
ഇരട്ടപ്പഴം തിന്നാൽ ഇരട്ട പെറും , ഏതെങ്കിലും പഴത്തിന്റെ കുരു വിഴുങ്ങിപ്പോയാൽ അത് വയറ്റിൽ കിടന്നു മുളച്ചു മരമായി മൂക്കിലൂടെയും വായിലൂടെയും ചെവിയിലൂടെയും പുറത്ത് വരും എന്നൊക്കെ വിശ്വസിച്ച ഒരു നിഷ്കളങ്ക ബാല്യമാണ് ഇപ്പോൾ ഓർമ്മ വരുന്നത്. പിന്നീട് അതിനൊന്നും ഒരു അർത്ഥവും ഇല്ലെന്നു മനസ്സിലായി. ഒരിക്കൽ അദ്ദേഹം മുൻകൈ എടുത്തു സൃഷ്‌ടിച്ച രണ്ട് സുന്ദര കമിതാക്കൾ HNL ൽ ഉണ്ടായിരുന്നു. അവർ ഇവിടെ വന്നപ്പോൾ രാവിലെ ബ്രേക്ക് ഫാസ്റ്റിനു മേശപ്പുറത്ത് ഇരട്ടപ്പഴം വിളമ്പേണ്ടി വന്ന നേരത്ത് ഞാൻ തമാശ പറഞ്ഞു
"കുട്ടി തിന്നണ്ട ട്ടൊ ഇരട്ടപ്പഴം തിന്നാൽ ഇരട്ടപെറും." പെൺകുട്ടി നാണിച്ചു തല താഴ്ത്തി. മഷിയെഴുതി കറുപ്പിച്ച സുന്ദരമായ കണ്ണുകൾ പിടഞ്ഞു. സത്യം പറഞ്ഞാൽ അത്രയും ഭംഗിയുള്ള ഒരു പെൺകുട്ടിയെ ഞാൻ പിന്നീട് ഇത് വരെ കണ്ടിട്ടില്ല. തൂവെള്ള നിറത്തിന് ചേരുന്ന കടും വയലറ്റ് സാരിയാ യിരുന്നു അവളുടെ വേഷം. കാമുകന് ഇപ്പോഴത്തെ ഒരു സിനിമാ നടന്റെ മുഖഛായയും ഉണ്ടായിരുന്നു. കൈത്തണ്ടിലും കവിളിലും ഒക്കെ സ്വർണ്ണ നിറത്തിൽ കുനു കുനെ രോമങ്ങൾ ഉണ്ടായിരുന്ന ആ പെൺകുട്ടി ഇപ്പോൾ എവിടെയോ എന്തോ. അറിയില്ല. ആ പ്രണയം സഫലമായില്ല. അവർ വേറെ വേറെ ജീവിതം തിരഞ്ഞെടുത്തു. എന്തായാലും ഈ ഇരട്ട പ്പഴം അങ്ങനെ ഒരു ഓർമ്മയെ തിരികെ കൊണ്ട് വന്നു തന്നു. മുകളിലെ മുറിയിൽ അവരെ ഒറ്റയ്ക്ക് വിടില്ല എന്ന് ഞാൻ നിർബന്ധിച്ചു പറഞ്ഞാണ് ഇവിടെക്ക് വരുത്താൻ സമ്മതിച്ചത്. എന്റെ ആൺകുട്ടികൾ മുതിർന്നതിനു ശേഷവും അവരുടെ മുറിയിലേക്ക് ഒരു പെൺകുട്ടിയെയും ഞാൻ വിടില്ലായിരുന്നു . ഒരു പെൺകുട്ടി ഒരിക്കൽ കയറി പോയെങ്കിലും "ജ്യൂസ് റെഡി ആയി വേഗം വേഗം വാ കുട്ട്യോളെ "എന്ന് പറഞ്ഞു കൂവി വിളിച്ചു ഞാൻ നിമിഷ നേരം കൊണ്ട് അവരെ താഴെ വരുത്തി. ഒരു കുശുമ്പിത്തള്ള എന്നവർക്ക് തോന്നിക്കാണും. "മുള്ള് വന്നു ഇലയിൽ വീണാലും ഇല വന്നു മുള്ളിൽ വീണാലും കേട് ഇല"യ്ക്കല്ലേ എന്നാണ് എന്റെ ഒരിത്. നിങ്ങൾക്കോ? പെൺകുട്ടികൾ വീട്ടിൽ വന്നാൽ ഏറെ ശ്രദ്ധിക്കുന്ന പുരാതന കാലത്തെ ഒരു അമ്മയാണ് ഞാൻ എന്ന് വേണമെങ്കിൽ പറയാം .എന്നാൽ ധാരാളം പ്രണയഗാനങ്ങൾ കേൾക്കുന്ന, കുറച്ചൊക്കെ വായിക്കുന്ന, അത് കൊണ്ട് മാത്രം മനസ്സിന് വാർദ്ധക്യം ബാധിക്കാത്ത ഒരു ന്യൂ ജെൻ കിളവി എന്നും പറയാം വേണമെങ്കിൽ ..
ഇരട്ടപ്പഴം തിന്ന് ഇരട്ട പെറ്റവർ ആരെങ്കിലും ഉണ്ടൊ? ഒരു പൊട്ടച്ചോദ്യമാണ്. ഇരട്ടകൾ ഒരു പെണ്ണും ആണുമെങ്കിൽ അതിൽ പരം ഒരു സൗഭാഗ്യം വേറെന്തുണ്ട്? അവരുടെ വളർച്ച ഒരുമിച്ചു കാണാം. ആൺകുട്ടികൾ ശബ്ദം പരുപരുത്താൽ പൊടി മീശ കണ്ടു തുടങ്ങിയാൽ അവരുടേതായ ഒരു ലോകത്തിലേക്കു പിൻവാങ്ങും. അകന്നകന്നു പോകും. പെൺകുട്ടികൾ ചിലർ മുതിർന്നു കഴിഞ്ഞാൽ അമ്മയോട് ഒന്ന് കൂടി പറ്റിച്ചേർന്നു തുടങ്ങും. രണ്ടും സന്തോഷം. അവർ തല്ലിപ്പിടിച്ചും കളിച്ചും അങ്ങ് വളർന്നു കൊള്ളും. അതിനു സാക്ഷ്യം വഹിക്കുന്ന മാതാ പിതാക്കൾ ധന്യർ. അദ്ദേഹത്തിന്റെ പ്രിയ സുഹൃത്ത് രാജുവിന്റെ ഇരട്ടക്കുട്ടികളെ ഇടയ്ക്ക് കാണാറുണ്ട്. എല്ലാം ഒരു സന്തോഷമല്ലേ. ഇരട്ടക്കുട്ടികളെ കാണുമ്പോൾ പ്രത്യേകിച്ചും.