Image

ധൂമകേതുവിന്റെ കാലത്ത് സി.പി.എം കണ്ണാടി നോക്കുമ്പോള്‍; തെളിയുന്നത് ബ്രൂട്ടസിന്റേതല്ല, സ്വന്തം മുഖം മാത്രം (എ.എസ് ശ്രീകുമാര്‍)

Published on 05 September, 2026
ധൂമകേതുവിന്റെ കാലത്ത് സി.പി.എം കണ്ണാടി നോക്കുമ്പോള്‍; തെളിയുന്നത് ബ്രൂട്ടസിന്റേതല്ല, സ്വന്തം മുഖം മാത്രം (എ.എസ് ശ്രീകുമാര്‍)

കേരളത്തിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം ഇന്ന് കടന്നുപോകുന്നത് ഒരു വിചിത്രമായ കാലഘട്ടത്തിലൂടെയാണ്. ഒരിക്കല്‍ വ്യക്തിയേക്കാള്‍ വലുതായിരുന്നു പാര്‍ട്ടി. പാര്‍ട്ടിയേക്കാള്‍ വലുതായിരുന്നു ആശയം. ആശയത്തേക്കാള്‍ വലുതായിരുന്നു ജനങ്ങള്‍. എന്നാല്‍ അധികാരത്തിന്റെ 10 വര്‍ഷ സുഖവാസത്തില്‍ ഈ ക്രമം പതുക്കെ 'ഉള്‍ട്ട'യായി മാറിയെന്ന വിമര്‍ശനം ഇപ്പോള്‍ പുറത്തുനിന്നെന്ന പോലെ പാര്‍ട്ടിയുടെ ഉള്ളില്‍നിന്നും ഉയരുകയാണ്. പാര്‍ട്ടി ഒരൊറ്റ വ്യക്തിയുടെ കൈയിലെ ജോയിസ്റ്റിക്കായി മാറിയെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെ, സി.പി.എം എന്ന പ്രസ്ഥാനത്തിന്റെ പഴയ കണ്ണാടി തന്നെ അതിന്റെ മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധം ചിന്നിച്ചിതറിപ്പോയി.

പിണറായി വിജയന്‍ കേരള രാഷ്ട്രീയത്തിലെ ശക്തനായ നേതാവാണ്. ദീര്‍ഘകാല രാഷ്ട്രീയ പരിചയവും ഭരണപരമായ നിയന്ത്രണശേഷിയും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. എന്നാല്‍ അധികാരം ദീര്‍ഘകാലം ഒരേ കൈകളില്‍ കേന്ദ്രീകരിക്കുമ്പോള്‍ അതിനൊപ്പം വളരുന്ന ഏറ്റവും വലിയ അപകടം, സുഖലോലുപതയും സ്വജനപക്ഷപാതവും പണസമ്പാദനവുമാണ്. വിമര്‍ശനം ശത്രുതയായി തോന്നുകയും വിയോജിപ്പ് അച്ചടക്കലംഘനമായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നിടത്താണ് ജനാധിപത്യത്തിന്റെ ഉള്ളടക്കം ക്ഷയിക്കുന്നത്. സി.പി.എമ്മില്‍ അതിന്റെ കാരണഭൂതനാരാണെന്ന് കവടി നിരത്തേണ്ടതില്ല.

വ്യക്തികേന്ദ്രീകൃത രാഷ്ട്രീയത്തെ വിമര്‍ശിച്ച ഒരു പ്രസ്ഥാനത്തിന്റെ ഏറ്റവും ശക്തമായ വ്യക്തികേന്ദ്രമായി പിണറായി മാറിയെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. ഒരിക്കല്‍ നേതാവിനെക്കാള്‍ പാര്‍ട്ടിയാണ് പ്രധാനമെന്ന് പഠിപ്പിച്ച പ്രത്യയശാസ്ത്രത്തില്‍, പാര്‍ട്ടിയുടെ വിജയവും സര്‍ക്കാരിന്റെ നേട്ടങ്ങളും ഒടുവില്‍ മുഖ്യമന്ത്രിയുടെ വ്യക്തിപരമായ ഭരണശൈലിയുമായി ബന്ധിപ്പിക്കപ്പെടുന്ന ഏകാധിപത്യത്തിന്റെ സാഹചര്യം രൂപപ്പെട്ടു. അതിന്റെ ഗുണഫലം ലഭിച്ചപ്പോള്‍ അത് നേതൃത്വത്തിന്റെ ജനപ്രീതിയായി വാഴ്ത്തപ്പെട്ടു. തിരിച്ചടി വന്നപ്പോള്‍ അതിന്റെ ഉത്തരവാദിത്തം മുഴുവന്‍ ആ വ്യക്തിയില്‍ കേന്ദ്രീകൃതമാവുകയും ചെയ്തു. അതില്‍ നിന്ന് ഉളിയൂരാനുള്ള ശ്രമം പൊളിഞ്ഞു പാളീസായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

വിജയിച്ചാല്‍ നേതാവിന്റെ മിടുക്ക്; തോറ്റാല്‍ ജനങ്ങളുടെ തെറ്റിദ്ധാരണ. ജനാധിപത്യത്തില്‍ ഇതിലും സൗകര്യപ്രദമായ ഒരു ഗണിതം വേറെയുണ്ടാകില്ല. തിരഞ്ഞെടുപ്പ് ഫലം അനുകൂലമായപ്പോള്‍ അത് ജനങ്ങളുടെ അംഗീകാരമാകുന്നു. പ്രതികൂലമായപ്പോള്‍ ജനങ്ങള്‍ക്കുണ്ടായ തെറ്റിദ്ധാരണയാകുന്നു. ഭരണത്തിന്റെ നല്ല കാര്യങ്ങള്‍ നേതാവിന്റെ ദൂരദര്‍ശിത്വത്തിന്റെ തെളിവുകളാകുന്നു. മോശം കാര്യങ്ങള്‍ ഉദ്യോഗസ്ഥരുടെ വീഴ്ചയാകുന്നു. പാര്‍ട്ടിയിലെ സംഘടനാപരമായ പ്രശ്‌നങ്ങള്‍ താഴെത്തട്ടിലെ പ്രവര്‍ത്തകരുടെ പരാജയമാകുന്നു. ഒടുവില്‍ പരാജയത്തിന്റെ ഉത്തരവാദിത്തം അന്വേഷിച്ചിറങ്ങുമ്പോള്‍ കണ്ണാടിയില്‍ പ്രത്യക്ഷപ്പെടുന്ന മുഖം ഒഴികെ എല്ലാവരെയും കുറ്റക്കാരാക്കാനുള്ള രാഷ്ട്രീയ സാങ്കേതികവിദ്യ വികസിക്കുന്നു.

ഇത് ഒരു വ്യക്തിയുടെ മാത്രം പ്രശ്‌നമല്ല. അധികാരത്തിന്റെ സ്വഭാവം തന്നെയാണ് അങ്ങനെയുള്ള ഒരു രാഷ്ട്രീയ സംസ്‌കാരം സൃഷ്ടിക്കുന്നത്. എന്നാല്‍ പിണറായി വിജയന്റെ ഭരണകാലത്തെ വിമര്‍ശിക്കുമ്പോള്‍ ഒരു കാര്യം മറക്കാനാവില്ല. ജനങ്ങള്‍ക്ക് ഭരണകൂടത്തോട് അകലം തോന്നുന്നുവെന്ന പരാതി ശക്തമായതും,  ഉദ്യോഗസ്ഥ സംവിധാനത്തിന്റെ സമീപനത്തെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നതും, പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള അതിര്‍ത്തികള്‍ മങ്ങിയെന്ന ആരോപണങ്ങളും പല ഘട്ടങ്ങളിലും ഉയര്‍ന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് ശേഷം സി.പി.എമ്മിനകത്തെ അവലോകനങ്ങളിലും ഭരണവിരുദ്ധ വികാരം, സംഘടനാപരമായ വീഴ്ചകള്‍, സ്ഥാനാര്‍ഥി നിര്‍ണയം, പ്രചാരണത്തിലെ വ്യക്തികേന്ദ്രീകരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് അതുകൊണ്ടുതന്നെ ശ്രദ്ധേയമാണ്.

ആ അധികാരത്തിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം അധികാരത്തിന് എതിരായ വിമര്‍ശനം പരമ പുച്ഛത്തോടെ തള്ളിക്കളഞ്ഞതാണ്. പിണറായി ഭരണത്തിന്റെ രാഷ്ട്രീയ ശൈലിയെക്കുറിച്ചുള്ള വിമര്‍ശനങ്ങളില്‍ 'അഹങ്കാരം' എന്ന വാക്ക് ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്നതും അതുകൊണ്ടാണ്. ഭരണാധികാരി ജനങ്ങളോട് സംസാരിക്കുന്നതും ജനങ്ങളെ അഭിമുഖീകരിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ജനങ്ങളോട് സംസാരിക്കുമ്പോള്‍ ഭരണാധികാരി മറുപടി നല്‍കുന്നു. ജനങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ഭരണാധികാരി കണക്കു നല്‍കുന്നു. ഒരു ജനാധിപത്യ സര്‍ക്കാരിന് വേണ്ടത് രണ്ടാമത്തേതാണ്. അതില്ലാത്തതുകൊണ്ടാണ് 10 വര്‍ഷം കഴിഞ്ഞപ്പോള്‍ ജനങ്ങള്‍ ഒന്നടങ്കം ''കടക്ക് പുറത്ത്...'' എന്ന് പറഞ്ഞത്

കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന് മറ്റൊരു വലിയ വൈരുദ്ധ്യം ഉണ്ട്. തൊഴിലാളിയുടെയും സാധാരണക്കാരന്റെയും ശബ്ദമായി വളര്‍ന്ന പാര്‍ട്ടി, അധികാരത്തിന്റെ ഇടനാഴികളില്‍ നിന്ന് സാധാരണക്കാരനെ നോക്കുന്നു എന്നൊരു പൊതുബോധം രൂപപ്പെട്ടപ്പോള്‍ അതിനെ വെറും പ്രതിപക്ഷ പ്രചാരണമെന്നു പറഞ്ഞ് തള്ളി. അത് പാടില്ലായിരുന്നു. കാരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ ശക്തി അതിന്റെ അധികാരത്തിലല്ല; അധികാരത്തിനെതിരെ ജനങ്ങളോടൊപ്പം നില്‍ക്കാനുള്ള അതിന്റെ ഗതകാല ചരിത്രത്തിലാണ്. ആ ചരിത്രം മറന്നതിനാല്‍ പാര്‍ട്ടി ഒരു ഭരണകൂടമായി മാത്രം അവശേഷിക്കുകയായിരുന്നു. അവിടെ നിന്നാണ് ധൂമകേതുക്കളുടെ കാലം ആരംഭിക്കുന്നത്.

കണ്ണൂരിലെ പാര്‍ട്ടി രാഷ്ട്രീയം എന്നും ശക്തമായ വ്യക്തിത്വങ്ങളുടെയും കടുത്ത സംഘടനാ അച്ചടക്കത്തിന്റെയും രാഷ്ട്രീയ ഏറ്റുമുട്ടലുകളുടെയും കേന്ദ്രമായിരുന്നു. അതുകൊണ്ടുതന്നെ അവിടെ നിന്നുയരുന്ന ഓരോ രാഷ്ട്രീയ ശബ്ദത്തിനും സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രതിധ്വനിയുണ്ട്.  ടി.കെ ഗോവിന്ദന്‍ എം.എല്‍.എയെ തളിപ്പറമ്പിന്റെ 'ബ്രൂട്ടസ്' എന്ന കിരീടം ചാര്‍ത്തിക്കൊടുത്തത് കണ്ണൂരിന്റെ 'ധൂമകേതുവായി' ഉദിച്ചുയര്‍ന്നിരിക്കുന്ന പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ.കെ രാകേഷ് ആണെന്ന് ദേശാഭിമാനി മുന്‍ അസ്സോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍ പറയുന്നു. ഈ 'ധൂമകേതു' പിണറായി വിജയനില്‍ തന്നെ ജന്മം കൊണ്ടതാണ് എന്നതാണ് ഏറെ കൗതുകകരം. ഈ വിനാശഹേതുവിനെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ കണ്ണൂരില്‍ തന്നെ പ്രതിഷ്ഠിക്കാന്‍ അദ്ദേഹത്തിന് തോന്നിയതും യാദൃശ്ചികമാവില്ല എന്നാണ് ശക്തിധരന്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

''പിണറായിക്ക് വേണ്ടി കരുക്കള്‍ നീക്കാന്‍ കെ.കെ രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആകുന്നതാണ് നല്ലതെന്ന് പിണറായിക്ക് തോന്നിയാല്‍ അത് നടന്നിരിക്കും. കണ്ണൂരിന്റെ ചരിത്രത്തില്‍ ഈ കോലത്തില്‍ സംസാരിക്കുന്ന ഒരു ജില്ലാ സെക്രട്ടറിയെ ആരെങ്കിലും കണ്ടിട്ടുണ്ടോ? ഇപ്പോള്‍ ഇവന്‍ മതി എന്ന് പിണറായി വിജയന്‍ തീരുമാനിച്ചാല്‍ അതേ നടക്കൂ. 'ധൂമകേതു' പ്രത്യക്ഷപ്പെടുമ്പോള്‍ പലവിധ നാശനനഷ്ടങ്ങളും സംഭവിക്കുമെന്ന വിശ്വാസം ഇവിടെയും അന്വര്‍ഥമായി.76 വര്‍ഷം കൂടുമ്പോള്‍ പ്രത്യക്ഷപ്പെടുന്നതാണ് ധൂമഹേതു എന്നാണ് ഐതിഹ്യം. പക്ഷെ രാഗേഷ് ഇപ്പോള്‍ തന്നെ ഈ വാല്‍നക്ഷത്രത്തെ പൊക്കിക്കാണിക്കാന്‍ സര്‍വ്വതാ യോഗ്യനാണ്. ഇന്ത്യയില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഏറ്റവും സീനിയര്‍ നേതാവാണ് ഇതിന്റെ കാര്‍മ്മികന്‍ എന്നത് മറക്കണ്ട...'' എന്നാണ് ശക്തിധരന്റെ മോക്കിങ്.

ഒരാളെ 'ബ്രൂട്ടസ്' എന്നും മറ്റൊരാളെ 'ധൂമകേതു' എന്നും വിശേഷിപ്പിക്കുന്നത്  വെറും വ്യക്തിപരമായ അധിക്ഷേപങ്ങളായി മാത്രം കാണാനാവില്ല. അവ പാര്‍ട്ടിക്കുള്ളില്‍ വളരുന്ന അധികാരപ്പോരാട്ടങ്ങളുടെയും വിശ്വാസക്ഷയത്തിന്റെയും പ്രതീകങ്ങളായി വായിക്കപ്പെടേണ്ടതാണ്. ധൂമകേതുവിനെക്കുറിച്ചുള്ള പഴയ വിശ്വാസം അതിന്റെ വരവിനൊപ്പം നാശവും സംഭവിക്കുമെന്നാണല്ലോ. എന്നാല്‍ രാഷ്ട്രീയത്തിലെ ധൂമകേതുക്കള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അവ ആകാശത്ത് പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് പാര്‍ട്ടിക്കുള്ളില്‍ തന്നെ അതിന്റെ വാല്‍ നീളാന്‍ തുടങ്ങും. പിന്നെ അത് ചുറ്റി വരിയും. അണികള്‍ ശ്വാസം മുട്ടും. ജനങ്ങള്‍ മറിച്ച് കുത്തും.

സി.പി.എമ്മിന് മുന്നിലുള്ള യഥാര്‍ത്ഥ ചോദ്യം പിണറായി വിജയന്‍ തുടരണോ മാറണോ എന്നതിലൊതുങ്ങുന്നില്ല. അതിനേക്കാള്‍ വലിയ ചോദ്യം , പാര്‍ട്ടി വീണ്ടും പാര്‍ട്ടിയാകുമോ എന്നതാണ്. നേതാവും പാര്‍ട്ടിയും ഒന്നല്ല. സര്‍ക്കാരും പാര്‍ട്ടിയും ഒന്നല്ല. പാര്‍ട്ടിയുടെ വിജയം ഒരു വ്യക്തിയുടെ വിജയം മാത്രമല്ല. അതുപോലെ പാര്‍ട്ടിയുടെ പരാജയവും ഒരു വ്യക്തിയുടെ പരാജയം മാത്രമല്ല. ഈ അടിസ്ഥാന വ്യത്യാസങ്ങള്‍ ഇല്ലാതാകുമ്പോഴാണ് വ്യക്തികേന്ദ്രീകൃത രാഷ്ട്രീയം സംഘടനാ ജനാധിപത്യത്തെ വിഴുങ്ങുന്നത്. കേരളത്തിലെ സി.പി.എമ്മിന് ആവശ്യമുള്ളത് വലിയ ഫ്‌ളക്‌സുകളല്ല. മൈക്കുകളുമല്ല. സ്വന്തം തെറ്റുകള്‍ കേള്‍ക്കാനുള്ള ഒരു വലിയ ചെവിയാണ്. പിന്നെ വിനയവും. ഇല്ലെങ്കില്‍ വിനയാവുമെന്ന് പ്രത്യേകം പറയണോ..?

ജനങ്ങള്‍ ഒരു നേതാവിന്റെ പ്രസംഗം മറന്നേക്കാം. ഒരു സമ്മേളനത്തിലെ മുദ്രാവാക്യം മറന്നേക്കാം. ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനം പോലും മറന്നേക്കാം. പക്ഷേ തങ്ങളെ എങ്ങനെ പരിഗണിച്ചുവെന്നത് അവര്‍ മറക്കില്ല. അതാണ് പിണറായി യുഗത്തിന്റെ മുന്നിലുള്ള ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷ. ധൂമകേതുവിന്റെ വാല്‍ എത്ര നീളമുള്ളതായാലും, ഒടുവില്‍ അതിന്റെ പ്രകാശത്തെക്കാള്‍ പ്രധാനമാകുന്നത് അത് പിന്നില്‍ അവശേഷിപ്പിച്ച ഇരുട്ടാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം ഇന്ന് കണ്ണാടിക്ക് മുന്നിലാണ്. കണ്ണാടിയില്‍ കാണുന്നത്  സ്വന്തം മുഖമാണ്. സ്വന്തം മുഖം മാത്രം...

 

 

Join WhatsApp News
Jayan Varghese 2026-09-06 03:56:48
എന്തിനു പിണറായിയെ പറയണം ? മത / രാഷ്ട്രീയ രംഗങ്ങളിൽ മാത്രമല്ല മനുഷ്യാവസ്ഥ മാറ്റുരയ്ക്കുന്ന ഏതെങ്കിലും വേദികകളിൽ എന്റെ കൈ ശുദ്ധമാണ് എന്ന് പറയാൻ ചങ്കൂറ്റമുള്ള ഒരുത്തൻ എങ്കിലുമുണ്ടോ ഈ ലോകത്ത് ? വാർഷിക ടാക്സ് ഡിക്ളറേഷമുകളിൽ നിന്ന് ഒരു ഡോളറെങ്കിലും കള്ളം പറഞ്ഞ് കൈക്കലാക്കാത്ത ഒരുത്തനെങ്കിലുമുണ്ടൊ ഈ അമേരിക്കയിൽ ? നൂറു മഞ്ചാടിക്കുരുക്കളും നൂറ് കുട്ടികളുമുള്ള ഈ ജീവിതക്കളിയിൽ ഒരു കുട്ടിക്ക് മഞ്ചാടി കിട്ടുന്നില്ലെങ്കിൽ അതിന്റെ കാരണം ഏതെങ്കിലും ഒരു കുട്ടി ഒന്നിലധികം മഞ്ചാടി കൈക്കeലാക്കിയത് കൊണ്ട് തന്നെയാണ്. തിരുത്തൽ ആരംഭിക്കേണ്ടത് സ്വന്തം ജീവിതത്തിൽ നിന്ന് തന്നെയാവട്ടെ സഖാക്കളെ ? കയ്യിൽ വിപ്ലവത്തിന്റെ വിത്തുണ്ടെങ്കിൽ സ്വന്തം ജീവിത നിലങ്ങളിൽ അത് വിതച്ചു വിളവെടുക്കാത്ത ഒരുത്തനും വലിയ വായിലെ വർത്താനം പറഞ്ഞോണ്ട് വരേണ്ടതില്ല. ജയൻ വർഗീസ്.
Sunil 2026-09-06 11:15:59
Jayan Varghese, your story about 100 children and 100 saga seeds[ manjadi kuru] shows that you believe in zero sum game. That is what our old communists teach. Think about creating a thousand saga seeds for 100 children. Wealth can be created and must be created. Equal distribution of wealth is communism. Everyday in our USA, 1200 new millionaires were created in year 2025. This is not distribution of wealth. It is creation of wealth. Everyday, 1200 citizens did not become poor in our USA.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക