
സിനിമാ തിയറ്ററുകള്‍ക്കുള്ളില്‍ മറ്റു പ്രേക്ഷകര്‍ക്ക് ശല്യമുണ്ടാക്കുന്ന രീതിയില്‍ പെരുമാറുന്നവര്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി നര്‍ത്തകിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ സൗഭാഗ്യ വെങ്കിടേഷ് രംഗത്തെത്തി.
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത 'ടോക്‌സിക്' എന്ന ചിത്രം തിയറ്ററില്‍ കണ്ടപ്പോള്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചുകൊണ്ടായിരുന്നു സൗഭാഗ്യയുടെ വികാരാധീനമായ കുറിപ്പ്.
ചിത്രം പ്രദര്‍ശിപ്പിക്കുന്ന സമയം മുഴുവന്‍ ചിലര്‍ അനാവശ്യ കമന്റുകള്‍ പറഞ്ഞും അശ്ലീല ശബ്ദങ്ങള്‍ ഉണ്ടാക്കിയും സിനിമാകാഴ്ചയുടെ ആസ്വാദനം പൂര്‍ണമായും നശിപ്പിക്കുകയായിരുന്നുവെന്ന് അവര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി.
തിയറ്ററുകള്‍ക്കുള്ളിലെ ലൈംഗിക വൈകൃതമുള്ള ഇത്തരം വ്യക്തികളാണ് സിനിമയുടെ നല്ല അന്തരീക്ഷത്തെയും തിയറ്റര്‍ സംസ്‌കാരത്തെയും ഇല്ലാതാക്കുന്നത്. എ റേറ്റഡ് ചിത്രങ്ങളില്‍ കാണിക്കുന്ന രംഗങ്ങളേക്കാള്‍ അസഹ്യവും അശ്ലീലവുമാണ് ഇത്തരക്കാരുടെ ശബ്ദപ്രയോഗങ്ങളെന്നും സൗഭാഗ്യ രൂക്ഷമായി വിമര്‍ശിച്ചു.
സൗഭാഗ്യയുടെ നിലപാടിനെ പിന്തുണച്ച് നിരവധി സിനിമാപ്രേമികള്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്. തിയറ്ററുകളില്‍ കുടുംബങ്ങള്‍ക്കും സാധാരണക്കാരായ പ്രേക്ഷകര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള മോശം പെരുമാറ്റങ്ങളും കൂവലുകളും തടയാന്‍ തിയറ്റര്‍ അധികൃതര്‍ ഉടനടി കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു.
പൊതുസ്ഥലങ്ങളില്‍ പാലിക്കേണ്ട മാന്യതയെക്കുറിച്ച് ധാരണയില്ലാത്ത ഇത്തരം വ്യക്തികള്‍, തിയറ്ററുകളില്‍ കാണിക്കുന്ന സംസ്‌കാരശൂന്യത ഒരു വലിയ കാര്യമായി കരുതുന്ന പൊതുശല്യങ്ങളാണെന്നും വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.