
ഗോഗുല്‍ത്ത മലമോളിലാറടി മണ്ണില്‍
ഡാഡിയുറങ്ങട്ടെയിനി ഏകനായി
ഇരമ്പുന്ന സ്മരണകള്‍ തെറുത്തുകൂട്ടിയരികില്‍ ചാരി
സ്വപ്നങ്ങളാശകളടച്ചു കാവലാളാക്കി
ബന്ധങ്ങളെല്ലാമഴിച്ചഴയിലിട്ട്
ഏകാന്തമായൊരു കാഞ്ചന കൊട്ടാരത്തില്‍
ഓര്‍മ്മകള്‍ തന്‍ സിംഹാസനത്തിലിരുന്ന്
ഡാഡിയൊരു ചക്രവര്‍ത്തിയായി വാണരുളുന്നു.
ആരവമൊഴിഞ്ഞു, ദേവാലയ നടയടച്ചു
സിംഹാസനാരൂഢനാമീ ചക്രവര്‍ത്തിതന്‍
അന്ത്യയാത്ര, രാജവീഥിയില്‍ കൊട്ടും
കുരവയുമായ് പരിവാരങ്ങളും, നീതിപാലകര്‍
പ്രജകളെ തടയുന്ന നാല്ക്കവലകള്‍.
രണ്ടുനാള്‍ നിങ്ങള്‍തന്‍ അഭിനയചാരുത കണ്ടു
ചിരിച്ചുപോയിയൊപ്പം തലകുനിപ്പിച്ചു ദു:ഖഭാരം.
ചാറ്റ് ജീപ്പിറ്റിയില്‍ പടച്ച സ്‌ക്രിപ്റ്റുകളുരുവിട്ടുരുവിട്ട്ട്
ഹാ, നാട്യാചാര്യ ഗുരുക്കളേം വിസ്മയിപ്പിക്കും
തകര്‍പ്പന്‍ പ്രകടനം, എ പ്ലസ്, നൂറില്‍ നൂറു മാര്‍ക്ക്!
ഗദ്ഗദങ്ങള്‍, കണ്ണീരിനാല്‍ മാജിക്കുകള്‍,
മോഡുലേറ്റഡ് യാന്ത്രിക ശബ്ദ
ഡെസിബെല്‍ വ്യതിയാനങ്ങള്‍,
നവരസ വിസ്മയ പ്രകടനങ്ങള്‍ ,
മാറിമാറി വന്നരങ്ങില്‍ ശോഭിക്കുന്ന
ഭാവാഭിനയ തന്ത്രങ്ങള്‍, പോള്‍ മുനി ട്രിക്കുകള്‍.
ഹാ, 'സ്‌കൂള്‍ ഓഫ് ഡ്രാമ'യിലോ നിങ്ങളെ പഠിപ്പിച്ചതെന്നത്
ഓര്‍മ്മയില്‍ പരതിനോക്കി, ഒരു തരിപോലും കണ്ടെത്തിയില്ല.
ആറടി മണ്ണിലൊതുക്കി, പൂക്കളും വാരിവിതറി
തലയ്ക്കലൊരു മരക്കുരിശും നാട്ടീ,
പൊന്മക്കളെ നിങ്ങള്‍ മധുശാലയിലേക്ക്,
സെവന്‍കോഴ്‌സ് മീലും ഓപ്പണ്‍ ബാറും.
ചടുല കണ്ണീരുകള്‍, പ്ലാസ്റ്റിക്ക് പൂക്കളങ്ങള്‍
മുന്തിയ മധുശാലയില്‍ സെവന്‍കോഴ്‌സ് മീല്‍
തേഞ്ഞതാം പൗഡര്‍ മുഖത്ത് വീണ്ടും പൂശി,
ചുണ്ടു ചുമപ്പിച്ച്, പുതുമണവാട്ടിയെപോലൊരുങ്ങി,
സുസ്‌മേരവദനയായി, അതിഥി സല്‍ക്കാരാഘോഷങ്ങള്‍,
Thanks for coming to dad's funeral
യാത്ര പറച്ചിലുകള്‍, ദീര്‍ഘ ഗാഡമാം ആലിംഗനങ്ങള്‍.
നിറവയറുമായി പിരിയുന്ന ബന്ധുക്കള്‍, അടുപ്പക്കാര്‍
'മട്ടന്‍ ബിരിയാണിയത്ര നന്നായില്ല, ബീഫ് കട്ട്‌ലറ്റും വേണമായിരുന്നു'!
ടൈ നേരെയാക്കി, കറുത്ത ജാക്കറ്റ് തഴുകിയൊതുക്കി
അടക്കം പറഞ്ഞവര്‍ പാര്‍ക്കിങ്ങ്-ലോട്ടിലെ കാറിന്നരികില്‍.
പറന്നകലേക്ക് പോയി ഡാഡി, കാണാനശക്തനായി
കാതിലാര്‍ത്തലക്കും നിലവിളികളടക്കാനാവാതെ,
ഉള്ളിലെരിയും നെരിപ്പോടൂതിക്കെടുത്താനാകാതെ,
നിറഞ്ഞൊഴുകിയ ഗദ്ഗദം തടഞ്ഞു നിര്‍ത്താനാകാതെ,
അഗ്‌നിപര്‍വതമായ് തിളച്ച നൊമ്പരം, ഇടനെഞ്ചിലൊതുക്കാനാകാതെ.
ഡാഡിയുറങ്ങീല, ഉറങ്ങാനാകുന്നില്ല മക്കളെ.
പറന്നെത്തി, ഡാഡിതന്‍ ആത്മാവ്,
കഴിഞ്ഞ ഞായര്‍ ദിനത്തിലെ ദിവ്യാരാധനയില്‍,
കണ്ടില്ല പൊന്നോമന മുത്തുകളെ, നിങ്ങളൊരാളേം!
തിരിച്ചു പറന്നു നിരാശനായി, എങ്കിലും മലമോളില്‍
ഡാഡിയെ കാണാന്‍ പോയിക്കാണുമെന്നാശയില്‍
കൊട്ടാര വാതില്‍ക്കല്‍ കാത്തിരുന്നു,
കണ്ടില്ല, കണ്ടില്ല മക്കളെ നിങ്ങളെ ഒരാളേയും
വാടിക്കരിഞ്ഞ കുറെ പൂക്കള്‍ മാത്രം ചുറ്റിലും.
വേദപാഠ ക്ലാസ്സില്‍ പഠിച്ച സുറിയാനി
വിശ്വാസാചാരങ്ങള്‍ മറന്നതെന്തേയെന്‍ പൊന്മക്കളെ,
'വിശ്വാസിതന്‍ വിശുദ്ധ ദിനങ്ങള്‍ വേര്‍പാടിനുശേഷമെന്ന'ത്
ക്ലാസ്സുതീരാനായി വിശന്നുവലഞ്ഞു തളര്‍ന്ന്,
നിങ്ങള്‍ക്ക് റൈഡിനായിയെന്നും കാത്തിരുന്നു ഡാഡി.
ഹാ, സ്‌കൂള്‍ കഴിഞ്ഞഞ്ചു മിനിട്ടു വൈകിയാല്‍,
കാറുമായി ടാഡി പാഞ്ഞെത്തുമായിരുന്ന-
യെത്രയെത്ര ദിനങ്ങള്‍, ഓര്‍മ്മതന്‍ അടിത്തട്ടില്‍.
സന്ധ്യാ നമസ്‌കാരത്തില്‍ ചൊല്ലിത്തരാറുള്ള കീര്‍ത്തനം,
ആര്‍ദ്ര മധുരമായി വീണ്ടും ഓര്‍മ്മയിലെത്തി നോവിക്കുന്നു.
'ഞങ്ങള്‍ക്കുള്ള കര്‍ത്താവേ ഞാനിഹ നിദ്ര ഒഴിഞ്ഞിട്ട്
ഉണര്‍വോടെ നിന്‍ തിരുമുന്‍പില്‍ നില്പാന്‍ കരുണ നീ ചെയ്യണമേ.'
സൂര്യനുദിക്കുന്നു, പണിതുയരുന്ന പുതിയ ദേവാലയ
താഴികക്കുടത്തില്‍ കവിത പൂക്കുന്നു,
രാവിന്‍ നിലാവെളിച്ചത്തില്‍
മഴവില്ലുകള്‍ പൂത്തുവിരിയുന്നു,
ഗെത് സമനയിലെ കൊട്ടാരവാതില്‍പ്പടിയില്‍
വെളിച്ചം നിറചില്ലകളിലൂടെ വീഴുന്നതും
കാത്തുകാത്തിരിക്കുന്നു ഡാഡി.
കൊട്ടാരവാതിലടയ്ക്കട്ടെ, പുഴുക്കളെ ക്ഷണിക്കട്ടെ
ഗുഡ്‌ബൈ പൊന്നോമന മക്കളെ, ഗുഡ്‌ബൈ.
പുഴുക്കളെത്തിയില്ല, ചിതലുവന്നാശ്ലേഷിച്ചില്ല
പരശ്ശതം ജീവാണുക്കളെന്തേ മടിക്കുന്നേ,
വരിക പ്രിയകൂട്ടുകാരെ, വരിക വരിക
കാത്തിരിക്കുന്നു പൂമാലയുമായി,
മ്രുഷ്ടാന്ന ഭോജനമൊരുക്കി, രുചിയേറും സദ്യവട്ടവുമായി.
ഹാ... നിറയെ ഓണസന്ധ്യ
നൂറുകൂട്ടം കറികള്‍, പപ്പടം, പാല്‍പ്പായസം, അടപ്രഥമന്‍
ആറ്റുനോറ്റു പരിപാലിച്ച്, ജിമ്മിലും മണിക്കൂര്‍ വിയര്‍ത്ത്
പുഷ്ടിപ്പെടുത്തിയെടുത്ത നല്ല ഒന്നാന്തരം ഗ്രേഡ്-എ മാംസാഹാരം.
അഴുകാനിനിയും നീണ്ട ദിനങ്ങളേറെയുണ്ട്
*ശോശപ്പ വലിച്ചിട്ട് മുഖം മൂടും മുമ്പ്
ഉമ്മക്കണ്ണീരുകള്‍ വീണുണങ്ങിയ കവിളിണകള്‍
പുഴുക്കള്‍ക്ക് സെവന്‍കോഴ്‌സ് മീല്‍!
ഒഴിയാതെ നില്‍ക്കുമെന്നുമീ നാടകമരങ്ങ്,
ഓരോരോ വേഷങ്ങള്‍ മാറിവന്നിവിടെ
നിറങ്ങള്‍ ചാര്‍ത്തി രംഗമൊരുക്കാന്‍
വേദിയിലെ വെളിച്ചം കെടില്ലൊരിക്കലും
തിരശ്ശീല വീഴാത്തൊരനന്ത നാടകം...
കവിയുടെ അന്ത:രാത്മാവില്‍ ദു:ഖസ്മൃതിതന്‍ തരംഗങ്ങള്‍,
അഗ്‌നിയായി പതിച്ചു ചാരമാക്കും ജീവിത നേര്‍ക്കാഴ്ച്ചകള്‍
കാലം പതുക്കെയൂതിക്കെടുത്തട്ടെ നോവുകള്‍
അരനാഴിക നേരം മാത്രം,
ആയുസ്സിനു വെറും അരനാഴിക ദൂരം മാത്രം.
*ശോശപ്പ - വി, കുര്‍ബ്ബാനയില്‍ അപ്പവീഞ്ഞുകളെ മൂടാന്‍ ഉപയോഗിക്കുന്ന വെള്ള വസ്ത്രം. മരിച്ചവരുടെ
കബറടക്കിത്തിനു മുമ്പ് മുഖം മൂടുന്ന പാരമ്പര്യത്തിനും ഇത് ഉപയോഗിക്കുന്നു.