
മമ്മൂട്ടിക്ക് പിറന്നാള്‍ മംഗളങ്ങള്‍ നേര്‍ന്ന് സന്തതസഹചാരി ജോര്‍ജ് പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. 35 വര്‍ഷങ്ങള്‍, ഹൃദയത്തില്‍ പതിഞ്ഞ ഒരു യാത്ര എന്ന് കുറിച്ചുകൊണ്ടാണ് ജോര്‍ജിന്റെ പിറന്നാള്‍ സന്ദേശം തുടങ്ങുന്നത്.
മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍, ഹൃദയത്തില്‍ പതിഞ്ഞ ഒരു യാത്ര. എന്റെ പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസകള്‍. 35 വര്‍ഷം മുമ്പ് ഒരു ജോലിയിലൂടെ തുടങ്ങിയ യാത്ര ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ബന്ധങ്ങളിലൊന്നായി മാറിയിരിക്കുന്നു.
മമ്മൂക്കാ, ഈ വര്‍ഷങ്ങള്‍ക്കിടയില്‍ നിങ്ങള്‍ എനിക്ക് ഒരു സഹപ്രവര്‍ത്തകനോ സുഹൃത്തോ മാത്രമായിരുന്നില്ല. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഒപ്പമുണ്ടായിരുന്ന, സ്വന്തം സഹോദരനെപ്പോലെ ഹൃദയത്തോട് ചേര്‍ത്തുവച്ച ഒരാളാണ്.
ഒരുമിച്ച് ചിരിച്ച നിമിഷങ്ങളും, പങ്കുവച്ച സന്തോഷങ്ങളും, ജീവിതത്തിലെ പല ഉയര്‍ച്ചകളും താഴ്ചകളും... 35 വര്‍ഷങ്ങള്‍ക്കിടയില്‍ ഒരുപാട് ഓര്‍മ്മകള്‍, അതില്‍ പലതും വാക്കുകളിലൂടെ പറയാന്‍ കഴിയാത്തത്ര വിലപ്പെട്ടതാണ്.
എന്റെ ജീവിതത്തിലേക്ക് നിങ്ങളെ കൊണ്ടുവന്ന ആ ബന്ധത്തിന് ഇന്നും ഒരുപാട് നന്ദിയുണ്ട്. നിങ്ങളെ പോലൊരു മനുഷ്യനെ ജീവിതത്തില്‍ ലഭിച്ചത് തന്നെ ഒരു അനുഗ്രഹമായി ഞാന്‍ കാണുന്നു.
ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ നമ്മള് ഒരുമിച്ച്, ഒരുപാട് ഓര്‍മകള്‍ കൂടി ഉണ്ടാക്കണം...ഈ സ്നേഹവും ബന്ധവും.''ജോര്‍ജ് കുറിച്ചു.
1991-ല്‍ ഐ.വി. ശശി സംവിധാനം ചെയ്ത നീലഗിരി എന്ന ചിത്രത്തിലൂടെയാണ് ജോര്‍ജ് മമ്മൂട്ടിയുടെ ഒപ്പം യാത്ര ആരംഭിക്കുന്നത്. തുടര്‍ന്ന് ജോഷിയുടെ കൗരവര്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര മേക്കപ്പ് ആര്‍ട്ടിസ്റ്റായി മാറിയ അദ്ദേഹം പിന്നീട് താരത്തിന്റെ പേഴ്സണല്‍ മേക്കപ്പ് മാനും നിഴല്‍പോലെ കൂടെയുള്ള വ്യക്തിയുമായി മാറി.
പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെ മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും അദ്ദേഹം നേടിയിട്ടുണ്ട്.
മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നതിലുപരി ലാല്‍ ജോസ് ചിത്രമായ ഇമ്മാനുവല്‍, അച്ചാ ദിന്, പുഴു എന്നീ ചിത്രങ്ങളുടെ നിര്‍മാതാവ് കൂടിയാണ് ജോര്‍ജ്.