Image

വിത്തിനുള്ളിലെ വൃക്ഷത്തെ കണ്ട അദ്ധ്യാപകൻ

മീട്ടു റഹ്മത്ത് കലാം Published on 09 September, 2026
വിത്തിനുള്ളിലെ വൃക്ഷത്തെ കണ്ട അദ്ധ്യാപകൻ


സെപ്റ്റംബർ 5—അദ്ധ്യാപകദിനം—എന്ന് ഓർത്തപ്പോൾ മനസ്സിലേക്ക് ആദ്യം വന്നത് എന്നെ ഒരിക്കലും ക്ലാസ് മുറിയിൽ പഠിപ്പിച്ചിട്ടില്ലാത്ത പ്രൊഫ. ഡോ. സണ്ണി ലൂക്കിനെയാണ്.

എനിക്ക് അദ്ധ്യാപകർ പലരുണ്ട്. പലരിൽനിന്നും അറിവും ജീവിതപാഠങ്ങളും നേടിയിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് സണ്ണി സാർ?

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ഞങ്ങൾക്കിടയിൽ രൂപപ്പെട്ട ആത്മബന്ധത്തിലാണ് അതിനുള്ള ഉത്തരം.

2022-ലാണ് അദ്ദേഹത്തെ ആദ്യമായി അഭിമുഖം ചെയ്യുന്നത്. 'ഇ-മലയാളി'യുടെ US Profiles എന്ന സെഗ്മെന്റിനു വേണ്ടിയായിരുന്നു അത്. ലോകശ്രദ്ധ നേടിയ ശാസ്ത്രീയ ഗവേഷണങ്ങൾ നടത്തിയ അമേരിക്കൻ മലയാളി ശാസ്ത്രജ്ഞനെന്ന നിലയിലാണ് അന്ന് അദ്ദേഹത്തെ കണ്ടത്. പിന്നീട് അദ്ദേഹത്തിന്റെ പൂന്തോട്ടത്തെക്കുറിച്ച് എഴുതാൻ വീണ്ടും കണ്ടുമുട്ടി.

അവിടെനിന്ന് സംഭാഷണങ്ങൾ തുടർന്നു. ഒടുവിൽ അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതാനുള്ള ധൈര്യം നൽകുന്ന ഘട്ടത്തിലേക്കും ആ ബന്ധം എത്തി. കഴിഞ്ഞ രണ്ടു വർഷക്കാലം ആ യാത്രയുടെ ഭാഗമായി, അദ്ദേഹവുമായി നിരന്തരം സംസാരിക്കാനും അദ്ദേഹത്തിന്റെ ജീവിതവും ചിന്തകളും പ്രവർത്തനങ്ങളും അടുത്തറിയാനും കഴിഞ്ഞു. ആ യാത്രയിൽ ശാസ്ത്രജ്ഞനായ സണ്ണി ലൂക്കിനപ്പുറം ഒരു അധ്യാപകനെയും മെന്ററെയും ഞാൻ തിരിച്ചറിഞ്ഞു.

എന്നെ അദ്ദേഹം ഒരിക്കലും ക്ലാസ് മുറിയിൽ പഠിപ്പിച്ചിട്ടില്ല. പക്ഷേ ഓരോ സംഭാഷണവും പുതിയൊരു പാഠമായിരുന്നു. ഓരോ കൂടിക്കാഴ്ചയും പുതിയ ചോദ്യങ്ങളിലേക്ക് നയിച്ചു. അറിയുന്ന കാര്യങ്ങൾ പങ്കുവയ്ക്കുന്നതിലുപരി, കൂടുതൽ അറിയാനുള്ള ആകാംക്ഷ ഉണർത്തുന്ന രീതിയാണ് അദ്ദേഹത്തിന്റേത്.

സണ്ണി സാറിന്റെ ഒരു വാക്ക് ഈ അദ്ധ്യാപകദിനത്തിൽ പ്രത്യേകമായി ഓർമ വരുന്നു:

'എന്റെ വിദ്യാർത്ഥികളും എന്റെ കണ്ടെത്തലുകൾ തന്നെയാണ്.'

ഒരു ശാസ്ത്രജ്ഞനെ സംബന്ധിച്ച് അതിലേറെ മനോഹരമായ ആത്മപരിചയം മറ്റെന്താണ്?

ഒരു നല്ല അധ്യാപകൻ അറിവ് പകരുന്നയാൾ മാത്രമല്ല. ഒരു വിദ്യാർത്ഥിയുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന സാധ്യത കണ്ടെത്തി അതിൽ വിശ്വാസം വളർത്തുന്നയാൾ കൂടിയാണ്.

സണ്ണി സാറിന്റെ ശിഷ്യരുടെ ജീവിതങ്ങളിൽ അത് പലതവണ കണ്ടിട്ടുണ്ട്. ഗവേഷണത്തിലേക്ക് തിരിയാൻ പ്രേരിപ്പിച്ചവർ, വിദേശപഠനത്തിന് ധൈര്യം നൽകിയവർ, ചോദ്യങ്ങൾ ചോദിക്കാൻ പഠിപ്പിച്ചവർ, അങ്ങനെ പല ശ്രേണിയിലുള്ള വിദ്യാർഥികൾ ഗുരുവിനോടുള്ള സ്നേഹം അറിയിക്കാൻ ഫോണിൽ ബന്ധപ്പെടുന്നത് സ്ഥിരം കാഴ്ചയാണ്. ഏത് തിരക്കിലും ശിഷ്യരുടെ സ്നേഹാന്വേഷണങ്ങൾക്കും സംശയങ്ങൾക്കും ഒരുവിളിപ്പാടകലെ അദ്ദേഹമുണ്ട്.

സണ്ണി ലൂക്കിന്റെ അധ്യാപനം അദ്ദേഹത്തിന്റെ പഴയ അക്കാദമിക് അനുഭവങ്ങളുടെ ആവർത്തനമല്ല. ശാസ്ത്രരംഗത്ത് തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്ന അറിവും സാങ്കേതികവിദ്യയും തൊഴിൽസാധ്യതകളും വിദ്യാർത്ഥികളിലേക്ക് എത്തിക്കണമെന്നതാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ശ്രമം.

അമേരിക്കയിലെ സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും നേടിയ ദീർഘകാല അനുഭവം കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗവുമായി പങ്കിടുകയാണ് അദ്ദേഹം.

നിലവിൽ ബിസിഎം കോളജിൽ പ്രൊഫസർ ഓഫ് പ്രാക്ടീസ് ആയി പ്രവർത്തിക്കുന്ന അദ്ദേഹം, അക്കാദമിക് കൗൺസിലിലും അംഗമാണ്. വിവിധ വിഷയങ്ങളുടെ ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായും പ്രവർത്തിച്ച് പാഠ്യപദ്ധതികൾ കാലാനുസൃതമായി നവീകരിക്കുന്നതിലും പുതിയ കോഴ്സുകളും തൊഴിൽകേന്ദ്രീകൃത പഠനരീതികളും അവതരിപ്പിക്കുന്നതിലും ഇടപെടുന്നു.

'പ്രൊഫസർ ഓഫ് പ്രാക്ടീസ് ' എന്ന ആശയത്തിന്റെ പ്രസക്തിയും അതിലാണ്. പതിറ്റാണ്ടുകളുടെ പ്രായോഗികവും ഗവേഷണപരവുമായ അനുഭവമുള്ള ഒരാൾ ക്ലാസ് മുറിയിലെത്തുമ്പോൾ, വിദ്യാർത്ഥിക്ക് ലഭിക്കുന്നത് പുസ്തകത്തിലെ അറിവിനപ്പുറമുള്ള ഒരു ലോകമാണ്.

ജോലിയിൽ പ്രവേശിക്കുന്നതിന് എന്താണ് പഠിക്കേണ്ടത് എന്നതിലുപരി, ആ അറിവ് യഥാർഥ ലോകത്ത് എങ്ങനെ പ്രയോഗിക്കാം എന്നതാണ് അദ്ദേഹം വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത്.

ഇന്ത്യയുടെ നാഷണൽ എജ്യൂക്കേഷൻ പോളിസി (NEP) മുന്നോട്ടുവയ്ക്കുന്ന വിദ്യാഭ്യാസപരിഷ്കാരങ്ങളുടെ ഭാഗമായും വ്യവസായ-ഗവേഷണ മേഖലകളിൽ നിന്നുള്ള അനുഭവസമ്പത്തുള്ള വിദഗ്ധരെ ഉന്നതവിദ്യാഭ്യാസവുമായി ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെ കോളജുകളും സർവകലാശാലകളും കൂടുതൽ സ്വയംഭരണാധികാരത്തോടെ പുതിയ കോഴ്സുകളും പാഠ്യപദ്ധതികളും രൂപപ്പെടുത്തുന്ന സാഹചര്യത്തിൽ, വിദേശ സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും നിന്നുള്ള അനുഭവങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നത് വലിയ സാധ്യതയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ ഇടപെടലുകൾ അതിന്റെ ഒരു ഉദാഹരണമാണ്.

കട്ടിങ് എഡ്ജ് ശാസ്ത്രവും ഗവേഷണവും, പുതിയ തൊഴിൽമേഖലകളും, പ്രായോഗിക അറിവും വിദ്യാർത്ഥികളിലേക്കും അധ്യാപകരിലേക്കും എത്തിക്കുക—വിദേശത്തേക്ക് പോയ പ്രതിഭയെ തിരികെ സമൂഹത്തിലേക്ക് കൊണ്ടുവരുന്ന 'ബ്രെയിൻ ഗെയിൻ' എന്ന ആശയത്തിന്റെ പ്രായോഗിക മാതൃക കൂടിയാണിത്.

വിദ്യാർത്ഥി ഇന്ന് എന്താണെന്ന് നോക്കുന്നതിനു പകരം, നാളെ എന്താകാമെന്ന് മുൻകൂട്ടി കാണുന്നതിലാണ് ഈ അദ്ധ്യാപകൻ വ്യത്യസ്തനാകുന്നത്.അതാണ് ഒരു മെന്ററുടെ ശക്തി. എന്റെ കാര്യത്തിലും അദ്ദേഹം ചെയ്തത് അതുതന്നെയാണ്. അദ്ദേഹത്തെപ്പോലൊരാളുടെ ജീവചരിത്രം എഴുതുക എന്നത് എനിക്ക് വലിയ  ധൈര്യം ആവശ്യമായ ഒരു ശ്രമമായിരുന്നു. ഈ വലിയ ഉദ്യമത്തിനായി എന്നെ തിരഞ്ഞെടുത്തതും പ്രോത്സാഹിപ്പിച്ചതും അദ്ദേഹമാണ്.ഇതിനിടയിൽ, ഞാൻ മനസ്സിലാക്കിയ ഒരു കാര്യമുണ്ട്: ഒരു അധ്യാപകൻ നമ്മെ പഠിപ്പിക്കുന്നത് പുസ്തകത്തിലെ ഒരു അധ്യായമാകണമെന്നില്ല. എങ്ങനെ ചിന്തിക്കണം, എങ്ങനെ ചോദിക്കണം, എത്ര വലിയ സ്വപ്നം കാണണം, നമ്മുടെ കഴിവിനെ എത്ര ഗൗരവത്തോടെ എടുക്കണം—ഇവ പഠിപ്പിക്കാനും ഉൾക്കാഴ്ചയുള്ള വ്യക്തിയാണ് ഗുരു.

എന്നെ ക്ലാസ് മുറിയിൽ ഒരിക്കലും പഠിപ്പിച്ചിട്ടില്ലാത്ത, പക്ഷേ ജീവിതത്തിലെ ചില കാര്യങ്ങൾ ആഴത്തിൽ പഠിപ്പിച്ച അദ്ധ്യാപകനാണ് പ്രൊഫ. ഡോ. സണ്ണി ലൂക്ക്.

ഒരുപക്ഷേ, ഒരു അധ്യാപകന്റെ ഏറ്റവും വലിയ നേട്ടം അദ്ദേഹം എത്ര വിദ്യാർത്ഥികളെ പഠിപ്പിച്ചു എന്നതല്ല. അദ്ദേഹം എത്ര പേരിലെ സാധ്യത തിരിച്ചറിഞ്ഞു എന്നതാണ്. ആ അർത്ഥത്തിൽ, സണ്ണി സാറിന്റെ ഏറ്റവും വലിയ കണ്ടെത്തലുകൾ അദ്ദേഹത്തിന്റെ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളല്ലായിരിക്കാം. അദ്ദേഹം കണ്ടെത്തിയ മനുഷ്യരാണ്.

വിത്തിനുള്ളിലെ വൃക്ഷത്തെ കണ്ട അദ്ധ്യാപകൻ
വിത്തിനുള്ളിലെ വൃക്ഷത്തെ കണ്ട അദ്ധ്യാപകൻ
വിത്തിനുള്ളിലെ വൃക്ഷത്തെ കണ്ട അദ്ധ്യാപകൻ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക