച പോലെ വേറിട്ട ഒരു ശബ്ദത്തിന്റെ ഉടമയായിരുന്ന അവർ സവിശേഷ ആലാപന ശൈലിയും സ്വന്തമാക്കിയിരുന്നു....
പതിനാലാം വയസിൽ പിന്നണി പാടിത്തുടങ്ങിയ സ്വർണലത എന്ന അതുല്യ പ്രതിഭ ഇരുപത്തിമൂന്ന് വർഷം കൊണ്ട് ഏഴായിരത്തലധികം (പതിനായിരത്തോളം എന്നും പറയപ്പെടുന്നു) ഗാനങ്ങളാണ് പാടിതീർത്തത്.... ഇനിയും പാടാൻ ഒരു പിടി ഗാനങ്ങൾ ബാക്കിയാക്കി, അകാലത്തിൽ പൊലിഞ്ഞു പോയി........
"പോറാളെ പൊന്നുത്തായി/ പൊല പൊലവെൻറു / കണ്ണീർ വിട്ട് തണ്ണീരും ചോറും തന്ത / മണ്ണൈ വിട്ട് പാൽ പീച്ചും മാട്ടൈ വിട്ട് / പഞ്ചാരത്തു കോഴിയൈ വിട്ട് /പോറാളേ പൊട്ട പുള്ള ഊരൈവിട്ട്..." (സിനിമ: 'കറുത്തമ്മ'; സംഗീതം: ഏ.ആർ. റഹ്മാൻ)
തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും പാടിയിട്ടുള്ള സ്വർണലത മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. എ. ആർ. റഹ്‌മാൻ്റെയും ഇളയരാജയുടെയും ഏറ്റവും പ്രിയപ്പെട്ട ഗായികയായിരുന്നു സ്വർണലത. റഹ്‌മാൻ്റെ ഈണത്തിൽ ‘കറുത്തമ്മ’ എന്ന ചിത്രത്തിലെ "പോരാളേ പൊന്നുത്തായ്..." എന്ന ഗാനം സ്വർണലതയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്തു.
മലയാളത്തിലും ഒട്ടേറെ ഹിറ്റുകൾ നൽകിയിട്ടുണ്ട്. 'വർണ്ണപ്പകിട്ടി'ലെ "മാണിക്യക്കല്ലാൽ മേഞ്ഞുമെനഞ്ഞേ..." എന്ന ഗാനം ഉദാഹരണം.
'തെങ്കാശിപ്പട്ടണം', 'ലങ്ക', 'രാവണപ്രഭു', 'പഞ്ചാബിഹൌസ്', 'ഇൻഡിപെൻഡൻസ്' തുടങ്ങി പത്തോളം മലയാള ചിത്രങ്ങളിലെ ഹിറ്റു ഗാനങ്ങൾക്ക് ശബ്ദം നല്‍കി.
പ്രശസ്ത ഹാർമോണിസ്റ്റായ കെ.സി. ചെറുകുട്ടിയുടെയും കല്യാണിയുടെയും മകളായി 1973 ഏപ്രിൽ 29-നാണ് പാലക്കാട് ചിറ്റൂരിലെ അത്തിക്കോട് എന്ന സ്ഥലത്താണ് സ്വർണ്ണലത ജനിച്ചത്. പിന്നീട് കുടുംബം കർണ്ണാടകയിലെ ഷിമോഗ ജില്ലയിലെ 'ഭദ്രാവതി'യിലേക്ക് താമസം മാറ്റിയതിനാൽ സ്വർണ്ണലത പഠിച്ചതും വളർന്നതുമൊക്കെ കർണ്ണാടകയിലാണ്. മൂന്നാം വയസ്സിൽ സംഗീതപഠനം തുടങ്ങിയ സ്വർണ്ണലത മൂത്തചേച്ചി സരോജത്തിന്റെ കീഴിൽ കർണാടക സംഗീതം അഭ്യസിച്ചു. പിന്നീട് 1987-ൽ ഇവർ, ചെന്നൈയിലേക്ക്/ മദ്രാസിലേക്കു കുടിയേറി.
ചലച്ചിത്ര പിന്നണിഗായികയാകണമെന്ന ലക്ഷ്യത്തോടെ മദ്രാസിലെത്തിയ സ്വർണ്ണലതയുടെ പ്രതിഭ തിരിച്ചറിഞ്ഞ് ആദ്യ അവസരം നൽകിയത് പ്രശസ്ത സംഗീതസംവിധായകൻ എം.എസ് വിശ്വനാഥനായിരുന്നു. 1989 മുതൽ പിന്നണിഗാനരംഗത്ത് സജീവമാണ്. ഇളയരാജ, എ ആർ റഹ്മാൻ, ദേവ, വിദ്യാസാഗർ, ഹാരിസ് ജയരാജ്, അനുമാലിക്ക്, ശങ്കർ എഹ്‌സാൽ ലോയ്, യുവാൻ ശങ്കർരാജ, മണി ശർമ തുടങ്ങി പ്രമുഖരായ നിരവധി സംഗീത സംവിധായകരുടെ ഈണത്തിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
"രാക്കമ്മാ കയ്യൈതട്ട്..."
'ദളപതി' (1991) എന്ന മണിരത്നം സിനിമയിൽ എസ് പി ബാലസുബ്രഹ്മണ്യം , സ്വർണലത എന്നിവർ ആലപിച്ച ഗാനം. വാലിയുടെ വരികൾക്ക് ഇളയരാജ സംഗീതം നൽകി. 2002-ൽ, ബിബിസി വേൾഡ് സർവീസ് നടത്തിയ ഒരു വോട്ടെടുപ്പിൽ ലോകത്തിലെ ഏറ്റവും ജനപ്രിയമായ നാലാമത്തെ ഗാനമായി ഈ ഗാനം തിരഞ്ഞെടുക്കപ്പെട്ടു.
തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും മറ്റുചില ഭാഷകളിലുമായി ഏഴായിരത്തോളം ഗാനങ്ങളാണ് സ്വർണലതയുടേതായി ഉള്ളത്. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മലയാളം, ഉർദ്ദു, ബംഗാളി, ഒറിയ ഭാഷകളിൽ സ്വർണ്ണലത ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
"ഹേ രാമാ.. യെ ക്യാ ഹുആ..."
'കാതലനി'ലെ "മുക്കാല മുക്കാബുല..", 'ഇന്ത്യനി'ലെ "മായാ മച്ചീന്ദ്രാ മച്ചം പക്കം വന്തേരാ...", 'ബോംബെ'യിലെ "കുച്ചി കുച്ചി രാക്കമ്മാ...", 'അലൈപായുതേ'യിലെ "എവനോ ഒരുവന്‍...’, 'ജെൻ്റിൽമാനി'ലെ "ഉസലാംപെട്ടി പെണ്‍കുട്ടി...", 'കാതൽ വൈറസി'ലെ "യെന്തെന്‍ വാനില്‍...", 'മുതൽവനി'ലെ "ഉളുന്തു വിതൈകയിലേ..", 'രക്ഷകനി'ലെ "മെർക്കുറിപ്പൂക്കള്‍...", 'ഉയിരേ'യിലെ "പൂങ്കാട്രിലേ...", 'ചിന്നത്തമ്പി'യിലെ "പോവോമാ ഊർക്കോലം...", 'തേവർമകനി'ലെ "മാനാ മകളാ..", 'ദളപതി'യിലെ "രാക്കമ്മാ കയ്യൈതട്ട്...", 'വള്ളി'യിലെ "എന്നുള്ളേ എന്നുള്ളേ..." തുടങ്ങിയവ സ്വര്‍ണലത ആലപിച്ച ഹിറ്റ് ഗാനങ്ങളാണ്.
ദേശീയ അവാർഡു ലഭിച്ചത്തിനു (1994-ൽ) പുറമെ, 1991-ലും 1994-ലും 2000-ലും മികച്ച ഗായികയ്ക്കുള്ള തമിഴ്‌നാട് സർക്കാരിന്റെ പുരസ്‌കാരവും സ്വർണ്ണലതയെ തേടി എത്തിയിട്ടുണ്ട്. കൂടാതെ 1994-ൽ തമിഴ്‌നാട് സർക്കാർ കലൈമാമണി പുരസ്‌കാരവും 1995-ൽ ആന്ധ്ര സർക്കാർ നന്തി പുരസ്‌കാരവും നൽകി സ്വർണ്ണലതയെ ആദരിച്ചിട്ടുണ്ട്
മലയാളത്തിൽ പാടിയ 'മോഹം' (ആൽബം - 2008) ആയിരുന്നു അവസാനത്തേത്:
"കുടജാദ്രിയില്‍ കുട ചൂടുവാന്‍
കോടമഞ്ഞ് പോലെയേ പ്രണയം ...
തഴുകുന്നു എന്നെ പുണരുന്നു
രാഗസാന്ദ്രമാണീ പ്രണയം ..."
ഈ ഗായികയുടെ ആലാപനത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനമിതാണെന്നതിൽ സംശയമില്ല......
സ്വർണലത അവിവാഹിതയായിരുന്നു.
2010 സെപ്റ്റംബർ 12-നാണ് ശ്വാസകോശ രോഗത്തെ (Idiopathic lung disease) തുടർന്ന്, വെറും 37-ാം വയസിൽ, സ്വർണലത വിടവാങ്ങിയത്; സ്വർണലതടെ ശവമഞ്ചയാത്രയിൽ "പോരാളേ പൊന്നുത്തായ്..." ശോകഗാനം ആലപിക്കപ്പെട്ടു; അവർക്കു ദേശീയ അവാർഡ് നേടികൊടുത്തതാണ് ഈ ഗാനം.
'സുവർണ്ണലത : സംഗീത ജീവതം' എന്ന ശീർഷകത്തിൽ ഈ അനശ്വര ഗായികയെക്കുറിച്ച്, യേശുദാസ്, ജയചന്ദ്രൻ, ചിത്ര തുടങ്ങിയ ഗായകരും മറ്റനേകം സംഗീതജ്ഞന്മാറും നിരൂപകരും എഴുതിയ അവധി ലേഖനങ്ങളും ഓർമ്മക്കുറിപ്പുകളും ഉൾക്കൊളളിച്ച് 'മുത്തേടത്ത് സുരേഷ് ബാബു' എഡിറ്റുചെയ്ത ഒരു ഗ്രന്ഥം (2025- 320 പേജുകൾ) മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട. ഇതിനും അതിൻ്റെ അനേകം പതിപ്പുകൾ പുറത്തുവന്നു കഴിഞ്ഞു....