Image

എഫ്.ബി. സുഹൃത്തുക്കൾക്ക് കവിത സമ്മാനിക്കരുത്...(കഥ: നൈന മണ്ണഞ്ചേരി)

Published on 04 September, 2026
എഫ്.ബി. സുഹൃത്തുക്കൾക്ക് കവിത സമ്മാനിക്കരുത്...(കഥ: നൈന മണ്ണഞ്ചേരി)

എന്നും അയാളുടെ ദൗർബല്യമായിരുന്നു സൗഹൃദങ്ങൾ.   ഫെസ്ബുക്കും വാട്സ് ആപ്പുമൊക്കെ വരുന്നതിന് എത്രയോ മുമ്പേ  തൂലികാ സൗഹൃദം
ഒരു ലഹരിയായി അയാളിൽ പടർന്നിരുന്നു. പിന്നെ ലോകം ഫെയ്സ് ബുക്കിന്റെയും വാട്ട്സ് ആപ്പിന്റെയുമൊക്കെ ലോകത്തേക്ക് മാറിയപ്പോൾ പതിയെ 
പതിയെ അയാളും ആ മാറ്റത്തിനൊപ്പം ചേർന്നു..

അതിനിടയിലെപ്പോഴോ  വാക്കിലൂടെ ,വരയിലൂടെ സുഖവും  ദു;ഖവും പങ്കിട്ട്  സൗഹൃദത്തിന്റെ ഉന്മാദമായി അവൾ മനസ്സിൽ പടരുകയായിരുന്നു.                
''നമ്മുടെ സൗഹൃദത്തിന്റെ ഓർമ്മയ്ക്കായി എനിക്കെന്താ തരിക?’’

ഒരിക്കൽ അവൾ മെസേജയച്ചു.

’’എന്റെ കയ്യിൽ ഇതു മാത്രമേയുള്ളു നിനക്ക് തരാൻ..’’

തന്റെ പുതിയ കവിത അവൾക്ക് പോസ്റ്റ് ചെയ്തിട്ട് അയാൾ എഴുതി. .പിന്നെ അതൊരു പതിവായി.  ഇടയ്ക്കിടയ്ക്ക് അവൾക്ക്  ഒരു കവിത സമ്മാനം. എഫ്,ബിയിൽ  അവൾ കുറിച്ചിട്ട അഭിനന്ദനങ്ങൾ അയാളുടെ കവിഭാവനയെ പ്രചോദിപ്പിച്ചു..
                     
മെസേജുകളും കവിതകളും മനസ്സിൽ നിന്ന് മനസ്സിലേക്ക് പറന്നു.  അതിനിടയിലെന്നോ ആണ് അവളുടെ വരികളിൽ പ്രണയം പൂത്തു തുടങ്ങിയത്. അതിൽ
തീരെ താൽപര്യമില്ലാതിരുന്ന അയാൾ ഖേദത്തോടെ മറുപടിയെഴുതി. പരാതികളും പരിഭവങ്ങളും ഗദ്ഗദങ്ങളായി എഫ്ബി—പേജിൽ നിറഞ്ഞു.പിണക്കം കൂടിയപ്പോൾ പിന്നെ അവളുടെ  മെസേജുകൾ വരാതായി..പിന്നെയെപ്പോഴോ വിസ്മൃതിയുടെ തീരങ്ങളിലേക്ക് അവൾ മറഞ്ഞു.
                      
ഏറെ നാളുകൾ കഴിഞ്ഞ് വീണ്ടും അവളെ ഓർമ്മ വന്നത് അവൾക്ക് ആദ്യമായി സമ്മാനിച്ച അയാളുടെ  കവിത ഒരു വാരികയിൽ കണ്ടപ്പോഴാണ്. 
പ്രസിദ്ധീകരണത്തിന് അയച്ചതായി ഓർമ്മ വരുന്നില്ല..ചിലപ്പോൾ അയച്ചതാവാം. ഏതായാലും പ്രസിദ്ധീകരിച്ച് വന്നല്ലോ..സന്തോഷത്തോടെ വരികൾക്കിടയിലൂടെ
കടന്ന് അവസാനമെത്തിയപ്പോഴാണ് അയാൾ നടുങ്ങിയത്. കവിതയുടെ താഴെ അവളുടെ പേര് മനോഹരമായി അച്ചടിച്ചിരിക്കുന്നു..ഇനിയും തന്റെ എത്രയോ 
കവിതകൾ അവളുടെ പക്കലുണ്ട്.അവയെല്ലാം അവളുടെ പേരിൽ അച്ചടി മഷി പുരണ്ടു വരുന്നത് ഒരു പേക്കിനാവായി അയാളെ വേട്ടയാടി.അന്നാദ്യമായി അയാൾ
തീരുമാനമെടുത്തു, മറ്റെന്തു സമ്മാനിച്ചാലും ഫെയ്സ്ബുക്ക് സുഹൃത്തുക്കൾക്ക് കവിത സമ്മാനിക്കരുത്….

Join WhatsApp News
Jayan Varghese 2026-09-05 01:30:29
“ നീയീ പാരലൽ കോളേജിലെ പഠിപ്പീരും പഞ്ചാരയടിയുമായി ഇങ്ങനെ നടന്നാൽ മതിയോ വറുഗീസേ ? “ എന്ന ബ്രോക്കർ അന്ത്രയോസ് ചേട്ടന്റെ വാക്കുകളിൽ മനമുടക്കി നിന്ന് പോയതാണ് തന്റെ ജീവിതം ഇത് പോലെ മാറ്റിയതെന്ന് വറുഗീസ് ഓർത്തെടുത്തു . “ പിന്നെ ? “ “ നീയൊരു വാക്കു പറഞ്ഞാൽ മതി പെണ്ണൊണ്ട് “ “ പെണ്ണൊ ? “ “ അതെ പെണ്ണ്. നല്ല അമേരിക്കൻ പെണ്ണ്. നമ്മടെ മാട്ടേൽ മത്തായിച്ചന്റെ മകള്.” “ ആ കാക്കക്കുയിലോ ? “ അവള് കാക്കയോ കുയിലോ ആയിക്കോട്ടെ അവളൊണ്ടാക്കുന്ന ഡോളറിനു കറുപ്പില്ല “ അത് ശരിയാണെന്നും ഡോളറിന്റെ നിറം പച്ചയാണെന്നും മനസ്സിലാക്കിയയിടത്താണ് കവിത മാത്രമല്ലാ തനിക്ക് വിലപ്പെട്ടത് ഒന്നും പെണ്ണിന് സമ്മാനിക്കരുത് എന്ന് വറുഗീസിന്‌ മനസ്സിലായത് !ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക