
ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന അവതാരകന്‍ രാജേഷ് കേശവിന്റെ ആരോഗ്യസ്ഥിതി പങ്കുവച്ച് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി.
രാജേഷ് പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തുന്ന അന്നാണ് തങ്ങളുടെ ഓണമെന്നാണ് പ്രതാപ് കുറിച്ചത്.
പ്രതാപ് പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം
'രാജേഷിന്റെ ഓണം. രാജേഷ് കിടപ്പിലായിട്ടു ഒരു വര്‍ഷമായി അല്ലേ എന്ന് ചോദിച്ചത് വേഫയര്‍ ഫിലിംസിലെ സംഗീത് ആണ്. 'ലോക' സിനിമയുടെ റിലീസിനു അനുബന്ധിച്ചുള്ള പരിപാടിക്കിടയിലാണല്ലോ രാജേഷ് വീണുപോയത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 24 രാത്രി, അത് ഞങ്ങള്‍ എങ്ങിനെ മറക്കാനാണ്..
രാജേഷ് ഇപ്പോഴും കിടപ്പിലാണ്. പക്ഷേ അവന്‍ എല്ലാം അറിയുന്നുണ്ട്. ആ മുഖത്ത് അത് വായിച്ചെടുക്കാന്‍ ഞങ്ങള്‍ക്കും കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെ മറുപടി പറഞ്ഞില്ലെങ്കിലും ഞങ്ങള്‍ എല്ലാ വിശേഷങ്ങളും അവനോടു പറയും. കൂട്ടുകാരുടെ കാര്യങ്ങള്‍, സിനിമാ വിശേഷങ്ങള്‍, അവന്റെ കാര്യങ്ങള്‍ തിരക്കി വിളിക്കുന്നവരുടെ പേരുകള്‍, മെസജുകള്‍ എല്ലാം.. എല്ലാം.. ചിലപ്പോള്‍ കണ്ണ് തുറന്നു പിടിച്ചു ശ്രദ്ധയോടെ കേള്‍ക്കും, ചിലപ്പോള്‍ പാതി മിഴിയില്‍ എല്ലാം അവസാനിപ്പിക്കും.
നല്ല മൂഡാണെങ്കില്‍ കൈ പിടിക്കുമ്പോള്‍ നമ്മുടെ കൈ അവന്‍ മുറുകെ പിടിക്കും, ചെറുതായി ചിരിക്കാനും ചുണ്ടനക്കാനും ശ്രമിക്കും.
ഇപ്പോഴും തെറാപ്പികള്‍ എല്ലാം മുടങ്ങാതെ നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഓണത്തിന് ലേക്ഷോര്‍ ഹോസ്പിറ്റലില്‍ രാജേഷിനു കൂട്ടായി ഇരിക്കുക ആയിരുന്നു ഞങ്ങള്‍ പലരും. ഇത്തവണയും ഓണത്തിന് അവന്റെ കൂടെ കുറച്ചു സമയം ഇരിക്കാന്‍ ഹരിച്ചേട്ടന്‍ കുടുംബത്തോടോപ്പം വന്നിരുന്നു. കോളജില്‍ ഞങ്ങളുടെ ജൂനിയറായിരുന്ന ഡോ. ഷീനയും ഉണ്ടായിരുന്നു. സൗദിയില്‍ നിന്നും നിഹാദും ആലപ്പുഴയില്‍ നിന്നും രാജീവേട്ടനും കാനഡയില്‍ നിന്നും ബിജുവും വിളിച്ചു.
തിരുവോണ ദിവസം സിന്ധു ഒരു നീളന്‍ കുപ്പായം തയ്പ്പിച്ചു രാജേഷിനെ അണിയിച്ചു. നഴ്‌സിന്റെ സഹായത്തോടെ വീല്‍ ചെയറില്‍ ഇരുത്തി, രൂപേഷ് ഇച്ചിരി പായസം രാജേഷിന്റെ ചുണ്ടില്‍ ചെറുതായി നനച്ചു കൊടുത്തു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം വെന്റിലേറ്ററില്‍ ആയിരുന്നവന്‍ ഇത്തവണ വീട്ടിലെങ്കിലും ഉണ്ടല്ലോ എന്നൊരു സമാധാനം മാത്രം ബാക്കി.
രാജേഷിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹത്തിനും പൂര്‍ണ ഫലമുണ്ടാകുന്ന ആ നല്ല ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. അന്നാണ് ഞങ്ങളുടെ യഥാര്‍ത്ഥ ഓണം.'
2025 ഓഗസ്റ്റ് 24ന് ആണ് രാജേഷ് കേശവിന് ഹൃദയാഘാതമുണ്ടാകുന്നത്. കൊച്ചിയിലെ ഹോട്ടലില്‍ നടന്ന പരിപാടിക്കു ശേഷം തളര്‍ന്നുവീഴുകയായിരുന്നു. ആറ് മാസക്കാലത്തെ ചികിത്സയ്ക്ക് ശേഷമാണ് രാജേഷ് ആശുപത്രി വിട്ടത്. നിലവില്‍ വീട്ടില്‍ കഴിയുന്ന രാജേഷിന് ആവശ്യമായ ചികിത്സകള്‍ നല്‍കിവരികയാണ്.