Image

'ഞാനും ജോജുവും തമ്മില്‍ ഒരു കടമുണ്ട്'; ഒരുവേദിയില്‍ ഒന്നിച്ചെത്തി ജോജുവും മുഹമ്മദ് ഷിയാസും

Published on 31 August, 2026
 'ഞാനും ജോജുവും തമ്മില്‍ ഒരു കടമുണ്ട്'; ഒരുവേദിയില്‍ ഒന്നിച്ചെത്തി ജോജുവും മുഹമ്മദ് ഷിയാസും

 

നടന്‍ ജോജു ജോര്‍ജുമായി ഇപ്പോള്‍ സൗഹൃദത്തിലാണെന്ന് വ്യക്തമാക്കി കൊച്ചി എംഎല്‍എ മുഹമ്മദ് ഷിയാസ്. തോപ്പുംപടിയില്‍ നടന്ന എംഎല്‍എ എക്സലന്‍സ് അവാര്‍ഡ് നല്‍കുന്ന വേദിയില്‍ പഴയ വഴക്ക് മറന്ന് ജോജു ജോര്‍ജും മുഹമ്മദ് ഷിയാസും ഒന്നിച്ചെത്തി.

ജോജുവിനെ വേദിയിലേക്ക് ക്ഷണിക്കുന്നതിനിടെയാണ് എംഎല്‍എ പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുത്തത്. താനും ജോജുവും തമ്മില്‍ ഒരു കടമുണ്ടായിരുന്നു എന്നാണ് ഷിയാസ് പരാമര്‍ശിച്ചത്.

മുഹമ്മദ് ഷിയാസിന്റെ വാക്കുകള്‍: 'അടുത്തതായി വിളിക്കുന്നത് ജോജുവിനെയാണ്. ജോജു കഴിഞ്ഞദിവസവും എന്നോട് പറഞ്ഞിരുന്നു, പരിപാടിക്ക് വരാമെന്ന്. ജോജു സിനിമയുടെ ഷൂട്ടിലായിരുന്നു. ഞാനും ജോജുവും തമ്മില്‍ ഒരു കടമുണ്ടായിരുന്നു. ഇടയ്‌ക്കൊരു സമരത്തില്‍ അദ്ദേഹം ബഹളമൊക്കെ ഉണ്ടാക്കിയിരുന്നു.

അദ്ദേഹം ഒരു പൗരനെന്ന നിലയില്‍ തന്റെ അഭിപ്രായം പങ്കുവയ്ക്കുകയും അത് ഉള്‍ക്കൊള്ളുകയും ചെയ്ത ഒരാളുകൂടിയാണ്. ജോജു നല്ല കലാകാരനാണ്. സാധാരണ കുടുംബത്തില്‍ നിന്നും വളര്‍ന്നു വന്ന്, എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ള ഒരു നടനായി മാറി അവാര്‍ഡുകള്‍ ഒക്കെ വാങ്ങിയ ഒരാളാണ്. തീര്‍ച്ചയായും ജോജു പരിപാടിയില്‍ പങ്കെടുത്തതില്‍ വളരെ സന്തോഷമുണ്ട്.'

ഇന്ധന വിലവര്‍ധനവിനെതിരെ 2021ല്‍ കോണ്‍ഗ്രസ് കൊച്ചിയില്‍ നടത്തിയ സമരത്തിനെതിരെ ജോജു ജോര്‍ജ് പ്രതികരിച്ചത് വലിയ വിവാദമായിരുന്നു.

ഇടപ്പള്ളി - വൈറ്റില - അരൂര്‍ ബൈപാസില്‍ ഗതാഗതം തടസ്സപ്പെടുത്തി കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരെയാണ് ജോജു അന്ന് ശബ്ദമുയര്‍ത്തിയത്.

ചലച്ചിത്ര സംവിധായകന്‍ എ.കെ.സാജനൊപ്പം സിനിമാ ചര്‍ച്ചയ്ക്കായി നഗരത്തിലെ ഹോട്ടലിലേക്കു പോകാന്‍ എത്തിയ ജോജു ഗതാഗതക്കുരുക്കില്‍ പെട്ടതിന് പിന്നാലെ  പ്രതിഷേധിക്കുകയായിരുന്നു. ബഹളത്തിനിടെ ജോജുവിന്റെ കാറിന്റെ ഗ്ലാസും തകര്‍ക്കപ്പെട്ടു. അന്ന് എറണാകുളം ഡിസിസി പ്രസിഡന്റായ ഷിയാസ് വിഷയത്തില്‍ ജോജുവിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തുവന്നിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക