Image

വെള്ളിത്തിരയിലെ വിഷാദമുഖം: വേണു നാഗവള്ളി : ആർ. ഗോപാലകൃഷ്ണൻ

Published on 09 September, 2026
വെള്ളിത്തിരയിലെ വിഷാദമുഖം:  വേണു നാഗവള്ളി : ആർ. ഗോപാലകൃഷ്ണൻ

മലയാളികൾ‍ക്ക് മറക്കാനാകാത്ത നിരവധി കഥാപാത്രങ്ങളും ചിത്രങ്ങളും സമ്മാനിച്ച ഒരു കലാകാരനായിരുന്നു വേണു നാഗവള്ളി. വെള്ളിത്തിരയ്ക്ക് മുന്നിലും പിന്നിലും ആ പ്രതിഭ ഒരുപോലെ പ്രഭ പരത്തി. അഭിനയിച്ച മിക്ക കഥാപാത്രങ്ങളും സംവിധാനം ചെയ്ത പല ചിത്രങ്ങളും മലയാളി പ്രേക്ഷകർ സ്നേഹപൂർവ്വം നെഞ്ചേറ്റി.

വേണു നാഗവള്ളി വിടപറഞ്ഞിട്ട് ഒന്നര പതിറ്റാണ്ട്... ഇന്ന്, 16-ാം ചരമവാർഷിക ദിനം:

സ്മരണാഞ്ജലികൾ! 

ആകാശവാണി പ്രോഗ്രാം എക്‌സിക്യൂട്ടീവും നോവലിസ്റ്റ്, കഥാകാരൻ, റേഡിയോ നാടകകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ വ്യാഖ്യാതാനുമായിരുന്ന നാഗവള്ളി ആർ. എസ്. കുറുപ്പിന്റെ മകനാണ് വേണു. മാതാവ്: രാജമ്മ. 1949 ഏപ്രിൽ 16-ന്, കുട്ടനാട്ടിലെ രാമങ്കരിയിൽ, ജനനം.

വിദ്യാഭ്യാസം, തിരുവനന്തപുരം മോഡൽ സ്‌കൂൾ, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു. പിതാവിന്റെ പാത പിന്തുടർന്ന്, ആകാശവാണിയില്‍ അനൗണ്‍സറായി ഔദ്യോഗിക ജീവിതം തുടങ്ങി. തുടർന്ന് സിനിമയിലെത്തി.

1976-ൽ 'ചോറ്റാനിക്കര അമ്മ' എന്ന ചിത്രത്തിനു വേണ്ടി ഒരു പാട്ടു പാടിക്കൊണ്ടാണ് ചലച്ചിത്രവേദിയിലേയ്ക്ക് രംഗപ്രവേശം നടത്തിയത് എങ്കിലും ആ ഗാനം ശ്രദ്ധിക്കപ്പെട്ടില്ല. ജോർജ്‌ ഓണക്കൂറിന്റെ 'ഉൾക്കടൽ' എന്ന നോവൽ കെ.ജി. ജോർജ് ചലച്ചിത്രമാക്കിയപ്പോൾ (1979) 'രാഹുലൻ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ്‌ വേണു നാഗവള്ളി മലയാളചലച്ചിത്രവേദിയിലേക്ക്‌ ഓർക്കപ്പെടുന്ന ഒരു 'എൻട്രി' നടത്തിയത്.

'ശാലിനി എന്റെ കൂട്ടുകാരി'(1978), 'അര്‍ച്ചന ടീച്ചര്‍'(1981), 'കോലങ്ങൾ' (1981) 'ചില്ല്'(1982), 'യവനിക' (1982) 'ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്'(1983) തുടങ്ങിയ എല്ലാ ആദ്യകാല നായകവേഷങ്ങളും തുടങ്ങിയ എല്ലാ ആദ്യകാല നായകവേഷങ്ങളും വിഷാദ കാമുകന്മാരുടെ ഒരു പരിവേഷം ആ നടനിൽ ചാർത്തിക്കൊടുത്തു... "ഒരു വേണു നാഗവള്ളി ലൈൻ..."എന്ന ശൈലിതന്നെ അക്കാലത്തു് ക്യാമ്പസുകളിൽ പ്രചരിച്ചിരുന്നു... 'നായകസങ്കല്‍പ്പങ്ങള്‍ക്ക്' ഉണ്ടായിരുന്ന നിയതമായൊരു 'ധീരോദാത്ത' ഘടനയും സങ്കല്‍പ്പങ്ങളും എല്ലാം വേണു നാഗവള്ളിയുടെ നായകന്മാർ പൊളിച്ചെഴുതുകയായിരുന്നു... "1980-കളില്‍ തോളിലൊരു സഞ്ചിയുമായി മലയാള സിനിമയിലേക്ക് കടന്നുവന്ന നാഗവള്ളി ഏറെക്കുറെ മലയാളി ഹൃദയങ്ങളേയും ആ സഞ്ചിയിലാക്കി!"എന്ന് ചില നിരൂപകർ നിരീക്ഷിക്കുന്നു .

'യവനിക' എന്ന സിനിമയിൽ 'കൊല്ലപ്പള്ളി' എന്ന നടൻറെ കഥാപാത്രം ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്; അടുത്തസ്ഥാനം, 'ശാലിനി എന്റെ കൂട്ടുകാരി'-യിലെ സഹോദരൻ. 'കോലങ്ങ'ളിലെ 'ചെറിയാൻ' എന്ന കഥാപാത്രവും മികച്ചതായിരുന്നു....

'എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി'(1985), 'മീനമാസത്തിലെ സൂര്യന്‍'(1986), 'ദേവദാസ്'(1989), 'മിന്നാരം'(1994), 'ഭാഗ്യദേവത' (2009) തുടങ്ങിയ ചിത്രങ്ങൾ ഇദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ചിലതാണ്.

1978-ൽ പുറത്തിറങ്ങിയ 'ഈ ഗാനം മറക്കുമോ' എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു അദ്ദേഹം ആദ്യമായി തിരക്കഥ രചിച്ചത്. പിന്നീട് 1986-ൽ ആത്മകഥാംശമുള്ള 'സുഖമോ ദേവി' എന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചതു കൂടാതെ ആദ്യമായി സംവിധായകന്റെ മേലങ്കി കൂടി വേണു നാഗവള്ളി അണിഞ്ഞു. 'സുഖമോ ദേവി' തനിക്ക് പരിചയമുള്ള വ്യക്തികളുടെ കഥയാണെന്ന് വേണുനാഗവള്ളി പറഞ്ഞിട്ടുണ്ട്; അതിലെ ആത്മാംശമുള്ള കഥാപാത്രമായ നന്ദനെ ശങ്കർ അവതരിപ്പിച്ചു.

ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഇദ്ദേഹത്തിന്റേത് തന്നെയായിരുന്നു. 'സുഖമോ ദേവി'യ്ക്ക് പുറമേ 'അർത്ഥം', 'കിലുക്കം', 'അഹം' എന്നിവയിൽ തുടങ്ങി 2009-ൽ പുറത്തിറങ്ങിയ 'ഭാര്യ സ്വന്തം സുഹൃത്ത്' എന്നീ ചിത്രങ്ങളൊക്കെ വേണു നാഗവള്ളി തിരക്കഥയെഴുതിയതാണ്.

'സുഖമോ ദേവി' (1986), 'സർവ്വകലാശാല' (1987), 'കിഴക്കുണരും പക്ഷി' (1991), 'ഏയ് ഓട്ടോ' (1990), 'ലാൽ സലാം' (1990), 'രക്തസാക്ഷികള്‍ സിന്ദാബാദ്', 'കളിപ്പാട്ടം', 'ആയിരപ്പറ', 'അയിത്തം' തുടങ്ങി വിജയം വരിച്ച നിരവധി ചിത്രങ്ങൾ വേണു നാഗവള്ളി സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. ഇദ്ദേഹം ഏകദേശം എൺപതോളം ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും,10-ചിത്രങ്ങൾക്ക് വേണ്ടി രചന നിർവഹിക്കുകയും ചെയ്തു. 12-മലയാള ചലച്ചിത്രങ്ങൾ സംവിധാനം ചെയ്‌തിട്ടുമുണ്ട്.

വെള്ളിത്തിരയിലെ 'ദേവദാസ്' ആയിരുന്ന വേണുനാഗവള്ളിയുടെ മറ്റൊരു മുഖം മലയാളി കണ്ടത് 'കിലുക്കം' എന്ന സർവ്വകാല ഹിറ്റ് കോമഡിയുടെ തിരക്കഥാകൃത്തിന്റെ രൂപത്തിലാണ്.

മരിച്ചുപോയ പ്രിയസുഹൃത്തിന്റെ സ്മരണയ്ക്കു മുൻപിൽ സമർപ്പിച്ച 'സുഖമോ ദേവി'യുടെ രണ്ടാം ഭാഗം ചെയ്യണമെന്നത് അദ്ദേഹത്തിന്റെ പൂർത്തിയാകാത്ത ആഗ്രഹമായിരുന്നു. 1990-കളുടെ അവസാനത്തോടെ സിനിമ രംഗത്ത് നിന്നു ഏതാണ്ട് പൂർണമായി തന്നെ പിൻ‍വാങ്ങിയ വേണു നാഗവള്ളി അവസാനമായി സംവിധാനം ചെയ്തത് 2009-ൽ 'ഭാര്യ സ്വന്തം സുഹൃത്ത്‌' എന്ന ചിത്രമായിരുന്നു.

നല്ല ഒരു ശബ്ദത്തിനു ഉടമയായിരുന്ന ഇദ്ദേഹം ഏതാനും ചിത്രങ്ങൾക്കു വേണ്ടി പാട്ടുകൾ പാടിയിട്ടുണ്ടെങ്കിലും ഒരു സൗണ്ട് ആർട്ടിസ്റ്റ് എന്ന നിലയിലാണ് അദ്ദേഹത്തിന്റെ ശബ്ദം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്: 'സ്വാതിതിരുനാൾ' എന്ന ചിത്രത്തിലെ 'അനന്ത് നാഗി'ന്റേതടക്കം അദ്ദേഹം ചെയ്തിട്ടുള്ള ഡബ്ബിംഗുകൾ ശ്രദ്ധിക്കപ്പെട്ടവയാണ്.

ദീർഘകാലം കരൾ സംബന്ധിയായ രോഗത്തിനു ചികിൽസയിലായിരുന്ന വേണു നാഗവള്ളിയുടെ അന്ത്യം 2010 സെപ്റ്റമ്പർ ഒൻപതിനു തിരുവനന്തപുരത്തെ വെച്ചാണ് സംഭവിച്ചത്.

വേണു നാഗവള്ളിയുടെ ഭാര്യ മീര; മകൻ; വിവേക്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക