Image

നിവിന്‍ പോളിയും മമിത ബൈജുവും ഒന്നിച്ച 'ബെത്ലഹേം കുടുംബ യൂണിറ്റ്' 100 കോടി ക്ലബില്‍

Published on 29 August, 2026
 നിവിന്‍ പോളിയും മമിത ബൈജുവും ഒന്നിച്ച 'ബെത്ലഹേം കുടുംബ യൂണിറ്റ്' 100 കോടി ക്ലബില്‍

 

തിയേറ്ററുകളില്‍ ചിരിയുടെ പൂരം തീര്‍ത്ത് നിവിന്‍ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ 'ബെത്ലഹേം കുടുംബ യൂണിറ്റ്' ബോക്‌സ് ഓഫീസില്‍ 100 കോടി ക്ലബ്ബ് റെക്കോര്‍ഡ് സ്വന്തമാക്കി. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ഓഗസ്റ്റ് 21നാണ് തിയേറ്ററുകളില്‍ എത്തിയത്. റിലീസ് ദിവസം മുതല്‍ ബുക്ക് മൈ ഷോ ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളില്‍ മികച്ച ബുക്കിംഗാണ് ചിത്രത്തിന് ലഭിക്കുന്നത്.

ജസ്റ്റിന്‍, ആഷ്‌ലി എന്നീ രസകരമായ കഥാപാത്രങ്ങളായാണ് നിവിന്‍ പോളിയും മമിതയും ചിത്രത്തിലെത്തിയിരിക്കുന്നത്. 'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍', 'സൂപ്പര്‍ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഈ ചിത്രം അദ്ദേഹത്തെ മലയാളത്തിലെ മുന്‍നിര ഹിറ്റ് സംവിധായകരുടെ നിരയിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്. ഗിരീഷ് എ.ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഭാവന സ്റ്റുഡിയോസും നിവിന്‍ പോളിയും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സൂപ്പര്‍ ഹിറ്റായ പ്രേമലുവിനു ശേഷം ഭാവന സ്റ്റുഡിയോസ് നിര്‍മിക്കുന്ന ആറാമത്തെ ചിത്രമാണിത്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്. കുടുംബ പ്രേക്ഷകരെയും യുവജനങ്ങളെയും ഒരുപോലെ തിയേറ്ററുകളിലേക്ക് ആകര്‍ഷിച്ചുകൊണ്ട് ചിത്രം പ്രദര്‍ശനം തുടരുകയാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക