Image

വർഗീസ് കാട്ടിപ്പറമ്പൻ, 'സ്റ്റേജിലെ സത്യൻ' എന്നറിയപ്പെട്ട നടൻ : ആർ. ഗോപാലകൃഷ്ണൻ

Published on 04 September, 2026
വർഗീസ് കാട്ടിപ്പറമ്പൻ, 'സ്റ്റേജിലെ സത്യൻ' എന്നറിയപ്പെട്ട നടൻ : ആർ. ഗോപാലകൃഷ്ണൻ

വർഗീസ് കാട്ടിപ്പറമ്പൻ, ഒരു കാലത്ത് നാടക അരങ്ങിലും വെള്ളിത്തിരയിലും നായകനായി നിറഞ്ഞുനിന്ന അഭിനേതാവായിരുന്നു. അക്കാലത്ത് നാടകവേദികളിൽ 'സ്റ്റേജിലെ സത്യൻ' എന്ന വിശേഷണമായിരുന്നു കാട്ടിപ്പറമ്പന് ഉണ്ടായിരുന്നത്. സിനിമാ താരം സത്യനുമായുള്ള സാമ്യമായിരുന്നു ആ വിളിപ്പേരിനു കാരണം.

മൂന്നു വർഷം മുമ്പ് വർഗീസ് കാട്ടിപ്പറമ്പൻ നിര്യാതനായി.

ആലപ്പുഴക്കടുത്തുള്ള മുഹമ്മ കാട്ടിപ്പറമ്പിൽ ജോസഫിന്റെയും മറിയത്തിന്റെയും മകനാണ്. 1935-ലാണ് ജനനം. സ്‌കൂൾ പഠനകാലത്തുതന്നെ നാടകങ്ങളിൽ പിച്ചവച്ചുതുടങ്ങി. കാലത്ത് 'ജൂലിയസ് സീസറിൽ' മുഖ്യ വേഷമായ സീസറായും 'ജീവിതം' എന്ന നാടകത്തിൽ കൃഷ്ണക്കുറുപ്പായും അഭിനയിച്ച് അഭിനന്ദനങ്ങൾ നേടി. 1954-ൽ സ്കൂൾ ഫൈനൽ പരീക്ഷ കഴിഞ്ഞയുടൻതന്നെ നാടക അഭിനയരംഗത്തേക്ക് കടന്നു വരുകയായിരുന്നു.

1954-ൽ നവോദയ കലാസമിതിയുടെ 'നശിക്കാത്ത ഭൂമി' എന്ന പ്രൊഫഷണൽ നാടകത്തിൽ നായകനായാണ് വർഗീസ് കാട്ടിപ്പറമ്പൻ നാടകരംഗത്ത് എത്തിയത്. തുടർന്ന് കൈരളി തീയറ്റേഴ്സ്, പീപ്പിൾ തീയറ്റേഴ്സ്, വൈക്കം മാളവിക, അങ്കമാലി പൗർണമി, അങ്കമാലി മാനിഷാദ, കോട്ടയം കേരള, കോട്ടയം നാഷണൽ, ചങ്ങനാശ്ശേരി ഗീഥ, കായംകുളം പീപ്പിൾസ് തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക ട്രൂപ്പുകൾക്കു വേണ്ടിയും നായകനായി അഭിനയിച്ചു. കേരളത്തിനു പുറത്തും പല സ്ഥലങ്ങളിലും നാടക പര്യടനത്തിന്റെ ഭാഗമായി യാത്ര ചെയ്തു.

കായംകുളം പീപ്പിൾസ് തിയേറ്റേഴ്സിന്റെ 'അഗ്നിഗോളം' കോട്ടയം നാഷണൽ തിയേറ്റേഴ്സിന്റെ 'നിശാസന്ധി'യും 'അന്വേഷണം' വുമെല്ലാം നാടക രംഗത്ത് അക്കാലത്ത് വർഗീസിന് പെരുമ നേടിക്കൊടുത്തു; സിനിമയിൽ സത്യന് ഉണ്ടായിരുന്ന പോലൊരു പ്രശസ്തി.

ആകാശവാണി നാടകങ്ങളിലും സ്ഥിരം സാന്നിധ്യമായിരുന്നു. എ ഗ്രേഡ് ആർട്ടിസ്റ്റുമായിരുന്നു.

1971-ൽ സത്യന്റെ മരണശേഷമാണ് വർഗീസ് സിനിമയിൽ സജീവമാകുന്നത്; എങ്കിലും മരണത്തിനുമുമ്പ് ഒരു സിനിമയിൽ ഇവർ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നുണ്ട്. സിനിമയിൽ 'പ്രസാദ്' എന്നാ പേരിലായിരുന്നു വർഗീസ് അറിയപ്പെട്ടത്. 'അനാഥ ശില്പങ്ങൾ' (1971) എന്ന ഹിറ്റ് സിനിമയിലൂടെയാണ് പ്രസാദ് എന്ന പേരിൽ വർഗീസ് കാട്ടിപ്പറമ്പൻ വെള്ളിത്തിരയിൽ നായകനായത്. അതിൽ 'സരസ്വതി' എന്ന നടിയായിരുന്നു നായിക; ഉഷാറാണിയും ഒരു മുഖ്യ വേഷത്തിൽ ഉണ്ടായിരുന്നു... 'സുമംഗലി' (1971- സംവിധാനം: എം.കെ രാമു) എന്ന സിനിമയിൽ പ്രസാദ് നായകനും ഷീല നായികയുമായി വന്നു. സത്യന്റെ മരണശേഷം അദ്ദേഹം അഭിനയിച്ചു കൊണ്ടിരുന്ന 'ലക്ഷ്യം' എന്ന ചിത്രം പൂർത്തിയാക്കുന്നതിനായി ഒരു വേഷം ചെയ്യാനവസരം ലഭിച്ചു. 'ലക്ഷ്യം' (നിർമ്മാണം സത്യന്റെ മരണത്തിനു മുമ്പ് ആരംഭിച്ചെങ്കിലും റിലീസ് 1972 നവംബറിൽ- സംവിധാനവും നിർമ്മാണവും: ജിപ്സൺ) എന്ന സിനിമയിൽ സത്യനും മധുവും രാഗിണിയും, ജയഭാരതിയും അഭിനയിച്ചതിനോടൊപ്പം വർഗീസും പ്രാധാന്യമുള്ള ഒരു വേഷത്തിൽ അഭിനയിച്ചു. ഇങ്ങനെ മികച്ച അവസരങ്ങൾ സിനിമയിൽ വന്നെങ്കിലും, പിന്നീട് അധികനാൾ 'പ്രസാദിന്' വർഗ്ഗീസ്സിന് സിനിമയിൽ തുടരാൻ കഴിഞ്ഞില്ല; അതിന് ചില കരാറുകളും മറ്റും തടസം സൃഷ്ടിച്ചു. അദ്ദേഹം വീണ്ടും നാടക വേദിയിലേക്ക് മടങ്ങി.

1977-ൽ നാടകരംഗത്തോടും വിടപറഞ്ഞു. എങ്കിലും, ഇടക്കിടെ ചില സിനിമയിൽ അത്ര പ്രാധാന്യമില്ലാത്ത ചില റോളുകളിൽ വന്നിട്ടുണ്ട്. 'ശാപമോക്ഷം' (1974), 'വാരഫലം', 'ദ്വീപ്' 'ഇത്തിരി നേരം ഒത്തിരി കാര്യം' എന്നീ സിനിമകളിൽ ഇങ്ങനെ ചില വേഷങ്ങളിൽ അഭിനയിച്ചത്. 1978 ൽ നിർമ്മിക്കപ്പെട്ട കാളീചക്രത്തിൽ ഇദ്ദേഹം നായകനായിരുന്നു; എന്നാൽ പടം പുറത്തു വന്നില്ല. 'തലമുറകൾ' എന്ന മെഗാ സീരിയലിൽ ഡബിൾ റോളിലും അഭിനയിച്ചു.

സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരമടക്കം ബഹുമതികൾ പലതും ലഭിച്ചിട്ടുണ്ട്.

തൃപ്പൂണിത്തുറ വൈക്കം റോഡ് കണ്ണൻകുളങ്ങരയിൽ വർഗീസ് കാട്ടിപ്പറമ്പൻ, 88-ാം വയസ്സിൽ, 2023 സെപ്റ്റംബർ 1-ന് അന്തരിച്ചു.

ഭാര്യ: തൃപ്പൂണിത്തുറ അമ്പലത്തിങ്കൽ കുടുംബാംഗം റോസമ്മ. മക്കൾ: പരേതനായ അലൻ റോസ്, അനിത റോസ്, ആർളിൻ റോസ്, മരുമക്കൾ: ഷാർമിള ആർളിൻ, എം.പി. വർഗീസ്.

...................

അവലംബം: പല ഓൺലൈൻ സോഴ്സുകൾ & Pradeep Malayilkada

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക