Image

നടൻ വിൻസെൻ്റ് - ഓർമ്മ : ആർ. ഗോപാലകൃഷ്ണൻ

Published on 31 August, 2026
നടൻ വിൻസെൻ്റ് - ഓർമ്മ : ആർ. ഗോപാലകൃഷ്ണൻ

പ്രേംനസീറിന് ശേഷം മലയാള സിനിമയിൽ 'റൊമാൻ്റിക് ഹീറോ' പരിവേഷം ഉണ്ടായിരുന്ന ഒരു നടനായിരുന്നു, വിൻസെന്റ്. എന്നാൽ, നാല്പത്തിമൂന്നാം വയസ്സിൽ നിര്യാതനായതിനാൽ 'എവർ ഗ്രീൻ' ആയിരുന്നു എന്ന് മാത്രം പറയാനാകില്ല. 1970-കളിലെ, (പ്രമുഖനല്ലങ്കിലും) ഒരു നായക നടൻമാരിൽ ഒരാളായിരുന്നുവല്ലോ, വിൻസെൻ്റ്. 1980-കളിലും മലയാള ചലച്ചിത്രരംഗത്ത് അദ്ദേഹത്തിന്റെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു.

വിൻസെൻ്റിൻ്റെ 35-ാം ചരമവാർഷിക ദിനമാണ് ഇന്ന് .

1948 നവംബർ 15-ന് എറണാകുളം എറണാകുളം ജില്ലയിലെ വൈപ്പിൽ ദ്വീപു സമൂഹത്തിലെ എടവനക്കാട്ട്, അണി

യില്‍ മുക്കത്ത്‌ അംബ്രോസിൻ്റെയും വിക്ടോറിയയുടെയും മുത്തമകനായി ജനിച്ചു. പത്താം ക്ലാസ്സിനു ശേഷം എറണാകുളത്തെ 'മെറ്റൽ ഹൗസിൽ' ജോലിക്കു ചേർന്നു. വളരെ താമസിയാതെ പണിമുടക്കിന്റെ പേരിൽ സ്ഥാപനത്തിൽ നിന്ന് പുറത്താക്കപ്പെട്ടവരിൽ വിൻസൻ്റ് ഉൾപ്പെട്ടു.

അദ്ദേഹം നാട്ടിലെ യുവാക്കളുടെ കൂട്ടായ്മയായ 'കോഹിനൂര്‍ ആര്‍ടസ്‌ ക്ലബ്ബി'ൻ്റെ നാടകങ്ങളിലാണ്‌ ആദ്യം വേഷമിട്ട്ത്‌.

മറ്റൊരു ജോലി തേടി മദ്രാസിലെത്തിയ അദ്ദേഹം ഒരു നക്ഷത്രഹോട്ടലിലെ മ്യൂസിക്‌ ബാന്റിനൊപ്പം കുറച്ചുനാൾ പ്രവർത്തിച്ചു. സ്കൂൾ യുവജനോൽസവങ്ങളിലെ കലാപരിപാടികളിലെയും നാട്ടിലെ കോഹിനൂര്‍ ആര്‍ടസ്‌ ക്ലബ്ബിലെയും പരിചയം ഒഴിച്ചു നിർത്തിയാൽ, അഭിനയത്തിൽ പ്രത്യേക പരിശീലനമൊന്നും നേടാതെയാണ്‌ ചലച്ചിത്രനടനാകുന്നത്. നാടകത്തിൽ നിന്നോ ഡ്രാമ സ്കൂളിൽ നിന്നോ ഫിലിം ഇന്സ്ടിറ്റ്യൂട്ടിൽ നിന്നോ സിനിമയിൽ വന്നവരായിരുന്നു അന്നത്തെ നായകനടന്മാരിൽ പ്രധാനികൾ.

മ്യൂസിക്‌ ബാന്റിലെ സഹകരണം ഉപേക്ഷിച്ചു വിൻസന്റ് മദ്രാസിൽ തന്നെ ഒരു ഓട്ടോമൊബൈൽ വർക്ക് ഷോപ്പിൽ ജോലിയിൽ പ്രവേശിച്ചു. വർക്ക് ഷോപ്പിനു സമീപം താമസിച്ചിരുന്ന നടി ജയഭാരതിയുടെ കുടുംബവുമായുള്ള സൗഹൃദമാണ് അദ്ദേഹത്തിനു ചലച്ചിത്രരംഗത്തേക്കുള്ള വഴിതെളിച്ചത്. അതുകൊണ്ടു തന്നെ ജയഭാരതിയെയും വിൻസന്റിനെയും ചേർത്ത് ഒരുപാടു ഗോസിപ്പുകൾ അന്നത്തെ ചലച്ചിത്രവാരികകളിൽ ഇടം പിടിച്ചിരുന്നു.

ഐ.വി. ശശി സംവിധാനം ചെയ്തുതും വിൻസൻ്റ് - ജയഭാരതി ജോടികൾ അഭിനയിച്ചതുമായ 'അയൽക്കാരി' എന്ന ചിത്രത്തിന് ഇങ്ങനെയൊരു കഥാപശ്ചാത്തലം കൂടിയുണ്ടായിരുന്നു.

വിൻസൻ്റ് തൻ്റെ യൗവ്വനരംഭത്തിൽ തന്നെ (1969-ൽ; 20-ാം വയസിൽ) ഒരു ചലച്ചിത്ര നടനായി. ശശികുമാർ സംവിധാനം ചെയ്ത 'റസ്റ്റ് ഹൗസ്' എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷം ചെയ്തു തുടങ്ങിയ അദ്ദേഹം, തുടർന്ന് 1979 വരെ നായകനായും സഹനടനായും വില്ലനായും മലയാളചലച്ചിത്ര രംഗത്തു സജീവമായിരുന്നു. ആ കാലയളവിൽ മലയാളചലച്ചിത്ര രംഗത്തു താരമൂല്യമുള്ള, പ്രശസ്തനായ ഒരു നായകനടനായി വളർന്നിരുന്നു വിൻസൻ്റ്.

1970-ൽ റിലീസ് ചെയ്ത 'മധുവിധു' എന്ന ചിത്രത്തിലെ ഇരട്ടവേഷങ്ങളും 'സ്വപ്നങ്ങളി'ലെ നായകവേഷവും അദ്ദേഹത്തെ താരപദവിയിലേക്കുയർത്തി. അക്കാലത്തെ റൊമാന്റിക്‌-ആക്ഷൻ ഹീറോയായിരുന്ന വിൻസൻ്റെ 'കോളിനോസ് പുഞ്ചിരി'യുള്ള നടൻ എന്നറിയപ്പെട്ടിരുന്നു. (Colynos Thoothpaste-ൻ്റെ പരസ്യത്തിലെപ്പോലെ മനോഹരമായ പുഞ്ചിരിയായിരുന്നു 'കോളിനോസ് പുഞ്ചിരി' എന്ന പ്രയോഗത്തിന് പിന്നിൽ...)

സത്യൻ നായകനായി അഭിനയിച്ച 'ഭീകര നിമിഷങ്ങൾ', 'കരകാണാക്കടൽ', 'മൂന്നുപൂക്കൾ' എന്നീ ചിത്രങ്ങളിൽ വിൻസന്റ് സഹനടനായിരുന്നു. 'മൂന്നുപൂക്കളിൽ' നായകനടന്മാരായിരുന്ന പ്രേംനസീറും മധുവും സത്യനൊപ്പം ഇദ്ദേഹവും ഒരു പ്രധാന വേഷം ചെയ്തു. പ്രേംനസീർ - വിൻസന്റ് നായകകൂട്ടുകെട്ടിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ പിറവിയെടുത്തു.

പ്രേംനസീർ തന്റെ പ്രതാപകാലത്തു ചെയ്ത 'ഒരു' പ്രതിനായക വേഷം 'അഴകുള്ള സെലീന'യിലേതാണ്; ആ ചിത്രത്തിലെ നായകവേഷം ചെയ്യാനുള്ള ഭാഗ്യം ലഭിച്ചതു വിൻസന്റിനായിരുന്നു. 1972-ലോ 73-ലോ (വർഷം ഓർമ്മയില്ല) ആ വർഷത്തെ ആകെ സിനിമകളുടെ എണ്ണത്തിൽ നസിറിനെ പിന്തള്ളി വിൻസെന്റ് മുൻനിരയിൽ വന്നതായി വായിച്ച ഒരോർമ്മയുണ്ട്.

ജയഭാരതി, റാണി ചന്ദ്ര, സുജാത, വിജയ്രശീ, വിധുബാല, ഉണ്ണിമേരി, ജമീല മാലിക്‌, രാജ കോകില, സീമ, ശ്രീവിദ്യ തുടങ്ങിയ പ്രമുഖ താരങ്ങൾ വിൻസെൻ്റിൻ്റെ നായികമാരായി.

'ജീസസ്' എന്ന ചിത്രത്തിൽ ക്രിസ്തുവിന്റെ ശിഷ്യനായ യോഹന്നാനെ വിൻസന്റ് അവതരിപ്പിച്ചത്; സലോമിയായി സാക്ഷാൽ ജയലളിതയും! ("യഹൂദിയാ... " നൃത്തരംഗം ഓർക്കുക.)

ജയനു മുൻപ് ഡ്യൂപ്പ് ഇല്ലാതെ സംഘട്ടന രംഗങ്ങളിൽ അഭിനയിച്ചിരുന്ന നായകനടൻ കൂടിയാണ് വിൻസന്റ്. അതിനാൽ മലയാളത്തിന്റെ 'ജയിംസ്‌ ബോണ്ട്‌' എന്നും അക്കാലത്തെ ചലച്ചിത്ര ലേഖനങ്ങളിൽ വിൻസന്റിനെക്കുറിച്ചു പരാമർശിച്ചിരുന്നു. 'ചന്ദനച്ചോല' യിലെ സാഹസിക രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ അദ്ദേഹത്തിന് അപകടം പിണഞ്ഞതു വാർത്തയായിരുന്നു. 'കനൽക്കട്ടകൾ' എന്ന ചിത്രത്തിൽ വിൻസന്റ് കാട്ടുവള്ളിയിൽ തൂങ്ങിവരുന്ന സംഘട്ടന രംഗങ്ങളും ഗാനരംഗങ്ങളും അതിസാഹസികമായാണ് ചിത്രീകരിച്ചത്.

സിനിമയിൽ അവസരങ്ങൾ കുറഞ്ഞപ്പോൾ (1980 മുതൽ 1991 വരെ) മദ്രാസ്സിൽ റിയൽ എസ്റ്റേറ്റ്‌ ബിസിനസിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചു. എങ്കിലും 1991-ൽ അകാലത്തിൽ മരണമടയുന്നതുവരെ ചെറു വേഷങ്ങളിൽ ഓരോ വർഷവും സാന്നിധ്യം അറിയിച്ചിരുന്നു. ഈ കാലയളവിൽ പ്രാധാന്യം കുറഞ്ഞ വേഷങ്ങളും വില്ലൻ വേഷങ്ങളും അദ്ദേഹം ചെയ്തു. അതിൽ കൂടുതലും ഐ. വി. ശശി ചിത്രങ്ങൾ ആയിരുന്നു. ചില ചിത്രങ്ങളുടെ നിർമ്മാണ സഹകാരിയായും ഈ കാലഘട്ടത്തിൽ പ്രവർത്തിച്ചു. ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

അവസാനകാലത്ത് ഗുരുതരമായ ചില രോഗങ്ങൾ അലട്ടിയിരുന്ന വിൻസെന്റ്, 1991 ഓഗസ്റ്റ് 30-ന് തന്റെ നാല്പത്തിമൂന്നാം വയസ്സിൽ പെട്ടെന്നുണ്ടായ മസ്തിഷ്ക രക്തസ്രാവത്തെത്തുടർന്ന് മദ്രാസിലെ ഒരു ആശുപത്രിയിൽ വച്ച് നിര്യാതനായി.

ചെന്നൈ പബ്ലിക് സ്കൂൾ ടീച്ചർ ആയിരുന്ന മേരിയായിരുന്നു വിൻസെന്റിൻ്റെ ഭാര്യ. മേരി 2016 ഒക്ടോബർ 15-ന് ചെന്നൈയിൽ വച്ചുണ്ടായ ഒരു വാഹനാപകടത്തിൽ അന്തരിച്ചു. രണ്ട് ആണ്മക്കളാണ് വിൻസന്റിനുള്ളത്: റോയി, റിച്ചാഡ്. റോയി വിൻസൻ്റ് ചില സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്....

ഗായകൻ ജോളി ഏബ്രഹാം കല്ല്യാണം കഴിച്ചിരിക്കുന്നത് വിൻസെന്റെ ഭാര്യയുടെ അനുജത്തിയെയാണ്: പേര് റോസി.

"പാലരുവി കരയില്‍..." , "ഇലഞ്ഞി പൂ മണമൊഴുകിവരും..." , "നീലജലാശയത്തില്‍...", "ഒരു നിമിഷം തരു നിന്നിലലിയാന്‍", ദേവി നിന്‍ ചിരിയില്‍ കുളിരൊ...", "ഹൃദയം മറന്നു...", "വാക പൂമരം..." തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങൾ യുട്യൂബിലൊ ടി വി ചാനലിലോ കാണുമോമ്പോൾ, അതിൽ അഭിനയിച്ച വിൻസെൻ്റിനെ ഓർമ്മവരും...

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക