Image

കടം ( കഥ : സിംപിൾ ചന്ദ്രൻ )

Published on 03 September, 2026
കടം ( കഥ : സിംപിൾ ചന്ദ്രൻ )

ലിസമ്മസാർ മരിച്ചു. ഇപ്പഴെങ്കിലും ഒന്നു ചെന്നു

കാണണം. ജാൻസി ധൃതിയിൽ ഒരുങ്ങുകയാണ്.

'എറങ്ങുന്നെങ്കി എറങ്ങ്, ഇതിപ്പം ശവമെടുത്താലും ഒരുക്കം കഴിയേലല്ലോ, നിന്നെ അവിടെ വിട്ടേച്ച് എനിക്കു പോകാനുള്ളതാ..'

ജോയപ്പൻ ഒച്ചവച്ചു.

'ദേ വരണു.' എന്നു വിളിച്ചു പറയുന്നതിനിടയിൽ ജാൻസി അലമാരീന്ന് ജോയപ്പൻ കാണാതെ രഹസ്യമായി സൂക്ഷിച്ചിരുന്ന ഇരുപതിനായിരം രൂപയെടുത്ത് പഴ്സിൽ വച്ചു. ഒന്നൂടാലോചിച്ച് ഒരയ്യായിരം കൂടി എടുത്ത് ഇരുപത്തയ്യായിരം തികച്ചു. കുറഞ്ഞു പോകരുത്.

ലിസമ്മ സാറും ജാൻസിയും വല്യ കൂട്ടായിരുന്നു വർഷങ്ങൾക്കുമുമ്പ്. ലിസമ്മ ഗസറ്റഡ് ഓഫീസറും ജാൻസി അതേ ഓഫീസിലെ ഡെയ്ലി വേജസുകാരിയും ആയിരുന്ന കാലത്ത്. വീട്ടിലെ ധനകാര്യമന്ത്രി ഭർത്താവായതിനാൽ, ഗസറ്റഡ് ഓഫീസറായിട്ടും ലിസമ്മയുടെ പഴ്സിൻ്റെ സ്ഥിതി പരമദയനീയമായിരുന്നു. ജാൻസിയുടെ സ്ഥിതിയും മറിച്ചല്ല. അതുപക്ഷേ ജോയപ്പൻ ഒരു പണിമടിയനായ ഉഴപ്പനായിരുന്നകൊണ്ടാണ്.

സാമ്പത്തിക സ്വാതന്ത്ര്യം തീരെ ഇല്ലെങ്കിലും ലിസമ്മയ്ക്ക് ദീനാനുകമ്പ വേണ്ടതിലേറെയായിരുന്നു. ജാൻസിയുടെ കഷ്ടപ്പാടിലെല്ലാം ആകാവുന്നപോലെ സഹായിച്ചു. റേഷനരിച്ചോറും മുളകു പൊട്ടിച്ചതുമാണ് കൊണ്ടുവരുന്നതെന്നു കണ്ട് സ്വന്തം കൂട്ടാനുകൾ അവൾക്കായി നീക്കിവച്ചു. സ്പെഷൽ എന്തെങ്കിലും ഉണ്ടാക്കുമ്പോൾ വീട്ടിലറിയാതെ ജാൻസിയുടെ മോൻ റോഷനു വേണ്ടി പൊതിഞ്ഞുകെട്ടിക്കൊണ്ടുവന്നു കൊടുത്തു.

രണ്ടു പെണ്ണും നടുക്ക് കുഞ്ഞൂട്ടനും ചേർന്ന് മൂന്നു മക്കളാണ് ലിസമ്മയ്ക്ക്. ഇത്തിരി നിറക്കുറവും ലേശം മന്ദിപ്പുമുള്ള കുഞ്ഞൂട്ടനോട് കെട്ടിയവനും അയാളുടെ അമ്മയ്ക്കും താത്പര്യക്കുറവുളളതിനാൽ അവൻ്റെ ലോകം ലിസമ്മയായിരുന്നു. അവൻ്റെ കാര്യമോർത്തായിരുന്നു അവരേറ്റവും വിഷമിച്ചിരുന്നത്.

ആയിടയ്ക്ക് ഓഫീസിലുള്ളവർ ചേർന്ന് ഇരുപതിനായിരത്തിൻ്റെ ഒരു ചിട്ടി തുടങ്ങി. കേൾക്കുന്നവർക്ക് നിസാരമായി തോന്നുമെങ്കിലും അതിൻ്റെ മാസഅടവായ അഞ്ഞൂറു രൂപ ലിസമ്മ വളരെ കഷ്ടപ്പെട്ട് ഒപ്പിച്ചാണ് അടച്ചുപോന്നത്. ലിസമ്മയ്ക്ക് ചിട്ടി അടിച്ച ദിവസം ജാൻസി വീണ്ടും പ്രാരാബ്‌ധപ്പെട്ടിയുമായി അവതരിച്ചു. 'കഷ്ടപ്പെട്ട് ഒരു വീടു തട്ടിക്കൂട്ടുവാണ്. അയാൾക്ക് ഒന്നുമറിയണ്ട. എല്ലാത്തിനും ഞാൻ വേണ്ടേ, അടുത്ത മാസം ബാങ്ക് ലോൺ ശരിയാകുമ്പോൾ ഉറപ്പായും തിരിച്ചു തരാം സാറേ ' എന്നൊക്കെയുള്ള അഭ്യർത്ഥനയിൽ പാവം ലിസമ്മ വീണു. എന്നാലും കാശു കൊടുക്കുമ്പോൾ ഇത്രേം മാത്രം പറഞ്ഞു. 'വീട്ടുകാരനറിയാതെ ആകെ ഉണ്ടാക്കിയതാ. ൻ്റെ കുഞ്ഞൂട്ടനൊരാവശ്യത്തിന് കൈയിലിരിക്കുമല്ലോന്നോർത്ത്...'

'അതൊക്കെ എനിക്കറിയത്തില്യോ സാറേ, അടുത്ത മാസം എൻ്റെ കൊക്കിലു ജീവനുണ്ടേ തിരിച്ചു തന്നിരിക്കും... '

എല്ലാ മാസത്തിനും അടുത്ത മാസം വന്നു. അവിടുത്തെ പണി വിട്ട് ജാൻസി അടുത്തിടത്തേക്കും അവിടുന്ന് പണ്ടു പഠിച്ച ഇത്തിരി നേഴ്സിങ്ങിൻ്റെ വാലുപിടിച്ച് ഗൾഫിലേക്കും കേറിപ്പോയി. മാസങ്ങൾ വർഷങ്ങളായി മാറിയപ്പോഴും കൊക്കിലെ ജീവൻ അവിടെത്തന്നെ ഉണ്ടായിരുന്നു. പക്ഷേ കാശ് മാത്രം തിരിച്ചുകൊടുത്തില്ല. പല തവണ നേരിട്ടു കണ്ടപ്പോഴും ഫോണിലും ഒക്കെ ലിസമ്മ കാശിൻ്റെ കാര്യം ഓർമ്മിപ്പിച്ചു. ആദ്യമാദ്യമുണ്ടായിരുന്ന അവധി പറച്ചിൽ പിന്നീട് 'അതൊക്കെ സാറിനൊരു തുകയാണോ' എന്ന നിസാരവൽക്കരണത്തിലോട്ട് വഴിമാറി. പിന്നെ ഫോൺ നമ്പർ തന്നെയും മാറി! ഒരിക്കൽ ജോയപ്പനെ വഴിയിൽ കണ്ടപ്പോൾ ലിസമ്മ രണ്ടും കല്പിച്ച് കാശു കാര്യം ഒന്നു സൂചിപ്പിച്ചു.

'അയ്ന് കാശു മേടിച്ചേന് തെളിവൊന്നുമില്ലല്ലോ ' എന്ന അറുത്തുമുറിച്ച മറുപടി അവരെ ഞെട്ടിച്ചുകളഞ്ഞു. പിന്നൊരിക്കലും ആ പൈസയെക്കുറിച്ച് അവർ ചോദിച്ചില്ല.

വർഷങ്ങൾ എട്ടുപത്തു കടന്നുപോയി. ജാൻസി പലതവണ നാട്ടിൽ വന്നു മടങ്ങി അവസാനം രൂപത്തിൽ അപ്പൻ്റെ തനിപ്പകർപ്പായ മകൻ റോഷൻ വളരുന്തോറും ഗുണത്തിലും അതേ പകർപ്പായിത്തുടങ്ങിയതോടെ ഗൾഫുദ്യോഗം വിട്ട് നാട്ടിൽനിന്ന് ജോലി ചെയ്യാൻ തീരുമാനിച്ചു.

എടിഎമ്മുകളിൽ കാർഡായും, ജി.പേ ഫോൺപേ പേടിയെം തുടങ്ങിയ ഫോണാപ്പുകളിൽ പിൻനമ്പരായും കെട്ടിയവൻ വർത്തിച്ച ഔദ്യോഗിക കാലം താണ്ടി ലിസമ്മ, ജോലിക്കു പോകേണ്ട എന്നതൊഴിച്ചാൽ പ്രത്യേകിച്ചൊരു മാറ്റവുമില്ലാത്ത പെൻഷൻകാലത്തിലേക്ക് കടന്നു. പെങ്കുട്ടികളൊക്കെ കരകയറിപ്പോയെങ്കിലും അമ്മനിഴൽ പറ്റി കുഞ്ഞുട്ടൻ ഒപ്പമുണ്ടായിരുന്നു. ആ കുഞ്ഞൂട്ടനെ തനിച്ചാക്കിയാണ് ഇപ്പോൾ പെട്ടെന്ന് ഒരുദിവസം കുഴഞ്ഞുവീണ് ലിസമ്മ ഇഹലോകവാസം വെടിഞ്ഞത്.

വെള്ളപുതച്ച് പെട്ടിയിൽ കിടക്കുന്ന ലിസമ്മ സാറിൻ്റെ മുഖത്ത് 'എൻ്റെ കുഞ്ഞൂട്ടൻ' എന്നൊരാധി മറഞ്ഞിരിക്കുന്നുണ്ടെന്ന് ജാൻസിക്കു തോന്നി. പാവം സാറ്! എന്തു കനിവുള്ള സ്ത്രീയായിരുന്നു! സ്വന്തം കുഞ്ഞിനെപ്പോലെയാണ് റോഷനെയും കണ്ടത്. അവൻ്റെ തടിയിൽ സാറിൻ്റെ ചോറുണ്ട്. വീട്ടാത്ത കടവും കിട്ടാത്ത കടവും മനുഷ്യരെ സമാധാനത്തോടെ മരിക്കാൻ വിടില്ല ! നെഞ്ചോടു ചേർത്ത് കൂപ്പിപ്പിടിച്ച കൈയിലെ കുഞ്ഞു പേഴ്സിലിരുന്ന് നോട്ടുകൾ വിറച്ചു. എവിടെ കുഞ്ഞൂട്ടൻ? ജാൻസിയുടെ കണ്ണുകൾ പരതി. ശവത്തലക്കൽ നിറഞ്ഞ കണ്ണുകളുമായി പെൺമക്കളും മറ്റും ഇരിപ്പുണ്ട്.

നേരം പോയെന്നു പറഞ്ഞ് റോഡിലിറക്കി വിട്ട് ജോയപ്പൻ പോയതാണ്. നടകയറി വരുന്ന വഴിയിലെങ്ങും കുഞ്ഞൂട്ടനെ കണ്ടിരുന്നില്ല. മരണവീട്ടിലെ തിരക്കിൽ കൈമോശം വരാതെ പേഴ്സ് മുറുകെപ്പിടിച്ച് ജാൻസി വെളിയിലേക്കിറങ്ങി. ആൾത്തിരക്കിൽനിന്നൊഴിഞ്ഞ് ഗേറ്റിനു പുറത്തെ മഞ്ഞച്ചെമ്പരത്തിയുടെ അരികിൽ നിൽപ്പുണ്ട് കുഞ്ഞുട്ടൻ. അവൻ്റെ അരികിലേക്ക് നടന്നുചെന്നു. സങ്കടവും വാത്സല്യവും സമാസമം ചേർന്ന ഒച്ചയിൽ 'കുഞ്ഞൂട്ടാ' എന്നു വിളിച്ച് കൈയിലൊന്നു പിടിച്ചു.

അന്നേരം റോഷൻ്റെ ബൈക്ക് അവർക്കരികെ വന്നുനിന്നു. ജാൻസി പഴ്സുതുറന്ന് കാശെടുത്ത് അവൻ്റെ കൈയിൽ കൊടുത്തു. 'നീ വന്നില്ലല്ലോന്നോർ ത്തതേയുള്ളു. ഇന്നാ കാശ്. അയ്യായിരം കൂടുതലും വച്ചിട്ടുണ്ട് വഴിച്ചെലവിന്. ഇനി ടൂറു പോകാഞ്ഞിട്ട് കെറുവിക്കണ്ട...'

കാശുവാങ്ങി പോക്കറ്റിലിട്ട് റോഷൻ വിട്ടു പോയി. ജാൻസി ബസുപിടിക്കാൻ ബസ് സ്റ്റോപ്പിലേക്കും...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക