Image

ദിശമാറുന്ന പൊതുബോധം; ലേഖനം, എം.തങ്കച്ചൻ ജോസഫ്

Published on 10 September, 2026
ദിശമാറുന്ന പൊതുബോധം; ലേഖനം, എം.തങ്കച്ചൻ ജോസഫ്


ഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയവഴി വ്യാപകമായി പ്രചരിച്ച ഒരു സംഭവത്തിന്റെ ചിത്രങ്ങളാണ് പോസ്റ്ററിൽ ഉള്ളത്, ലിവിങ് ടൂഗതർ കാമുകിയായ യുവതിയെ മറ്റൊരാളുടെ ഒപ്പം കാണുകയും സംശയിക്കപ്പെടുകയും ചെയ്തപ്പോൾ അവിടെ തന്നെ വെച്ചു യുവതിയെ കഴുത്തിന് ചവിട്ടി കൊന്ന പ്രതിയാണിത് എന്നാണ് അറിയുന്നത്.

ഒരു ബസ്റ്റാന്റിൽ വെച്ച് ഗുജറാത്ത് പോലീസ് ഇയാളെ  കെട്ടിയിട്ട് വളരെയധികം ക്രൂരമായും മൃഗീയമായും തല്ലിച്ചതയ്ക്കുന്ന വീഡിയോ ഹൃദയമുള്ളവർക്ക് കണ്ടു നിൽക്കുവാനാകില്ലെങ്കിലും സോഷ്യൽമീഡിയയിൽ ഭൂരിഭാഗവും ഇതിനെ അഭിനന്ദിക്കുന്നതായിട്ടാണ് കാണുവാൻ കഴിഞ്ഞത്. എന്നാൽ ഏതുതരം പ്രതി ആയിരുന്നാലും,
യഥാർത്ഥത്തിൽ ആ യുവാവ് ചെയ്തതും പോലീസ് ചെയ്തതും ക്രിമിനൽ കുറ്റം തന്നെയാണ്.ഈ സംഭത്തിൽ ആ പോലീസുകാരും പ്രതിയും തമ്മിൽ യാതൊരു വിത്യാസവും ഇല്ല, എന്തെന്നാൽ പോലീസും നിയമവ്യവസ്‌ഥക്കുള്ളിലാണ് പ്രവർത്തിക്കേണ്ടത്,

പക്ഷെ ഈ ക്രൂര പ്രവർത്തിയെ പൊതു സമൂഹം പ്രകീർത്തിക്കുക വഴി നമ്മുടെ പൊതു ബോധത്തിന്റെ ദിശ വളരെ ക്രിമിനലിസമായ ഒരു തലത്തലേക്ക് മാറുന്നു എന്നതാണ് യാഥാർത്ഥ്യം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചെറിയ ചെറിയ കുറ്റങ്ങൾക്ക് പോലും ആളുകളെ കെട്ടിയിട്ട് തല്ലുകയും കൊല്ലുകയും ചെയ്യുന്ന  ആൾക്കുട്ടങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ഇതിന്റെ തെളിവാണ്.
ഇതിനൊക്കെ കാരണമാകുന്നത് രാജ്യത്തെ നിയമവാഴ്ച്ചകളുടെ അപര്യാപ്തതകളും തന്നെ,

ക്രൂരമായ ഒരു നിയമ ലംഘനമാണ് ഈ പ്രതി ചെയ്തതെങ്കിൽ  നിയമ വാഴ്ച്ചയുള്ള ഒരു രാജ്യത്ത് ചെയ്യാൻ പാടില്ലാത്ത നിയമലംഘനമാണ് പോലീസും ചെയ്തിരിക്കുന്നത്. അയാളുടെ കുറ്റത്തെ ശക്തമായ കൂടുതൽ തെളിവുകളോടെ പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കുകയും പരമാവധി ശിക്ഷ വാങ്ങി കൊടുക്കുകയും ചെയ്യുക എന്നതാണ് പോലീസിന്റെ ചുമതല. 

പത്തും പതിനാറും വയസുള്ള പെൺകുട്ടികളെ വരെ തട്ടിക്കൊണ്ടുപോയി വളരെയധികം ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്യുകയും  ഒടുവിൽ ജീവനോടെ കത്തിച്ചു കളയുകയും ചെയ്യുന്ന പ്രതികൾക്ക് പോലും ഉടൻ ജാമ്യവും രണ്ടോ മൂന്നോ മാസത്തെ വിചാരണ തടവിന് ശേഷം ഭരണ കക്ഷിയുടെ ആളുകൾ തന്നെ അവരെ പൂമാലയിട്ട് സ്വീകരിക്കുകയും ചെയ്യുന്നത് കാണുന്ന പൊതു ജനം, വളരെ സെലക്ടീവായി മാത്രം ചില പ്രതികൾക്കെങ്കിലും  ഇതുപോലെ പോലീസ് തന്നെ ശിക്ഷ വിധിക്കുകയും ശിക്ഷ നടപ്പാക്കുകയും ചെയ്യുന്നത് കാണുമ്പോൾ  വൈകാരികമായി ആവേശം കൊള്ളുക സ്വാഭാവികമാണ്. എന്നാൽ ഇത്തരം പ്രോത്സാഹനം ഗൗരവമുള്ള തെറ്റുമാണ്, കാരണംമകളെ ബലാത്സംഗം ചെയ്ത ഉന്നതനായ പ്രതിക്കെതിരെ പരാതിയുമായി പോലീസ് സ്റ്റേഷനിൽ ചെന്ന പിതാവിനെ ക്രൂരമായി മർദ്ദിച്ചു കൊന്നതും കോവിഡ് കാലത്ത് കട അടച്ചില്ലെന്ന നിസാര കുറ്റത്തിന് അച്ഛനേയും മകനെയും പോലീസ്സ്റ്റേഷനിൽ തന്നെ ഒരുമിച്ചു മർദ്ദിച്ചു കൊന്ന സംഭവങ്ങളും നമ്മുടെ നാട്ടിൽ നമുക്ക് മുന്നിൽ മായാതെ നിൽപ്പുണ്ട്. മതിയായ തെളിവില്ലാതെ,വിചാരണയില്ലാതെ പ്രതികൾക്ക് പോലീസ് ശിക്ഷ വിധിക്കുകയും നടപ്പാക്കുകയും ചെയ്താൽ അതിൽ എത്രത്തോളം നീതിയും സത്യവും ഉണ്ടെന്ന് പറയുവാൻ കഴിയില്ല, അങ്ങനെയാണെങ്കിൽ രാജ്യത്ത്  കോടതികളുടെ ആവശ്യം വരുന്നില്ലല്ലോ..

ഏതു നിരപരാധികളെ വരെ ഈ വിധത്തിൽ കേസെടുത്തു ശിക്ഷ നടപ്പാക്കാൻ കഴിയുന്നതാണ്, കുറ്റവാളികളായി പിടികൂടുന്നവരെ വിചാരണ കൂടാതെ വെടി വെച്ചു കൊന്നു കളയുമ്പോൾ തുള്ളി ചാടുന്ന എത്ര പേർക്ക് അറിയാം അതിലൂടെ രക്ഷപെടുന്നത് ഉന്നതരായ യഥാർത്ഥ പ്രതികൾ ആണെന്ന്.

പോലീസ് നടപികൾ കർശ്ശനമാക്കേണ്ടത് നല്ലത് തന്നെ, എന്നാൽ രാജ്യത്ത്‌ ഇന്ന് നടക്കുന്നത്  ദളിതുകളും പിനോക്കക്കാരായ ന്യുനപക്ഷങ്ങളും പ്രതികളായി വരുമ്പോൾ മാത്രമാണ് പൊതുജന മധ്യത്തിൽ കെട്ടിയിട്ട് ഈ സംഭവത്തിലേത് പോലെ ജീവനോടെ അവരുടെ ഇറച്ചി അടിച്ചു വെള്ളമാക്കി കളയുന്നത്!  പോലീസിന്റെ ഈ ആവേശത്തിന് പിന്നിൽ പ്രതിയുടെ പേര് ഫൈസൽ ഖാൻ എന്നായത് ആണെങ്കിൽ കൊല്ലപ്പെട്ടത് ഒരു ഹിന്ദു യുവതിയായതിൽ ആയിരിക്കാം,.

നിയമവാഴ്ച്ചയുള്ള ഒരു രാജ്യത്ത് ഇത്തരം കാഴ്ച്ചകൾ കുറ്റകൃത്യങ്ങൾക്ക് എതിരായിട്ടുള്ള ഒരു പ്രയോഗമല്ല,മറിച്ച് മത ന്യുനപക്ഷങ്ങൾക്കെതിരെയുള്ള സംഘപരിവാർ രാഷ്ട്രീയം  വിഭാവനം ചെയ്യുന്ന മതരാഷ്ടതത്തിലേക്കുള്ള ഒരു സൈക്കോളജിക്കൽ വാർ ആയി ആരെങ്കിലും വിമർശനം നടത്തിയാൽ എങ്ങിനെ അതിനെ തെറ്റു പറയാൻ കഴിയും?
അങ്ങിനെയാണെങ്കിൽ രാജ്യത്തെ ഭൂരിപക്ഷമായ ഒരു ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ചട്ടുകങ്ങൾ ആയി മാറുകയല്ലേ നമ്മുടെ അന്വോഷണ സവിധാനങ്ങൾ എന്നതാണ് കൂടുതൽ യാഥാർത്ഥ്യം! കുറ്റകൃത്യങ്ങളെ നേരിടേണ്ടത് കുറ്റകൃത്യങ്ങൾ കൊണ്ടല്ല,നിയമങ്ങൾ കൊണ്ടാണ്, പൊതുബോധം പ്രോത്സാഹിപ്പിക്കേണ്ടതും അതിനെയാണ്.

 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക