
ഒരു സൂപ്പര്‍ഹീറോയ്‌ക്കൊപ്പം നൃത്തം ചെയ്യാനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് നടി ഷംന കാസിം. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം 'ജയിലര്‍ 2'-ലെ 'അലാ ബോലെലോ' എന്ന ഗാനരംഗത്തില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചതിനു പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുകയായിരുന്നു താരം. ചിത്രത്തിലെ ഗാനത്തിനു മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നു ലഭിക്കുന്നത്.
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പം അഭിനയിക്കാന്‍ അവസരം നല്‍കിയതിന് സംവിധായകന്‍ നെല്‍സന് ഷംന നന്ദി അറിയിച്ചു. ചെറുപ്പം മുതലേ നൃത്തം തന്നെയാണ് തന്റെ ലോകമെന്നും ഡാന്‍സ് ടീച്ചര്‍ ആകണമെന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹമെന്നും താരം കുറിച്ചു. ഇന്ന് ദുബായില്‍ ആ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഒരു സൂപ്പര്‍ ഹീറോയ്‌ക്കൊപ്പം പെര്‍ഫോം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും രജനികാന്ത് സാറിന്റെ ചിത്രത്തില്‍ അവസരം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഷംന വ്യക്തമാക്കി.
അനിരുദ്ധ് രവിചന്ദര്‍ സംഗീതസംവിധാനം നിര്‍വഹിച്ച 'അലാ ബോലെലോ' എന്ന ഗാനം ഇതിനോടകം യൂട്യൂബില്‍ ദശലക്ഷക്കണക്കിന് വ്യൂസ് നേടിയിട്ടുണ്ട്. കേരളത്തനിമയുള്ള കസവ് സാരി ധരിച്ചാണ് ഷംന ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 15-ന് തിയേറ്ററുകളില്‍ എത്തും.