
തമിഴകത്തിന്റെ പ്രിയ നായകനും സംഗീത സംവിധായകനുമായ ജി.വി. പ്രകാശിന്റെ പുതിയ തമിഴ് ചിത്രം 'നിഞ്ച'യുടെ ചിത്രീകരണം ആരംഭിച്ചു. പൂജാ ചടങ്ങുകളോടെയാണ് സിനിമയുടെ ഷൂട്ടിംഗിനു തുടക്കമായത്. നേരത്തെ നടന്‍ ഭരത് പ്രധാന വേഷത്തില്‍ എത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും, പിന്നീട് പ്രകാശ് നായകസ്ഥാനത്തേക്ക് എത്തുകയായിരുന്നു. 'ഹാപ്പി രാജ്' എന്ന ചിത്രത്തിനുശേഷം പ്രാര്‍ഥന നാഥന്‍ വീണ്ടും ജി.വി. പ്രകാശിന്റെ നായികയായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
മുരുഗു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാണം സോള്‍ജിയേഴ്‌സ് ഫാക്ടറിയുടെയും ലേണ്‍ ആന്‍ഡ് ടീച്ച് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ കെ.എസ്. സിനിഷ്, എസ്. സായ് ദേവാനന്ദ് എന്നിവര്‍ ചേര്‍ന്നു നിര്‍വഹിക്കുന്നു. ജി.വി. പ്രകാശ് നായകനായി മാറിയതോടെ സംഗീത സംവിധായകന്റെ ചുമതല ഷാന്‍ റോള്‍ഡന് കൈമാറി. ഒരു നായ പ്രധാന കഥാപാത്രമായി എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ നല്‍കുന്ന സൂചന.
ഹരീഷ് കണ്ണന്‍ ഛായാഗ്രഹണവും ഗണേഷ് ശിവ എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രത്തിന് ഗോപി ആനന്ദാണ് കലാസംവിധാനം ഒരുക്കുന്നത്. സെപ്റ്റംബര്‍ നാലിനു റിലീസ് ചെയ്യുന്ന 'ഇമ്മോര്‍ട്ടല്‍' ആണ് ജി.വി. പ്രകാശിന്റേതായി പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം. ഇതുകൂടാതെ വെക്കൈ, മെന്റല്‍ മനസില്‍, കാതലിക്ക യാരുമില്ലൈ തുടങ്ങിയ നിരവധി പ്രോജക്ടുകളും അദ്ദേഹത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.