Image

കാര്യപുരാണം (കവിത: വേണുനമ്പ്യാർ)

Published on 07 September, 2026
കാര്യപുരാണം (കവിത: വേണുനമ്പ്യാർ)

ദൈനംദിന നിശാമരണവും 
പുലർകാലപുനരുത്ഥാനവും
ഗുരുതരകാര്യമൊന്നുമല്ല
വിശ്വാസികളാകട്ടെ
അവിശ്വാസികളാകട്ടെ
അതിൽ അഴുകേണ്ട കാര്യമില്ല.

കാര്യസ്ഥൻ
കാര്യലാഭം ലാക്കാക്കിയുള്ള
ഒരസ്ഥിരക്രമീകരണം;
പൊളിയാൻ പോകുന്ന
വെറുമൊരു കെട്ടുകഥ!

കേട്ടിട്ടില്ലേ,
ക്രോധക്കാര്യത്താലൊരു 
പുമാൻ നരിയായത്രെ
തോഷക്കാര്യത്താലൊരു 
പുമാൻ പൈങ്കിളിയായത്രെ
ക്ഷുദ്രക്കാര്യത്താലൊരു 
പുമാൻ കട്ടുറുമ്പായത്രെ
പിഴച്ച ധ്യാനക്കാര്യത്താലൊരു
പുമാൻ പൂച്ചയായത്രെ!

ആനക്കാര്യത്തിനിടയിൽ
കർമ്മകാണ്ഡത്തിന്റെ
പൂച്ചക്കാര്യമെന്തിന്!

കാര്യം കാണാൻ ആന
പാപ്പാന്റെ കാലും പിടിച്ചേക്കും
കരിമ്പൂച്ചയ്ക്ക് കാര്യം പൊന്നുരുക്കുന്നേടത്ത്

വേശ്യത്തെരുവിൽ
ബ്രഹ്മചാരിക്കെന്തു കാര്യം
മദ്യവർജ്ജകന്
കള്ളുഷാപ്പിലെന്തു കാര്യം
ശ്മശാനത്തിൽ
ശിശുക്കൾക്കെന്തു കാര്യം?

അഹങ്കാരം അവധിക്ക് പോയില്ലെങ്കിൽ
കാര്യാലയത്തിൽ കാര്യം ഗുരുതരമാകും.
കളിയായെടുത്താൽ
കാര്യവും ഒരു പന്തുകളിക്ക് സമാനം.
ജയിച്ചാലും തോറ്റാലും
മരണം സമ്മാനം -
ഫ്രീ ഗോൾഡൻ ട്രോഫി!
റഫറിയുടെ തീരുമാനം 
അലംഘനീയം ആത്യന്തികം.

മരണം വെറുമൊരു   
ചൊറിയൻ ചേന
തിരക്കേറിയ കാര്യപരിപാടികൾക്കിടയിലും
കലാപരമായി ജീവിക്കാൻ നോക്കാം
ഒരു കലാപരിപാടിയുടെ
നൈരന്തര്യമായി 
ദൈനംദിന ദീനജീവിതത്തെ 
ലാഘവത്തോടെ കാണാം
അന്യരെ ചൊറിയാനുള്ള
വാസന കുറയും
സ്വന്തം അസ്തിത്വത്തിൽ
ആഴ്ന്നിറങ്ങാനുള്ള വാസനയേറും.

കാര്യസ്ഥനല്ലല്ലോ,
കാര്യമൊക്കെ നടത്തിക്കുന്നത്
കൂടസ്ഥനല്ലേ?
കൂടസ്ഥന്റെ നിഗൂഢദർശനം
മഹത്തായ ഒരു പുണ്യകാര്യം!

ഈ നിമിഷം ജീവിതത്തിൽ
കാര്യമൊന്നുമില്ലെന്നതാണ്
ഇവിടെ മഹത്തായ കാര്യം!

കാര്യമറിയാത്തവൻ കരയും
കാര്യമറിയുന്നവൻ
തഥാഗതന്റെ ചിരി 
ബീഡിക്കറ പുരണ്ട
സ്വന്തം ചുണ്ടാൽ ചിരിക്കും.
അവനെ പേടിച്ചങ്ങനെ
മാരത്തോൺ തുടരും മരണം!

പറയുന്നതിനപ്പുറം
ഈ വാക്കുകളിൽ ഒരു കാര്യവുമില്ല;
വല്ല കാര്യവും വേണമെന്ന്
ശഠിക്കുന്നവർ
ഇതിന്റെയൊക്കെ 
അർത്ഥമെന്താണെന്ന് പറഞ്ഞു തരൂ!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക