Image

ബെന്നി നെച്ചൂരിന്റെ 'പുല്ലാന്തറയാറിലെ ചുഴികള്‍' ന്യൂയോര്‍ക്കില്‍ പ്രകാശനം ചെയ്തു.

Published on 08 September, 2026
ബെന്നി നെച്ചൂരിന്റെ 'പുല്ലാന്തറയാറിലെ ചുഴികള്‍' ന്യൂയോര്‍ക്കില്‍ പ്രകാശനം ചെയ്തു.

ന്യൂയോര്‍ക്ക്: പ്രവാസി മലയാള സാഹിത്യകാരനും എഡിറ്ററുമായ ബെന്നി നെച്ചൂരിന്റെ അനുഭവക്കുറിപ്പുകളുടെ സമാഹാരമായ 'പുല്ലാന്തറയാറിലെ ചുഴികള്‍' പ്രകാശനം ചെയ്തു. ന്യൂയോര്‍ക്കിലെ സഫേണിലുള്ള സെന്റ് മേരിസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ലളിതമായ ചടങ്ങില്‍ ഫൊക്കന പ്രസിഡന്റ് ശ്രീ. ഫിലിപ്പോസ് ഫിലിപ്പ്, പുസ്തകത്തിന്റെ ആദ്യപ്രതി ഫാ. ഡോ. രാജു വര്‍ഗീസിന് നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്.

കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി എഴുത്തുകാരന്‍ അഭിമുഖീകരിച്ച കടുത്ത ജീവിതാനുഭവങ്ങളെ സജീവമായി കുറിച്ചിട്ടിരിക്കുന്ന കൃതിയാണിത്. ഈ കൃതിയിലെ ഓരോ വാക്കുകളും ഹൃദയത്തില്‍ തട്ടുന്നതാണെന്ന് ശ്രീ. ഫിലിപ്പോസ് ഫിലിപ് പറഞ്ഞു. ബെന്നിയുടെ മാതാവ്, കുഞ്ഞനുജന്‍, കുഞ്ഞാന്റി തുടങ്ങിയ പ്രിയപ്പെട്ടവരുടെ വിയോഗം സൃഷ്ടിച്ച ആഘാതവും തീരാവേദനയും പ്രതിഫലിക്കുന്നതാണ് ഈ അനുഭവക്കുറിപ്പുകളെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, ബെന്നിയുടെ മാതാവിനെയും കുഞ്ഞനുജനെയും തനിക്ക് നേരിട്ട് പരിചയമുണ്ടായിരുന്നുവെന്നതായി സ്മരിച്ചു.

കണ്ണുനിറയാതെ ഇതിലെ ഒരധ്യായം പോലും വായിച്ചു തീര്‍ക്കാനാകില്ലെന്നും, ആദ്യത്തെ പേജ് വായിച്ചപ്പോള്‍ തന്നെ ബെന്നിയുടെ എഴുത്തുകാരന്റെ മികവിനെ തനിക്ക് അറിയാന്‍ കഴിഞ്ഞതായി . 
പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങിയ ഫാ. ഡോ. രാജു വര്‍ഗീസ് അഭിപ്രായപ്പെട്ടു.

ജീവിതത്തിലെ കഠിനമായ വെല്ലുവിളികളുടെ ചിത്രങ്ങള്‍ വായനക്കാരെ വേട്ടയാടുന്നതാണെന്ന് എഴുത്തുകാരനും പ്രവാസി നേതാവുമായ ഡോ. മത്തായി ചാക്കോ കൂട്ടിച്ചേര്‍ത്തു.

താന്‍ കടന്നുപോകുന്ന പ്രിയ പത്‌നിയുടെ വിയോഗ വേദനകള്‍ക്കിടയിലും ഈ പുസ്തകം വായിച്ചപ്പോള്‍ സങ്കടങ്ങള്‍ക്കപ്പുറം വലിയൊരു പോസിറ്റീവ് ഊര്‍ജ്ജവും പ്രത്യാശയും അനുഭവിക്കാന്‍ കഴിഞ്ഞതായി ചാക്കോ പോള്‍ പങ്കുവെച്ചു. 
അമേരിക്കയില്‍ എത്തുമ്പോഴൊക്കെ ബെന്നിയുടെ മാതാവ് പൂര്‍ണ്ണ ഉന്മേഷത്തോടെയും കൃത്യതയോടെയും ഈ ദേവാലയത്തിലെ ശുശ്രൂഷകളില്‍ പങ്കെടുക്കാറുണ്ടായിരുന്നതായുള്ള  ഓര്‍മ്മകളും  എബ്രഹാം പോത്തന്‍ എടുത്തു പറഞ്ഞു..

സങ്കടങ്ങള്‍ നിറഞ്ഞതാണെങ്കിലും പുസ്തകത്തിന്റെ ഭാഷ അതിമനോഹരവും കാവ്യത്മകവുമാണെന്ന് മുന്‍ ഫൊക്കന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ സജി പോത്തന്‍ അഭിപ്രായപ്പെട്ടു.

ബെന്നി   നെച്ചൂരിന്റെ അടുത്ത പുസ്തകത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണെന്ന് ജീമോന്‍ വര്‍ഗീസ് പറഞ്ഞു.
ഈ അനുഭവക്കുറിപ്പുകളിലെ ഓരോ വരികളും മരണമെന്ന നിത്യസത്യത്തില്‍ നിന്നും ആര്‍ക്കും മോചനമില്ലെന്ന് ഓര്‍മ്മിപ്പിക്കുന്നതാണെന്ന് ഡോ. സുജ പോത്തന്‍ ചൂണ്ടിക്കാട്ടി.


ചടങ്ങില്‍ ജീമോന്‍ വര്‍ഗീസ്, സജി പോത്തന്‍, ഡോ. സുഷ പോത്തന്‍, സാജു ജോര്‍ജ്, ചാക്കോ പോള്‍, ഡാനി കുര്യക്കോസ്, എബ്രഹാം പോത്തന്‍, വിജി മാത്യു, സൂസന്‍ വര്‍ഗീസ്, റൂബി കുര്യക്കോസ്, സാമുവല്‍ ഡാനിയല്‍, സോമ ഡാനിയല്‍, സോളമന്‍ ഡാനിയല്‍ എന്നിവര്‍ പങ്കെടുക്കുകയും ബെന്നി നെച്ചൂരിന് ഭാവുകങ്ങള്‍ നേരുകയും ചെയ്തു. ചടങ്ങില്‍ മാത്യു കുര്യക്കോസ്,മൈക്കിള്‍ കുര്യക്കോസ് എന്നീ കുട്ടികളുടെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു.

മറുപടി പ്രസംഗത്തില്‍, വേദനനിറഞ്ഞ ഈ അനുഭവങ്ങള്‍ കുറിച്ചുവെച്ചത് തന്റെ മുറിവേറ്റ ഹൃദയത്തിന് വലിയൊരു സൗഖ്യവും ആശ്വാസവുമാണെന്ന് ബെന്നി നെച്ചൂര്‍ പങ്കുവെച്ചു. കൂടാതെ, തന്റെ അഞ്ച് ചെറുകഥകള്‍ അടങ്ങിയ പുതിയ കഥാസമാഹാരം അച്ചടി പൂര്‍ത്തിയായി വരികയാണെന്നും സെപ്റ്റംബര്‍ മൂന്നാം വാരത്തോടെ വായനക്കാരിലേക്ക് എത്തുമെന്നും അദ്ദേഹം അറിയിച്ചു.  

നിരവധി ഫൊക്കന സുവനീറുകളുടെയും മറ്റ് സാംസ്‌കാരിക പ്രസിദ്ധീകരണങ്ങളുടെയും എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുള്ള ബെന്നി നെച്ചൂര്‍, മുന്‍കാല ഫൊക്കന സുവനീറുകളില്‍ നിന്നുള്ള മികച്ച ലേഖനങ്ങള്‍ ശേഖരിച്ചു എഡിറ്റ് ചെയ്യുന്നതിലും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

വടക്കേ അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ജീവിതം തുടിക്കുന്ന 65 കഥകള്‍ കോര്‍ത്തിണക്കി അദ്ദേഹം എഡിറ്റ് ചെയ്ത 'അമേരിക്കന്‍ കഥക്കൂട്ടം', മൂന്നു നാടകങ്ങള്‍ അടങ്ങിയ 'പുല്ലാന്തറയാറിലെ രംഗമഞ്ചങ്ങള്‍' എന്നീ പുസ്തകങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പുതിയ അനുഭവക്കുറിപ്പ് പുറത്തിറങ്ങുന്നത്.

പുസ്തക വിവരങ്ങള്‍:

കൃതി: പുല്ലാന്തറയാറിലെ ചുഴികള്‍ (അനുഭവക്കുറിപ്പുകള്‍)

രചന: ബെന്നി നെച്ചൂര്‍

പ്രസാധകര്‍: ഗ്രീന്‍ ബുക്‌സ്, തൃശൂര്‍

വില: ?110

ഓണ്‍ലൈന്‍ ലിങ്ക്: Green Books - Pullantharayarile Chuzhikal

Amazon: https://www.amazon.in/dp/B0HJ56856W
 

Join WhatsApp News
George Thumpayil 2026-09-08 12:49:21
എല്ലാ വിധ ആശംസകളും നേരുന്നു ശ്രീ ബെന്നി.
Peter Kuriakose 2026-09-08 14:57:32
ഓരോ പ്രവാസിയും കടന്നു പോകുന്ന ജീവിതാനുഭവങ്ങളുടെ ആകെത്തുകയാണ് ബെന്നിയുടെ “പുല്ലന്തരയാറിലെ ചുഴികൾ” എന്ന അനുഭവ സാക്ഷ്യങ്ങൾ. ഞങ്ങൾക്ക് വൈകാരികമായി ഏറ്റവും അടുത്ത മൂവാറ്റുപുഴയാർ നെച്ചൂരിൽ വച്ച് “പുല്ലന്തരയാർ “ എന്ന പേരിൽ നാട്ടുകാരുടെ സ്വകാര്യ അഹംകാരമായി മാറുന്നു. ഈ പുഴയുടെ പശ്ചലത്തിൽ എനിക്ക് ഏറ്റവും വേണ്ടപ്പെട്ടവരുടെ ഓർമ്മകൾ ബെന്നി വളരെ വികാരനിർഭരമായി അളന്നു കുറിച്ച വാക്കുകളിലൂടെ കുത്തിക്കുറിക്കുമ്പോൾ പഴയ ഓർമ്മകൾ വീണ്ടും മനസ്സിലൊരു നൊമ്പരമായി പുനർജനിക്കുന്നു.
രാജീവ് പഴുവിൽ 2026-09-11 00:23:41
എഴുത്തുകാരനും പുസ്തകത്തിനും എല്ലാ ആശംസകളും. ധാരാളം വായിക്കപ്പെടട്ടെ. ഇനി വരാനിരിക്കുന്ന കഥാസമാഹാരത്തിനും ആശംസകൾ നേരുന്നു ❤👍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക