
ആരെയോ തിരയുന്നപോൽ
പാതി അടഞ്ഞ കണ്ണുകൾ—
പറയാൻ ബാക്കിയെന്നപോൽ
പാതി തുറന്ന ചുണ്ടുകൾ
പറയാതെ പറഞ്ഞ വാക്കുകൾ
കേൾക്കാനാവാതെ കാത് തുറന്ന്
നിശ്ചലയായി നോക്കി നിന്നവൾ
നിദ്രതൻ തണുപ്പിൽ കിടക്കും പ്രാണനെ
വേദന നെഞ്ചിലൊതുക്കി ഓർമ്മകളിൽ വിതുമ്പി
കണ്ണീർ വഴി തെറ്റി കരളിലേക്ക് . ഒലിച്ചിറങ്ങി
ചുറ്റും നടക്കുന്നതൊന്നുമറിയാതെ
ചുറ്റിത്തിരിയുന്നു മനസ്സ് എന്തിലോ.
ഒരു പിടിയും കിട്ടാതെ ഉള്ളം കരയുന്നു
നീറുന്ന വേദന കേൾക്കാനാവില്ല
ചുറ്റിലും കൂടി നിൽക്കുന്നവർക്കും
ഒറ്റയ്ക്കായിപോയ ജീവിതത്തിൻ
കയ്പ്പുനീർ കണ്ണീരായി ഒഴുകി
പറവകൾ പറന്നു പതിവുപോലെ
പടിഞ്ഞാറൻ ചക്രവാളത്തിലേക്ക്
പകലിന്റെ ക്ഷീണം ചുമന്ന സൂര്യൻ
പൊൻപതക്കം പോൽ തിളങ്ങി
കടലിന്റെ മാറിലേക്കലിഞ്ഞിറങ്ങി,
തിരകളിൽ അലിഞ്ഞുമാഞ്ഞു.
പതിവുപോലെ ലോകം സഞ്ചരിക്കുമ്പോഴും ;
അവളുടെ ലോകം മാത്രം നിശ്ചലമായി.
രണ്ടറ്റവും കാണാനാകാത്ത വീഥി പോലെ
മുന്നിൽ നീണ്ടുകിടക്കുന്നു ജീവിതം—
അവസാന സ്നേഹസമ്മാനമായി
ഒരുപിടി കുന്തിരിക്കം കുഴിയിലേക്കിട്ട്
അവൾ തിരിഞ്ഞു നടന്നു ലക്ഷ്യമില്ലാതെ