Image

വനിതാ ജീവനക്കാരെ മാറ്റിനിർത്തിയ വിവാദം: ബാപ്‌സ് മാപ്പുപറഞ്ഞു; ഈഫൽ ടവർ വീണ്ടും തുറന്നു

Published on 09 September, 2026
വനിതാ ജീവനക്കാരെ മാറ്റിനിർത്തിയ വിവാദം: ബാപ്‌സ് മാപ്പുപറഞ്ഞു; ഈഫൽ ടവർ വീണ്ടും തുറന്നു

പാരിസ്: ബാപ്‌സ് പ്രതിനിധി സംഘം സന്ദർശിച്ച വേളയിൽ വനിതാ ജീവനക്കാരെ ജോലിയിൽനിന്ന് മാറ്റിനിർത്തിയെന്ന വിവാദത്തിൽ ബാപ്‌സ് ക്ഷമാപണം നടത്തി. സംഭവത്തെ തുടർന്ന് ജീവനക്കാരുടെ പ്രതിഷേധത്തിൽ അടച്ചിട്ട ഈഫൽ ടവർ ചൊവ്വാഴ്ച വീണ്ടും തുറന്നു. 

സെപ്റ്റംബർ ആറിന് പാരീസിനടുത്ത് ബാപ്‌സിന്റെ പുതിയ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട പരിപാടികൾക്കിടെയാണ് ഏകദേശം 100 പേരടങ്ങുന്ന സംഘം ഈഫൽ ടവർ സന്ദർശിച്ചത്. സന്ദർശനത്തിനിടെ വനിതാ ജീവനക്കാരോട് ജോലിസ്ഥലങ്ങളിൽനിന്ന് മാറിനിൽക്കാനും ചില ഭാഗങ്ങളിലേക്ക് പ്രവേശിക്കാതിരിക്കാനും നിർദേശം നൽകിയെന്നാണ് ജീവനക്കാരുടെ സംഘടന ആരോപിച്ചത്. ചില സ്ഥലങ്ങളിൽ വനിതാ ജീവനക്കാരെ പുരുഷ ജീവനക്കാരെ ഉപയോഗിച്ച് മാറ്റിനിർത്തിയെന്നും ആരോപണമുണ്ട്. 

സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാർ സെപ്റ്റംബർ ഏഴിന് പണിമുടക്കിയതോടെ ഈഫൽ ടവർ സന്ദർശകർക്കായി അടച്ചിട്ടു. ജീവനക്കാരും മാനേജ്‌മെന്റും നടത്തിയ ചർച്ചകൾക്കു പിന്നാലെയാണ് ടവർ വീണ്ടും തുറന്നത്. 

ഈഫൽ ടവറിന്റെ നടത്തിപ്പുകാരായ എസ്‌ഇടിഇ, വനിതകളുമായുള്ള 'ഇടപെടലുകൾ പരിമിതപ്പെടുത്തണമെന്ന' ആവശ്യം സന്ദർശക സംഘത്തിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചു. ഇത്തരം വ്യവസ്ഥകൾ അംഗീകരിക്കാൻ പാടില്ലായിരുന്നുവെന്നും അത് സ്ഥാപനത്തിന്റെ മൂല്യങ്ങൾക്കും സ്ത്രീ-പുരുഷ സമത്വത്തിന്റെ തത്വങ്ങൾക്കും വിരുദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി. 

വിവാദത്തിൽ ബാപ്‌സ് ആശങ്കകൾ ഗൗരവമായി കാണുന്നുവെന്ന് വ്യക്തമാക്കി. വലിയ സംഘമായതിനാൽ മറ്റു സന്ദർശകർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ഈഫൽ ടവർ അധികൃതരുമായി ചേർന്ന് സന്ദർശനം ക്രമീകരിച്ചതാണെന്നും, തങ്ങളുടെ അറിവിൽ ആരെയും ടവറിൽ പ്രവേശിക്കുന്നതിൽനിന്ന് തടഞ്ഞിട്ടില്ലെന്നും സംഘടന അറിയിച്ചു. സംഭവത്തിൽ ആർക്കെങ്കിലും വേദനയോ അസൗകര്യമോ ഉണ്ടായിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നതായും ബാപ്‌സ് വ്യക്തമാക്കി. 

സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പാരീസ് മേയർ ഇമ്മാനുവൽ ഗ്രിഗ്വാർ അറിയിച്ചു. സ്ത്രീ-പുരുഷ സമത്വം ഈഫൽ ടവർ ഉൾപ്പെടെ എല്ലായിടത്തും പാലിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രഞ്ച് നാഷണൽ അസംബ്ലി പ്രസിഡന്റ് യായേൽ ബ്രോൺ-പിവെയും സംഭവത്തെ വിമർശിച്ചിരുന്നു. 

അതേസമയം, സംഭവത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കില്ലെന്നും വിഷയം ബന്ധപ്പെട്ട സ്ഥാപനങ്ങൾ തമ്മിലുള്ളതാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക