
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലര്‍ ഐ ആം ഗെയിമിലെ രണ്ടാം ഗാനം 'ലൂസര്‍' പുറത്ത്. ജേക്സ് ബിജോയ് ഈണം നല്‍കിയ ഗാനം ആലപിച്ചത് ചിത്രത്തിലെ നായകനായ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ്. സുഹൈല്‍ കോയ ആണ് ഈ ഗാനത്തിന് വരികള്‍ രചിച്ചത്. കെ ബാലസാരംഗന്‍, ജേക്സ് ബിജോയ് എന്നിവരാണ് ഗാനത്തിന് പിന്നണിയില്‍ ശബ്ദം നല്‍കിയ മറ്റ് രണ്ട് ഗായകര്‍. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളില്‍ ഗാനം റിലീസ് ചെയ്തിട്ടുണ്ട്. ചിത്രം 2026 സെപ്റ്റംബര്‍ 3 ന് ആഗോള തലത്തില്‍ മെഗാ റിലീസായി എത്തും. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം, ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് എത്തുന്നത്. ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായത്. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചത് സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്ദു എന്നിവര്‍ ചേര്‍ന്നാണ്. സജീര്‍ ബാബയും ആദര്‍ശ് സുകുമാരനും ഷബാസ് റഷീദും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി സംഭാഷണങ്ങള്‍ ഒരുക്കിയത്.
ഏറെ സ്‌റ്റൈലിഷ് ആയി, ത്രസിപ്പിക്കുന്ന ഈണത്തിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. യുവ പ്രേക്ഷകര്‍ക്കിടയില്‍ വലിയ തരംഗം സൃഷ്ടിക്കുന്ന തരത്തിലാണ് ഗാനം രൂപപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ സ്‌റ്റൈലിഷ് മൂഡ് ഗാനത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന തരത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്/ പ്രീ റിലീസ് ഇവന്റ് ഓഗസ്റ്റ് 29 ന് വൈകുന്നേരം 6 മണി മുതല്‍ കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ വെച്ച് നടക്കും. ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം, റെക്കോര്‍ഡ് റിലീസായാണ് എത്തുക എന്നാണ് റിപ്പോര്‍ട്ട്. മലയാളം , തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രമെത്തുന്നത്.
നേരത്തെ പുറത്തു വന്ന, ചിത്രത്തിന്റെ ട്രെയ്ലറിനും 'മഴവില്ലായേ' എന്ന ആദ്യ ഗാനത്തിനും വമ്പന്‍ പ്രതികരണം ലഭിച്ചിരുന്നു. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും പുറത്ത് വന്ന ട്രെയ്ലര്‍, പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയെടുത്തിരുന്നു. തകര്‍പ്പന്‍ ദൃശ്യങ്ങളും കോരിത്തരിപ്പിക്കുന്ന ആക്ഷന്‍, ചേസ് രംഗങ്ങളും കൊണ്ട് വലിയ തീയേറ്റര്‍ അനുഭവമാണ് ഒരുങ്ങുന്നത് എന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ സമ്മാനിച്ചത്. മലയാളി സിനിമാ പ്രേക്ഷകര്‍ ഇതുവരെ കാണാത്ത തരത്തിലുള്ള സ്‌റ്റൈലിഷ് ഫാന്റസി ത്രില്ലര്‍ ആയാവും ചിത്രം എത്തുക എന്നാണ് സൂചന. സീ മ്യൂസിക് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. ചിത്രത്തിന് സംഗീതം ഒരുക്കിയത് ജേക്‌സ് ബിജോയ്.
തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരിച്ച ഐ ആം ഗെയിം, ദുല്‍ഖര്‍ സല്‍മാന്റെ നാല്പതാം ചിത്രമായി ആണ് എത്തുന്നത്. ദുല്‍ഖര്‍ സല്‍മാനെ കൂടാതെ ഈ ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലറില്‍, ആന്റണി വര്‍ഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്‌കിന്‍, കായദു ലോഹര്‍, കതിര്‍, പാര്‍ത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ലോകക്ക് ശേഷം വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ചു പുറത്ത് വരാന്‍ പോകുന്ന ചിത്രം കൂടിയാണ് 'ഐ ആം ഗെയിം'. ആര്‍ഡിഎക്‌സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.