
വെളിച്ചം ചുറ്റും നിറഞ്ഞു നിൽക്കുമ്പോഴും ഉള്ളിലെ ഇരുട്ടിൽ ഒറ്റപ്പെടുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം. ഇപ്പോൾ ഭുവനചന്ദ്രൻ എത്തിച്ചേർന്നിരിക്കുന്നത് അത്തരം ഒരു അവസ്ഥയിലാണ്.
ചിന്തകൾക്ക് തീ പിടിച്ചത് പോലെ അയാൾക്ക് തോന്നി. ഇന്ദ്രപ്രസ്ഥം അപ്പാർട്‌മെന്റ്സിന്റെ രണ്ടാം നിലയിലെ ബാൽക്കണിയിലൂടെ അയാൾ അക്ഷമയോടെ ഉലാത്തിക്കൊണ്ടിരുന്നു.
അവിടെ നിന്നാൽ നഗരത്തിന്റെ നല്ലൊരു ഭാഗം വ്യക്തമായി കാണാം. തെരുവുവിളക്കുകളുടെ പ്രകാശത്തിലൂടെ വാഹനങ്ങൾ പരക്കം പായുന്നു വിദൂരതയിൽ ഇരുണ്ടു മൂടിയ കായലിൽ നങ്കൂരമിട്ട കപ്പലിന്റെ വെളിച്ചം. ചാറ്റൽമഴയുള്ള സന്ധ്യ രാവിലേക്കു വളരുന്നു..
നിവേദിത ഇനിയും മടങ്ങി വന്നിട്ടില്ല. ജീവിതം തികച്ചും യാന്ത്രികമായി ഒഴുകുമ്പോഴും തന്നെ കാത്തിരിക്കുന്ന അവളുടെ പതിവ് ഈയിടെ തെറ്റിയിരിക്കുന്നു.
വല്ലാത്തൊരു വീർപ്പുമുട്ടലോടെ അയാൾ മുറി പൂട്ടിയിറങ്ങി. നേരത്തെ എത്തുമെന്നും പുറത്ത് പോകാമെന്നും പറഞ്ഞിട്ടും കാത്തു നിൽക്കാതെ അവൾ എങ്ങോട്ടാണ് പോയത്?
താഴേക്കിറങ്ങാൻ തുടങ്ങുമ്പോൾ തൊട്ടടുത്ത ഫ്ലാറ്റിലെ പെൺകുട്ടി മുന്നിൽ.
"നിവേച്ചി ടൗണിൽ പോയതാ. കൂടെ ഒരു ഫ്രണ്ട് ഉണ്ട്. A handsome young man. "
അയാൾ ഒന്ന് നടുങ്ങി. താൻ അറിയാതെ നിവേദിതക്കു ഒരു സുഹൃത്തോ...
തൊട്ടടുത്ത നിമിഷത്തിലാണ് ഫ്ലാറ്റിനു മുന്നിൽ വന്നു നിന്ന കാറിൽ നിന്ന് അവൾ ഇറങ്ങിയത്. വണ്ടിക്കുള്ളിൽ അപരിചിതനായ ഒരു യുവാവ്. നന്നേ വെളുത്ത നിറവും നെറ്റിയിലേക്ക് അലസമായി വീണ് കിടക്കുന്ന ചെമ്പൻ മുടിയും അയാളുടെ ഭംഗി വർധിപ്പിച്ചിരിക്കുന്നു.
ലിഫ്റ്റ് കയറിവന്ന നിവേദിതയുടെ മുഖത്ത് വല്ലാത്ത പ്രസരിപ്പ്. അവൾ കൈയിലുണ്ടായിരുന്ന കവറിൽ നിന്ന് പുറത്തെടുത്ത ചുവപ്പ് പട്ടുസാരിയുടെ തീത്തിളക്കം കണ്ണിൽ വന്നു കൊണ്ടു.
"നമുക്കൊന്ന് പുറത്ത് പോകാം. ഫുഡ് പുറത്ത് നിന്നാകാം എന്ന് പറഞ്ഞിരുന്നതല്ലേ "? അയാൾ സൗമ്യമായി പറഞ്ഞു.
"ഓ ഇനിയിന്നു വയ്യ. നഗരം മുഴുവൻ തിരഞ്ഞു നടന്നിട്ടാ സിദ്ധുവിന് ഇഷ്ടപ്പെട്ട ഈ സാരി കിട്ടിയത്. "
അയാൾ അവളെ സൂക്ഷിച്ചു നോക്കി. അവളുടെ നേർത്ത കൈത്തണ്ടയിൽ കിലുങ്ങുന്ന പച്ചക്കുപ്പിവളകൾ, ബ്യൂട്ടിപാർലർ കാണുമ്പോൾ മുഖം തിരിക്കാറുള്ള അവളുടെ മുടിയിഴകൾ നന്നായി വെട്ടി ഒതുക്കിയിരിക്കുന്നു. തുടുത്ത കവിൾത്തടങ്ങളിലും,മഷിക്കറുപ്പുള്ള കണ്ണുകളിലും പ്രണയത്തിന്റെ തിളക്കം മിന്നി മായും പോലെ.
എത്ര ശ്രമിച്ചിട്ടും അവളുടെ മുഖത്തെ ഭാവങ്ങളിൽ നിന്ന് ഒന്നും വേർ തിരിച്ചെടുക്കാനായില്ല. വസ്ത്രം മാറി ഭക്ഷണം മേശപ്പുറത്തു വെച്ച് അവൾ നേരത്തെ കിടന്നു.
അന്ന് രാത്രി അയാൾക്ക് തെല്ലും ഉറങ്ങാനായില്ല. പിറ്റേന്ന് പുലർച്ചെ അയാൾ ഉണർന്നപ്പോൾ അവൾ ഒരുങ്ങി നിൽക്കുന്നു.
"അത്യാവശ്യമായി ഒരു കാര്യമുണ്ട്. ഒരു സർപ്രൈസ് ആയിരിക്കും. "മറുപടിക്കു കാത്തു നിൽക്കാതെ അവൾ ഇറങ്ങി. കൈയിൽ പട്ടുസാരിയുടെ കവർ എടുത്തിട്ടുണ്ട്. മുടിയിഴകളിൽ മുല്ലപ്പൂ.
അവളെ ഒന്ന് തലോടാൻ കൊതിച്ച കൈകൾ പിൻവാങ്ങുന്നു. എവിടേക്കാണെന്ന ചോദ്യം നാവിൽ കുരുങ്ങുന്നു.
ഒരാൾക്ക് മറ്റൊരാളുടെ മനസ്സിലേക്കുള്ള വഴി അപ്രാപ്യമാകുന്നത് ഇങ്ങനെയാണോ?. ഒഴുക്ക് നിലച്ചു പോയ പ്രവാഹത്തിന്റെ നിശ്ചലതയിൽ മനസ്സ് വട്ടം ചുറ്റിക്കറങ്ങും പോലെ..
യാന്ത്രികമായി ദിനചര്യകൾ പൂർത്തിയാക്കി ഇറങ്ങാൻ ഒരുങ്ങുമ്പോൾ ആണ് അയാൾ മേശപ്പുറത്തു അഞ്ച് തിരിയിട്ട് വെച്ചിരുന്ന നിലവിളക്കു കണ്ടത്. ഒരു നടുക്കത്തോടെ ഇറങ്ങി നഗരത്തിലെ തിരക്കിലൂടെ കാറോടിച്ചു ഓഫീസിലേക്ക് പോകുമ്പോൾ ഒട്ടനവധി ചിന്തകളിൽ അയാൾ കുരുങ്ങിപ്പിടഞ്ഞു.
കാർ കടന്നുപോകുമ്പോഴാണ് വലതു വശത്തുള്ള രജിസ്റ്റർ ഓഫീസിനു മുന്നിൽ അയാൾ നിവേദിതയെക്കണ്ടത്. ഒപ്പം ആ യുവാവും വിവാഹവേഷത്തിൽ.. അവർക്കു മുന്നിൽ പുലരിയുടെ ഇളവെയിൽ..
മനസ്സിൽ എന്തെല്ലാമോ തകർന്നു വീഴും പോലെ. തിരികെ ഫ്ലാറ്റിലേക്ക് മടങ്ങുമ്പോൾ ഒരു മഹാദുരന്തം മുന്നിൽ കാത്തു നിൽക്കും പോലെ അയാൾക്ക് തോന്നി. ഉപാധികളില്ലാതെ ഒരുമിച്ച ഒരു ലിവിങ് ടുഗെദറിൽ നിന്ന് ഒരു മുന്നറിയിപ്പ് പോലുമില്ലാതെ അവൾ ഒഴിഞ്ഞു മാറുകയാണോ?
ക്ഷണപത്രമില്ലാത്ത, റജിസ്റ്ററിൽ ഒപ്പ് വെക്കാത്ത ജീവിതം. മനസ്സിലാണ് വിരൽത്തുമ്പാൽ ഒപ്പ് വെച്ചത് എന്നവൾ എപ്പോഴും പറയുമായിരുന്നു. ഇപ്പോൾ തന്റെ തിരക്ക് മൂലം തികച്ചും യാന്ത്രികമായ ജീവിതത്തിൽ നിന്നും അവൾ.. പടിയിറങ്ങുന്നുവോ.
ഫ്ലാറ്റിലെത്തി നൊന്തു പിടഞ്ഞു അയാൾ കിടക്കയിലേക്ക് വീണു. ഉള്ളിൽ ഒരു വേനൽക്കാറ്റ് കെട്ടു പൊട്ടിക്കുന്നു. സ്വയം അഗ്നിയായി ജ്വലിക്കാൻ മോഹിച്ച നിമിഷത്തിലാണ് കോളിംഗ് ബെൽ ശബ്ദിച്ചത്. മുഖമുയർത്താൻ ശക്തിയില്ലാതെ വാതിൽ തുറക്കുമ്പോൾ മനസ്സ് വിറ കൊള്ളുന്നത് അയാൾ വ്യക്തമായി അറിഞ്ഞു.
തുറന്ന വാതിലിലൂടെ മുല്ലപ്പൂമണവുമായി കാറ്റ് അകത്തേക്ക് കടന്നു വന്നു. മാർബിൾ തറയെ തൊട്ടുരുമ്മുന്ന പട്ടുസാരിയുടെ തീച്ചുവപ്പു ഞൊറികൾ.
വീർപ്പുമുട്ടലോടെ അയാൾ മുഖമുയർത്തി. പൊടുന്നനെ അയാൾ മറ്റൊരു നടുക്കത്തിന്റെ ചുഴിയിലേക്കു പതിച്ചു. അതിനിടയിൽ നേർത്ത ശബ്ദത്തിൽ നിവേദിത പറഞ്ഞു.
"അനുവാദമില്ലാതെ ആദ്യമായി ചെയ്ത കാര്യമാണിത്. ഇന്നൊരു ദിവസം ഇവർ ഇവിടെ കൂടുന്നു. അല്ലാതെ നിവർത്തിയില്ല... "
നിവേദിത കൊളുത്തിയ നിലവിളക്കുമായി സിദ്ധാർത്ഥനോടൊപ്പം അകത്തേക്ക് വന്ന പെൺകുട്ടിയുടെ കണ്ണുകളിൽ പ്രണയത്തിന്റെ കടൽ... നാണത്തിന്റെ നനവ്...
മുല്ലപ്പൂമണമുള്ള കാറ്റിൽ നിന്ന് നിവേദിത ചിരിച്ചു.
വിരൽത്തുമ്പു നീട്ടി വീണ്ടും അയാൾ അവളുടെ മനസ്സിൽ തൊട്ടു. അപ്പോൾ നിവേദിതയുടെ മനസ്സിനും തന്റെ വിരൽത്തുമ്പിനുമിടയിൽ ദൂരമേ ഇല്ലെന്നു ജാള്യതയോടെ അയാൾ തിരിച്ചറിഞ്ഞു.