
പന്ത്രണ്ട്, ലോനപ്പന്റെ മാമ്മോദീസാ എന്നീ ചിത്രങ്ങളുടെ എഴുത്തുകാരനും സംവിധായകനുമായ ലിയോ തദ്ദേവൂസിന്റെ പുതിയ ചിത്രം 'ചെവിട്ടോര്‍മ' ട്രെയിലര്‍ എത്തി.
ഒക്ടോബറില്‍ നടക്കുന്ന കൊറിയയിലെ ബുസാന്‍ ഇന്റര്‍നാഷ്‌നല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ഔദ്യോഗികമായി ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
വിന്‍ഡോ റ്റു ഏഷ്യന്‍ സിനിമ എന്ന വിഭാഗത്തിലാണ് ചിത്രം അവിടെ പ്രദര്‍ശിപ്പിക്കുക. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫെസ്റ്റിവലുകളിലൊന്നാണ് ബുസാന്‍ ചലച്ചിത്ര മേള.
ദിലീഷ് പോത്തനും പൗളി വത്സനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഓസ്ട്രേലിയന്‍ കമ്പനിയായ സ്റ്റോപ്പ് വിഞ്ചിംഗ് ഫിലിംസ്, ലവ്ലി ഫ്രെയിംസ്, അണ്‍കോംബ്ഡ് ബുദ്ധ, എസ് ഫോര്‍ സിനിമാസ് എന്നീ ബാനറുകളിലാണ്.
ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ആയ സ്റ്റീഫന്‍ സക്കറിയാസിന്റെ നേതൃത്വത്തില്‍ ലോകന്‍ രവി, സാജന്‍ ബാലന്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം.
ദേശീയ, രാജ്യാന്തര തലങ്ങളില്‍ ശ്രദ്ധ നേടിയ എഡിറ്റര്‍ കാര്‍ലോ ഫ്രാന്‍സിസ്‌കോ മനടാഡ് (ഫ്രാന്‍സ്), സംഗീത സംവിധായകന്‍ മിലാദ് മോവഹെദി (ഇറാന്‍) തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.