Image

കരിക്ക് ടീമിന്റെ ആദ്യ ചിത്രം'ഗുഡ് ലക്ക് ചിക്കോ';നിര്‍മ്മാണം ഡോക്ടര്‍ അനന്തു പ്രൊഡക്ഷന്‍സ്, കരിക്ക് സ്റ്റുഡിയോ

Published on 27 August, 2026
 കരിക്ക് ടീമിന്റെ ആദ്യ ചിത്രം'ഗുഡ് ലക്ക് ചിക്കോ';നിര്‍മ്മാണം ഡോക്ടര്‍ അനന്തു പ്രൊഡക്ഷന്‍സ്, കരിക്ക് സ്റ്റുഡിയോ

 

മലയാളത്തിലെ ഏറ്റവും ജനപ്രിയരായ ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്റേഴ്സില്‍ ഒന്നായ 'കരിക്ക്' ടീം ആദ്യമായി ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്. 'ഗുഡ് ലക്ക് ചിക്കോ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം കരിക്ക് സ്റ്റുഡിയോക്ക് ഒപ്പം ചേര്‍ന്ന് ഡോക്ടര്‍ അനന്തു പ്രൊഡക്ഷന്‍സ് ബാനറില്‍ ഡോക്ടര്‍ അനന്തു ആണ് നിര്‍മ്മിക്കുന്നത്. തിരുവോണം പ്രമാണിച്ചാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടത്. നിഖില്‍ ജി പ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡോക്ടര്‍ അനന്തുവും നിഖില്‍ ജി പ്രസാദും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

ഈ ബാനറില്‍ ഡോക്ടര്‍ അനന്തു നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. 'കരിക്ക്' ടീം ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നു എന്ന വാര്‍ത്ത വന്നത് മുതല്‍ കരിക്ക് ആരാധകരും സിനിമാ പ്രേമികളും ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ഒരു പ്രൊജക്റ്റ് ആണ് 'ഗുഡ് ലക്ക് ചിക്കോ'.

'കരിക്ക്' വെബ് സീരീസിലൂടെ പ്രേക്ഷക പ്രിയരായ അഭിനേതാക്കളും മലയാള സിനിമയിലെ ശ്രദ്ധേയരായ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകും. ആനന്ദ് മാത്യൂസ്, അനു കെ അനിയന്‍, അര്‍ജുന്‍ രത്തന്‍, ബിനോയ് ജോണ്‍, ജീവന്‍ സ്റ്റീഫന്‍, കിരണ്‍ വിയ്യത്ത്, കൃഷ്ണ ചന്ദ്രന്‍, ശബരീഷ് സജ്ജിന്‍, ഉണ്ണി മാത്യൂസ് എന്നിവരാണ് കരിക്ക് സീരിസിലൂടെ ശ്രദ്ധേയരായ പ്രധാന അഭിനേതാക്കള്‍.

2018-ല്‍ നിഖില്‍ പ്രസാദ് സ്ഥാപിച്ച 'കരിക്ക്' യൂട്യൂബ് ചാനല്‍ ഇതിനോടകം 10 മില്യണോളം സബ്സ്‌ക്രൈബേര്‍സ് നേടിയെടുത്ത ഡിജിറ്റല്‍ കണ്ടെന്റ് പ്ലാറ്റ്‌ഫോമാണ്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുള്ള ചെറുതും വലുതുമായ വെബ് സീരീസുകളിലൂടെ വമ്പന്‍ ആരാധക വൃന്ദത്തെ സ്വന്തമാക്കിയ 'കരിക്ക്' പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്ക് അപ്പുറം നില്‍ക്കുന്ന സില്‍വര്‍ സ്‌ക്രീന്‍ അരങ്ങേറ്റം നടത്താനുള്ള ഒരുക്കത്തിലാണ്. അതിനു പൂര്‍ണ്ണ പിന്തുണയുമായാണ് ഡോക്ടര്‍ അനന്തുവും അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ ബാനറും അവര്‍ക്കൊപ്പം കൈകോര്‍ക്കുന്നത്. മികച്ചതും രസകരവുമായ കണ്ടന്റുകള്‍ സമ്മാനിച്ചിട്ടുള്ള കരിക്ക് ടീമിനൊപ്പം, മലയാളത്തിലെ യുവ സംരഭകനായ ഡോക്ടര്‍ അനന്തുവിന്റെ പ്രൊഡക്ഷന്‍സ് ബാനര്‍ കൂടിയെത്തുമ്പോള്‍ വലിയ പ്രതീക്ഷകളാണ് ഈ ചിത്രം പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.

ഛായാഗ്രഹണം - അഖില്‍ സേവ്യര്‍, ഗാനങ്ങള്‍, പശ്ചാത്തല സംഗീതം- യാക്‌സന്‍ ഗാരി പെരേര, നേഹ നായര്‍, സൗണ്ട് ഡിസൈനര്‍ - നിക്‌സണ്‍ ജോര്‍ജ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ - അനീറ്റ അബ്രഹാം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - സിദ്ധാര്‍ഥ് കെ ടി, എക്സികുട്ടീവ് പ്രൊഡ്യൂസര്‍- അമല്‍ സേവ്യര്‍ മനക്കത്തറയില്‍, കോസ്റ്റും ഡിസൈനര്‍- ഗായത്രി കിഷോര്‍, ആക്ഷന്‍ - സ്റ്റീവന്‍ കുമാര്‍, ഫെലിക്സ് ഫുകുയോഷി , മേക്കപ്പ്- അര്‍ഷാദ് വര്‍ക്കല, അഡീഷണല്‍ സ്റ്റണ്ട് - റോബിന്‍ ടോം, വിഎഫ്എക്സ്- മൈന്‍ഡ്സ്റ്റെയിന്‍ സ്റ്റുഡിയോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജീബു ഗോപാല്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് - നിഖില്‍ ജോര്‍ജ്, പോസ്റ്റര്‍ ഡിസൈന്‍ - ബിനോയ് ജോണ്‍ , പിആര്‍ഒ- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക