Image

ഗണേശചതുർത്ഥി ( ചിലമ്പ് : സപ്ന അനു ബി. ജോർജ്ജ് )

Published on 14 September, 2026
ഗണേശചതുർത്ഥി  ( ചിലമ്പ് : സപ്ന അനു ബി. ജോർജ്ജ് )

ഗണേശചതുർത്ഥി പ്രധാനമായും ഭഗവാൻ ഗണപതിയുടെ ജന്മദിനമായി ആചരിക്കുന്ന ഹിന്ദു ഉത്സവമാണ്.

വിശ്വാസപ്രകാരം വിഘ്നങ്ങൾ നീക്കുന്ന ദൈവമാണ് ഗണപതി.അതുകൊണ്ട് പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ ഗണപതിയെ ആദ്യം പ്രാർത്ഥിക്കുന്നു.ബുദ്ധിയുടെയും ജ്ഞാനത്തിന്റെയും ദൈവം എന്ന നിലയിൽ ഗണപതിയെ ആരാധിക്കുന്നു.ഐശ്വര്യം,സമാധാനം,വിജയം എന്നിവയ്ക്കായി പ്രാർത്ഥിക്കുന്നു.ജീവിതത്തിലെ തടസ്സങ്ങൾ മാറി നല്ല വഴികൾ തുറക്കണമെന്നതാണ് പ്രധാന പ്രാർത്ഥന.ഗണപതിയുടെ മൺപ്രതിമ സ്ഥാപിച്ച് പൂജിക്കുകയും പിന്നീട് ജലത്തിൽ നിമജ്ജനം ചെയ്യുകയും ചെയ്യുന്നത് വന്നതെല്ലാം പ്രകൃതിയിലേക്ക് തന്നെ മടങ്ങുന്നു എന്ന ആശയത്തെയും പ്രതിനിധീകരിക്കുന്നു. ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ ആചരിക്കുന്ന ഈ ഉത്സവം,വീടുകളിലെ പൂജകൾ,പൊതു ആഘോഷങ്ങൾ,സാംസ്കാരിക പരിപാടികൾ,കൂട്ടായ്മകൾ എന്നിവയും നടക്കുന്നു. ഇന്ത്യയിലുടനീളം ആചരിക്കാറുണ്ടെങ്കിലും മഹാരാഷ്ട്രയിലാണ് ഇതിന്റെ ആഘോഷങ്ങൾ ഏറ്റവും വിപുലമായി നടക്കുന്നത്.

പ്രാധാനമായും ഹിന്ദു കലണ്ടറിലെ ഭാദ്രപദ മാസത്തിലെ ശുക്ലപക്ഷത്തിലെ നാലാം ദിവസമാണ് ഈ ഉത്സവം നടക്കുന്നത്,ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബർ മാസങ്ങളിലാണ് വരുന്നത്.ഈ സമയങ്ങളിൽ ഗണപതിയെ ആരാധിക്കുന്നത് അറിവ്, സമൃദ്ധി, വിജയം എന്നിവയ്ക്കുള്ള അനുഗ്രഹം നൽകുമെന്നും,സുപ്രധാനമായ കാര്യങ്ങൾക്ക്മുൻപ് മാർഗനിർദേശം തേടാനുള്ള ഒരു അവസരമായി ഇത് കണക്കാക്കപ്പെടുന്നു.

ആഘോഷങ്ങളും ആചാരങ്ങളും പാചകവും സാധാരണയായി മൂന്നു ദിവസമുണ്ട്.വീടുകളീലും,കൂട്ടായ്മകളീലും പൊതു പന്തലുകളിലും ഗണപതി വിഗ്രഹങ്ങൾ ഉണ്ടാക്കി പ്രതിഷ്ടിക്കുകയും പൂക്കളും ലൈറ്റുകളും വെച്ച് അലങ്കരിക്കുന്നു.മൂന്നു ദിവസവും ആരതി,പ്രാർത്ഥനകൾ,ഭക്തിഗാനാലാപനം എന്നിവയും നടത്തപ്പെടുന്നു. ഗണപതിക്ക് ഏറ്റവും പ്രിയപ്പെട്ട മധുരപലഹാരമായ 'മോദകം' ആണ് നിവേദ്യങ്ങളിൽ പ്രധാനം.ഇതിനുപുറമെ പഴങ്ങൾ,തേങ്ങ,സസ്യാഹാരങ്ങളും നിവേദ്യത്തിനായി സമർപ്പിക്കാറുണ്ട്.മൂന്നാം ദിവസം ഗണേശവിഗ്രഹം കടലിൽ ഒഴുക്കുന്നതെങ്കിലും ആചാരങ്ങളും കുടുംബപാരമ്പര്യങ്ങളും അനുസരിച്ച് ഒന്നു മുതൽ പത്ത് ദിവസംവരെയും നീണ്ടുനിൽക്കുന്ന പൂജകളാണ് നടക്കാറുള്ളത്.

മോദകത്തിന്റെ പ്രത്യേകത

സാധാരണയായി അരിപ്പൊടി കൊണ്ടുള്ള പുറം നിറച്ച് ആവിയിൽ വേവിക്കുന്ന ‘ഉക്കടിച്ചെ മോദക്’ എന്നാണ് മഹാരാഷ്ട്രയിൽ ഇതിറിയപ്പെടുന്നത്.ഉള്ളിൽ തേങ്ങയും ശർക്കരയും ചേർത്ത് നമ്മുടെ നാട്ടിൽ കൊഴുക്കട്ട ഉണ്ടാക്കുന്ന അതേ രീതിതന്നെയാണ്,രൂപത്തിൽ അല്പം വ്യത്യാസമുണ്ടെന്നു മാത്രം.ആ രൂപം ജ്ഞാനത്തിന്റെയും ആത്മീയ മധുരത്തിന്റെയും പ്രതീകമായി കാണപ്പെടുന്നു.ചിത്രങ്ങളിൽ ഗണപതിയുടെ കൈയിൽ പലപ്പോഴും ഒരു മോദകം കാണാറുണ്ട് എന്നതും അതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നു. ഗണപതിക്ക് 21 മോദകം സമർപ്പിക്കുന്നത് ചിലയിടങ്ങളിൽ പൂജയുടെ പ്രത്യേകതയായി കാണാം.എന്നാൽ നിർബന്ധമായും 21 എണ്ണം വേണമെന്നില്ല; ഭക്തിയോടെ സമർപ്പിക്കുന്ന മോദകങ്ങളെല്ലാം നൈവേദ്യങ്ങൾ തന്നെയാണ്.

‘ഗണേശവിസർജനം’ എന്ന ഈ പൂജയുടെ അവസാനം നദി,തടാകം,കടൽ അല്ലെങ്കിൽ പ്രത്യേകം തയ്യാറാക്കിയ കൃത്രിമ ജലാശയത്തിൽ വിഗ്രഹം നിമജ്ജനം ചെയ്യുന്ന ചടങ്ങായ 'ഗണേശ വിസർജന'ത്തോടെയാണ് ഉത്സവം സമാപിക്കുന്നത്.എല്ലാ രൂപങ്ങളും താൽക്കാലികമാണെന്നും ഭക്തരെ അനുഗ്രഹിക്കുന്നത് തുടരുമ്പോൾ തന്നെ ദൈവികചൈതന്യം പ്രപഞ്ചത്തിന്റെ മൂലസ്രോതസ്സിലേക്ക് തിരികെ പോകുന്നുവെന്നുമുള്ള വിശ്വാസത്തെയാണ് ഈ വിസർജ്ജനം പ്രധിനിധീകരിക്കുന്നത്.പരിസ്ഥിതി ദോഷങ്ങൾ കുറയ്ക്കുന്നതിനായി പലയിടങ്ങളിലും കളിമൺ വിഗ്രഹങ്ങളും പ്രകൃതിദത്തമായ അലങ്കാരങ്ങളും ഉപയോഗിക്കുന്നത് ഇക്കാലത്ത് ധാരാളമായി പ്രോത്സാഹിപ്പിക്കുന്നുണ്ട്.

സാംസ്കാരികവും മതപരവുമായ പ്രാധാന്യങ്ങൾക്കപ്പുറം കുടുബവും സമൂഹവും ഒരുമിച്ചാഘോഷിക്കുന്ന  ഉത്സവമായിട്ടാണ് ഗണേശചതുർത്ഥിയെ എല്ലായിടത്തും കണക്കാക്കുന്നത്.സാമൂഹികമായ ഐക്യം വളർത്താനും,വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകളെ ഒന്നിപ്പിക്കാനും സേവനപ്രവർത്തനങ്ങളിൽ പങ്കാളികളായിക്കുക എന്നുള്ള ഒരു സന്ദേസവും  ഈ ഉത്സവം പ്രതിഫലിപ്പിക്കുന്നു.

ചുരുക്കത്തിൽ “വിഘ്നങ്ങൾ മാറി, ബുദ്ധിയും ഐശ്വര്യവും സമാധാനവും ജീവിതത്തിൽ നിറയട്ടെ” എന്ന പ്രാർത്ഥനയോടെയാണ് ഗണേശചതുർത്ഥി അവസാനിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക