Image

ഓണപ്പുലരി (കവിത: എ.സി.ജോർജ്)

Published on 01 September, 2026
ഓണപ്പുലരി (കവിത: എ.സി.ജോർജ്)

പൂവിളികൾ കേട്ടുണരും പൊൻപുലരിയിൽ,
മുറ്റത്തു വിരിയുന്നു തുമ്പയും തെച്ചിയും.
കർക്കടകത്തിന്റെ കാർമേഘം മാഞ്ഞുപോയി,
ചിങ്ങവെയിൽ നാളിൽ ചിരിക്കുന്ന പൂക്കളം.
നാടൊട്ടുക്കും എങ്ങും സന്തോഷ തരംഗങ്ങൾ,
പൂവടയും പായസവും ഒരുക്കുന്ന അടുക്കളകൾ.
കോടിവസ്ത്രമണിഞ്ഞു ചിരിക്കും കുരുന്നുകൾ,
തുമ്പപ്പൂ ചിരിയോടെ സ്വീകരിക്കും മാവേലിയെ.
മനുഷ്യരെല്ലാരും ഒന്നായി വാണൊരു,
പഴയൊരു നല്ലോണക്കാലത്തിന്റെ ഓർമ്മയിൽ,
സ്നേഹവും സമത്വവും നിറഞ്ഞ മനസ്സോടെ,
വരവേൽക്കാം വീണ്ടുമൊരു തിരുവോണ നാളിനെ!
തിരുവോണ നാളിന്റെ മേളം കഴിഞ്ഞാലും,
മാറാതെ നിൽക്കുന്നു മനസ്സിൽ ആനന്ദം.
പൂക്കളം മാഞ്ഞാലും ഓർമ്മ തൻ മുറ്റത്ത്,
വാടാതെ നിൽക്കുന്നു തുമ്പപ്പൂ പുഞ്ചിരി.
നാടൊട്ടുക്കുമെങ്ങും ആഘോഷ രാവുകൾ,
പ്രവാസ ലോകത്തെ കൂട്ടായ്മ വേദിയിൽ,
വീണ്ടുമുണരുന്നു മാവേലി മന്നനും.
കഴിഞ്ഞുപോയൊരു നല്ലോണ നാളിന്റെ,
മധുരം നുകർന്നു നാം മുന്നോട്ടു പോകവേ,
സൗഹൃദ സന്തോഷ ഓർമ്മകൾ കാത്തുവെച്ച്,
കാത്തിരിക്കാം അടുത്തൊരു ഓണപ്പുലരിക്കായ്!

 

Join WhatsApp News
തോമസ് പിടിമന 2026-09-01 22:07:24
എസി ജോർജ് ഇവിടെ എഴുതിയിരിക്കുന്നത് വളരെ മനോഹരവും അർത്ഥസമ്പുഷ്ടവുമായ ഒരു കവിതയാണ്. ഓണ നാളുകളിലെ ഭൗതികമായ ആഘോഷങ്ങളെക്കുറിച്ചും അതിനു പിന്നിലെ ആത്മീയവും സാമൂഹികവുമായ പ്രാധാന്യത്തെ കുറിച്ചും സംസാരിക്കുന്നു. കേരള നാടിൻറെ അതിരുകൾ കടന്ന് പ്രവാസ ലോകത്തും ഓണം തരുന്ന സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പ്രസരിപ്പിക്കാൻ ഈ കവിതയ്ക്ക് സാധിക്കുന്നുണ്ട്. വർത്തമാന കാലത്തിൻറെ സന്തോഷത്തോടൊപ്പം ശുഭപ്രതീക്ഷയോടെ നോക്കാൻ വായനക്കാരോട് ഇവിടെ പറയുന്നുണ്ട്. വളരെ ലളിതവും സരളവുമായ ഭാഷ. ആർക്കും വളരെ എളുപ്പത്തിൽ മനസ്സിലാക്കാവുന്നതേയുള്ളൂ. ഓണാശംസകൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക