
ഓണത്തിന് സിനിമകാണാൻ പോകാത്തവരാരുമില്ല.വേണോ?ആ പിള്ളാരുടെ കൂടെ കുറെ നാളായി ഒരു പൊപ്കോണും മിൽക് ഷേക്കും കുടിച്ചിരുന്നു സിനിമ കണ്ടിട്ട്!
ഇനി എന്തിനുപോകും? പ്രേമലുവിലെ ആ സുന്ദരി കൊച്ചുണ്ടല്ലോ,മമിതാ.. കൂടെ എന്റെ ഫേവറിറ്റ് നിവിൻ പോളിയുടെ ഓണം സിനിമ,ടിക്കറ്റില്ല,ടിക്കറ്റില്ല രണ്ടു ദിവസമായി പിള്ളാരുടെ സ്ഥിരം ഡയലോഗ്.......
ടിക്കറ്റ് കിട്ടി......
സീറ്റും,നംബരും ഒന്നും നോക്കിയില്ല.അത്രമാത്രം അഭിപ്രായങ്ങൾ കേട്ടു,ഉഗ്രൻ സിനിമ,കുറെ നാളുകൂടിയാണ് ഒരു നല്ല സിനിമകാണുന്നത് എന്നുവരെ!പോപ്കോണും കാപ്പിയുമായി സീറ്റിലെത്തി,നേരത്തെ കാലത്തെ. സിനിമ തുടങ്ങിയപ്പോഴേ എവിടെ എന്റെ ഹീറോ,എന്നുതന്നെ ആലോചിച്ചിരുന്നു.മമിതായെത്തന്നെ ആദ്യസീനുകളിൽ കണ്ടപ്പോൾ സ്മാർട്ടായല്ലോ എന്നൊരു സന്തോഷവും തോന്നി........
ഒറ്റയടിക്ക് ഫ്ലാഷ്ബാക്കിലേക്ക് പോയപ്പോൾ ഇനിയെന്ത് എന്ന് തോന്നിപ്പൊയി?എന്നാൽ ഒരോസീനും മനസ്സിനു നൽകിയ അളവില്ലാത്ത ഒരു കുളിർമ്മ പറഞ്ഞറിക്കാനൊക്കില്ല.എല്ലാവരും പറഞ്ഞതിനപ്പുറം ഞാനും പിള്ളാരും ചിരിച്ചു ചിരിച്ചു വീണു.ചിരിയുടെ ശക്തിയിൽ പോപ്കോൺ ബക്കറ്റ് തെറിച്ച് താഴെയും വീണൂ കൂടെ എന്റെ ചെരുപ്പും ഊരിപ്പോയി.
ഈ ചിത്രത്തെക്കുറിച്ചുള്ള ടെക്നിക്കൽ വിവരങ്ങൾ കൂടെ ഒന്ന് പറഞ്ഞോട്ടെ........തണ്ണീർമത്തൻ ദിനങ്ങൾ, പ്രേമലു തുടങ്ങിയ ചിത്രങ്ങളുടെ സംവിധാനത്തിലൂടെ മനുഷ്യമനസുകളിലേക്ക് അനായാസം കടന്നുകയറിയ ഗിരീഷ് എ.ഡി.യാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. കൂടാതെ ഫഹദ് ഫാസിൽ,ദിലീഷ് പോത്തൻ,ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചത് എന്നുകൂടീ ആദ്യ സ്ലൈഡുകളിൽ എഴുതിക്കാണിച്ചപ്പോൾ ‘എന്തായിരുക്കും കഥ’ എന്നറിയാനുള്ള ആവേശം വർദ്ധിച്ചു എന്നുതന്നെ പറയാം.കഥയുടെ രത്നച്ചുരുക്കം ‘ടിക്കറ്റില്ല,ടിക്കറ്റില്ല’ എന്നു പറഞ്ഞ ദിവസങ്ങളിൽ ഒന്നു പരതി നോക്കി.”നഗരത്തിലെ പുതിയൊരു പ്രദേശത്തേക്ക് താമസം മാറുന്ന ആഷ്ലി എന്ന കോളേജ് പെൺകുട്ടിയും,അയൽവാസിയും പ്രായക്കൂടുതലുള്ള ജസ്റ്റിൻ എന്ന വ്യക്തിയും തമ്മിലുള്ള പ്രണയവും അതിനെത്തുടർന്ന് ഒരു കത്തോലിക്കാ കുടുംബ യൂണിറ്റിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ”. അനിയന്റെ ഷൂട്ടിംഗിനായി പലതരം കാര്യങ്ങളും ചെയ്തുകൊടുക്കുന്നതിനൊപ്പം,തന്റെ കേറ്ററിംഗിന്റെ ഏർപ്പാടുകളും തയ്യാറെടുപ്പുകളും സ്വയം നല്ല കാര്യശേഷിയോടെതന്നെ ചെയ്യുന്നു ജസ്റ്റിൻ.ഒരു മിനിറ്റുപോലും പ്രേക്ഷകരെ ബോറടിപ്പിക്കാതെ ആകാംഷയോടെ സിനിമ കണ്ടിരുന്നു.
അങ്ങനെ കിട്ടാത്തെ ടിക്കറ്റിനെ ഓടിപ്പിടിച്ച് സിനിമ കണ്ടിറങ്ങിയപ്പോൾ ഈ സിനിമ കണ്ടില്ലായിരുന്നെങ്കിൽ ഉണ്ടാകാൻ പോകുന്ന നഷ്ടം എത്രവലുതായിരിക്കും എന്നാണ് ആലോചിച്ചത്.സിനിമകൾ നല്ലതാണ് എന്ന് ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും പ്രമോഷനുകൾ നടത്തി വിജയത്തിലെത്തുന്ന ഒരു കാലഘട്ടം കൂടിയായതുകൊണ്ട് ഈ സിനിമ എത്രകണ്ട് നല്ലതായിരുന്നു എന്നാണ് ആലോചിച്ചത്.ലളിതമായ ഒരു കഥ, പ്രേക്ഷകരുടെ മനസ്സിലേക്ക് കടന്നുചെല്ലുന്ന സാധാരണക്കാരുടെ കഥ എന്നാണ് സിനിമകണ്ടിറങ്ങിയപ്പോൾ മനസ്സിൽ തോന്നിയത്. ’ന്യൂജെൻ സിനിമ’ എന്ന പേരിൽ ഇന്നൊരു ബ്രാൻഡ് തന്നെയുള്ള കാലത്ത് ഇതിന്റെ കഥ തന്നെ വളരെ സിമ്പിൾ ആണല്ലോ എന്നുള്ള സന്തോഷവും മനസ്സിൽ തോന്നി.
ഒരു കേറ്ററിംഗ് സ്ഥാപനത്തിന്റെ പാർട്ട്ണർ കൂടിയായ ജസ്റ്റിൻ എന്ന 35 വയസ്സുകാരന്റെ അയവാസിയായി എത്തുന്ന 21 വയസ്സുള്ള ആഷ്ലി എന്ന കോളേജ് വിദ്യാർത്ഥിനിയുടെയും പ്രണയകഥയാണ് സിനിമയുടെ വിഷയം.എരുമേലി കൂട്ടിക്കലിൽ നിന്ന് വളരെ സങ്കടത്തോടെയാണ് താമസം മാറി അങ്കമാലിയിലേക്ക് ആഷ്ലിയും കുടുമ്പവും വരുന്നത്.എല്ലാം അടുക്കിപ്പെറുക്കി പാക്ക് ചെയ്യുമ്പോൾ,ഒരോ കാര്യങ്ങളും നമ്മളൊക്കെ എപ്പോഴൊക്കെയോ ചെയ്തിട്ടുണ്ട് എന്നുപോലും തോന്നിപ്പോയി.പഴയ ക്യാസെറ്റുകളുടെ ഒരു പാക്കറ്റ്,പഴയ പലതിന്റെയും കൂടുകൾ ആവശ്യമുള്ളതും ഇല്ലാത്തതും തരംതിരിക്കുമ്പോൾ അമ്മ വന്ന് ആഷ്ലിയോട് പറയുന്നു ‘ആവശ്യമില്ലാത്തതൊന്ന് എടുക്കേണ്ട എന്ന്’,അതും എവിടെയൊക്കെയോ കേട്ടുമറന്നതുപോലെ തോന്നി.
പ്രേമത്തോടൊപ്പം സിനിമയിൽ കൂടെയൊഴുകയാണ്,ഒരോ സീനിലും നിറഞ്ഞുനിൽക്കുന്ന ഹാസ്യം.അതും നമ്മൾ ഓർത്തോർത്തു ചിരിക്കാൻ സാധിക്കുന്ന നിർമ്മലമായ ഹാസ്യം.അവിടെയും അത് ഉൾക്കൊള്ളിച്ചിരിക്കുന്നത് അതിസ്വാഭാവീകമായ സംഭാഷണരീതിയായിട്ടാണ്,ഇതും ഈ സിനിമയുടെ പ്രത്യേകതതന്നെയാണ്.കുടുംബബന്ധങ്ങളെ ചേർത്തുനിർത്തുന്ന പല രംഗങ്ങളും നമ്മുടെ മനസ്സിൽ നിറഞ്ഞു നിൽക്കും.എടുത്തു പറയേണ്ടവ,സഹോദര ബന്ധങ്ങൾ,സൌഹൃദങ്ങൾ പിന്നെ പ്രേമത്തിന്റെ കരുതലുകൾ, ഭയം,സങ്കടങ്ങൾ എന്നിവ നമ്മൾ ഒരോരുത്തറ്റും എവിടെയോ അനുഭവിച്ചു,കണ്ടുമറന്നവയാണെന്ന് തോന്നി.പ്രേക്ഷകന്റെ സമയം സെക്കന്റുകൾ പോലും നഷ്ടപ്പെടാതെ ഒരു ചാറ്റമഴയിൽ നനഞ്ഞു നടന്നു പോകുന്ന സുഖം തോന്നി സിനിമ കണ്ടിറങ്ങിയപ്പോൾ.എല്ലാ കഥാപാത്രങ്ങൾക്കും അവരുടേയാതെ കൃത്യമായ പങ്കാളിത്വം കാരണം കഥ ഒന്നുകൂടി മെച്ചപ്പെടുകയാണുണ്ടായത്.ഗിറ്റാർ സംഘടിപ്പിച്ചു തരാമൊ എന്ന് ചോദിക്കുന്ന ആഷ്ലിക്കായി,അതുമായി കോളേജിലെത്തുമ്പോൾ കൂടെയുള്ള കൂട്ടുകാർ കാണാതെ ജസ്റ്റിനു കൊടുക്കുന്ന ഒരു ‘കിഴുക്ക്’,കാണികൾക്ക് സ്വയം വേദനിച്ചു,എന്നു പോലും തോന്നിപ്പോയി.പിന്നെ ആദ്യമായി ആഷ്ലിയോട് സംസാരിക്കാനായി ഒരു സൂപ്പർമാർക്കറ്റിൽ നിൽക്കുമ്പോൾ ജസ്റ്റിന്റെ പേടിയും മറ്റും സത്യത്തിൽ പ്രേക്ഷകരുടെ മനസ്സിൽ മായാതെ മറയാതെ കിടക്കും തീർച്ച.തന്റെ അപ്പനമ്മമാരുടെ ഇഷ്ടത്തിനു വഴങ്ങി ജസ്റ്റിനുമായുള്ള ബന്ധം വിഛേദിച്ച്,അവരോട് സത്യം ചെയ്ത് മറ്റൊരു രാജ്യത്തേക്ക് ചേക്കേറുന്ന ആഷ്ലി വർഷങ്ങൾക്കുശേഷം തിരിച്ചെത്തുന്നു.അവിടെ ആ നിമിഷങ്ങളിലാണ് ഈ സിനിമയുടെ തുടക്കം. “ഞാനും കല്യാണത്തിനു വരുന്നുണ്ടെന്ന്” ആഷ്ലി പറഞ്ഞപ്പോൾ ചിലർക്കെങ്കിലും തോന്നിക്കാണും അത് ജസ്റ്റിന്റെ കല്യാണമായിരിക്കുമെന്ന് അപ്പനമ്മമാരുടെ മുഖഭാവത്തിൽ നിന്ന്.ഒരു അതിഗംഭീരമായ ക്ലൈമാക്സിൽ വർഷങ്ങൾക്കു ശേഷം നാട്ടിലെത്തുന്ന അഷ്ലി ശക്തമായ പ്രതികരണത്തിലൂടെ തന്റെ പ്രേമം ധന്യമാക്കുന്ന മുഹൂർത്തത്തോടെ സിനിമ അവസാനിക്കുന്നു.
മറ്റ് ചില അഭിനേതാക്കളെ എടുത്തുപറയതിരിക്കാനൊക്കില്ല,സംഗീത് പ്രതാപ്,വിനയ് ഫോർട്ട്,ശ്യാം മോഹൻ, സുരേഷ് കൃഷ്ണ,ശ്രീന്ദ,മീനാക്ഷി രവീന്ദ്രൻ തുടങ്ങിയ വലിയൊരു താരനിര ഇതിൽ അണിനിരക്കുന്നു.അതിൽ പ്രത്യേകം ഓർത്തിരിക്കാനുള്ളത് ബിന്ദു പണിക്കരുടെ ഒരു കന്യാസ്ത്രീ കഥാപാത്രമാണ്,10 മിനിറ്റിൽ കഥയുടെ ഗതി തിരിച്ചുവിടുന്നത്.വിഷ്ണു വിജയുടെ സംഗീതവും അതിമനോഹരം,ഓരൊ പാട്ടിലൂടെ കഥയുടെ പലകാര്യങ്ങളും വിശദീകരിച്ചു കാണിക്കുന്നുണ്ട്.ഓണത്തിനെത്തിയ ഈ ചിത്രം തിയേറ്ററുകളിൽ വൻ വിജയമാണെന്ന് കേൾക്കുന്നു.കൂടെ നിവിൻ പോളിയുടെ കരിയറിലെ വിജയചിത്രമായി മാറിക്കഴിഞ്ഞ ഈ ചിത്രം നൂറുകോടി ആഗോളകളക്ഷൻ നേടിയെന്നു മാത്രമല്ല,തമിഴ്,തെലുങ്ക് ഭാഷകളിലേക്കും റിലീസ് ചെയ്യപ്പെട്ടു കഴിഞ്ഞു.