Image

ഫൊക്കാന കണ്‍വെന്‍ഷന്‍ ഗിന്നസ് റെക്കോര്‍ഡുകള്‍ക്കിടയില്‍ ഒരു 'ബാലാമണി' വിശേഷം

വിന്‍സെന്റ് ഇമ്മാനുവല്‍ Published on 19 August, 2026
ഫൊക്കാന കണ്‍വെന്‍ഷന്‍ ഗിന്നസ് റെക്കോര്‍ഡുകള്‍ക്കിടയില്‍ ഒരു 'ബാലാമണി' വിശേഷം

പെന്‍സില്‍വാനിയ: രണ്ട് ഗിന്നസ് നേട്ടങ്ങള്‍ സ്വന്തമാക്കി ചരിത്രമെഴുതിക്കൊണ്ടാണ് ഫൊക്കാന 2026 അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ ഇത്തവണ ശ്രദ്ധേയമായത്. പ്രവാസി മലയാളി കൂട്ടായ്മയുടെ മധുരവസന്തം തീര്‍ത്തുകൊണ്ട് ഓഗസ്റ്റ് 6 മുതല്‍ 8 വരെ പെന്‍സില്‍വാനിയയിലെ കല്‍ഹാരി റിസോര്‍ട്ടില്‍ നടന്ന കണ്‍വെന്‍ഷനില്‍ ആയിരത്തിലേറെ നര്‍ത്തകര്‍ ഒരേ വേദിയില്‍ അണിനിരന്ന മോഹിനിയാട്ടവും അഞ്ഞൂറിലേറെ കലാകാരന്മാര്‍ പങ്കെടുത്ത ചെണ്ടമേളവുമാണ് ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടം നേടിയത്. ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി, ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ ജോയ് ചാക്കപ്പന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ മഹാസംരംഭത്തിന്റെ ഒരുക്കങ്ങള്‍. കലാസാംസ്‌കാരിക രംഗത്തു നിന്നുള്ള വിവിധ പ്രമുഖര്‍ കണ്‍വെന്‍ഷനില്‍ അതിഥികളായെത്തി.

ഫൊക്കാന കണ്‍വെന്‍ഷന്‍ ചരിത്രം സൃഷ്ടിച്ചപ്പോള്‍ അതിനിടയിലൂടെ വേറൊരു ചെറിയ 'ചരിത്രം' കൂടി സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ ഇടം പിടിച്ചു. മലയാള സിനിമാ താരം നവ്യാ നായരുടെ ഫൊക്കാന സന്ദര്‍ശനമായിരുന്നു അത്. നവ്യ നായരുടെ നൃത്തപരിപാടിയോടെയായിരുന്നു കണ്‍വെന്‍ഷന്റെ ഗ്രാന്‍ഡ് ഫിനാലെയ്ക്ക് തുടക്കമായത്. നടിയെന്നതിലുപരി മികച്ച ശാസ്ത്രീയ നര്‍ത്തകി എന്ന നിലയിലും അറിയപ്പെടുന്ന നവ്യയുടെ സാന്നിധ്യം പരിപാടിക്ക് കൂടുതല്‍ പ്രൗഢി നല്‍കുമെന്നായിരുന്നു സംഘാടകരുടെ പ്രതീക്ഷ. പ്രൗഢി കിട്ടിയോ എന്നതിന്‌റെ ഉത്തരം അവിടെ നില്‍ക്കട്ടെ.

ഒരു കലാകാരിയുടെ പ്രതിഫലം അവരുടെ പ്രൊഫഷണല്‍ കരാറിന്റെ ഭാഗമാണ്. അതിനാല്‍ പ്രതിഫലം വാങ്ങുന്നത് ഒരു കുറ്റമല്ല. പക്ഷേ പ്രശ്‌നം, പണം കൊടുത്ത പരിപാടിയില്‍ അതിഥിയില്‍ നിന്ന് സംഘാടകരും കാണികളും എന്താണ് പ്രതീക്ഷിച്ചത് എന്നതിലാണ്.

ചര്‍ച്ചയായ മറ്റൊരു കാര്യം നവ്യയുടെ താമസവുമായി ബന്ധപ്പെട്ടതാണ്. ഫൊക്കാനയുടെ പ്രധാന വേദിയായ കല്‍ഹാരി റിസോര്‍ട്ടില്‍ ആയിരക്കണക്കിന് മലയാളികള്‍ ഒത്തുകൂടിയപ്പോള്‍, അതിഥി താമസിച്ചിരുന്ന മുറിയും പരിപാടിയുടെ  വേദിയും തമ്മിലുള്ള അകലം മാത്രമല്ല, അതിഥിയും അതിഥേയരും തമ്മിലുള്ള അകലവും ചിലരൊക്കെ പ്രത്യേകം നോട്ട് ചെയ്തു. ആളുകളുമായി   കൂടുതല്‍ ഇടപഴകാതിരുന്നതും ഫോട്ടോ എടുക്കുന്നതിനോ സംസാരിക്കുന്നതിനോ പുറത്തു നടക്കുന്നതിനോ താല്‍പര്യം കാണിക്കാതിരുന്നതും പലര്‍ക്കും നിരാശയുണ്ടാക്കി. കണ്‍വെന്‍ഷനിലെത്തിയ മറ്റ് അതിഥികള്‍ വളരെ സജീവമായി ഇടപെട്ട സാഹചര്യത്തിലാണ് നവ്യയുടെ താല്‍പര്യമില്ലായ്മ ചര്‍ച്ചയായത്.

ഇതിലും രസകരമായിരുന്നു മറ്റൊരു ചര്‍ച്ച. ഭക്ഷണത്തിന്റെ 'ക്ലാസിക്കല്‍' വേര്‍ഷനായിരുന്നു അത്. ഗ്രാന്‍ഡ് ഫിനാലേയ്ക്ക് 'ബാങ്ക്വറ്റ് രീതിയില്‍ ഭക്ഷണം ഒരുക്കിയിരുന്ന ഹാളില്‍ കാണികള്‍ക്ക് സമയത്തിനു ഡിന്നര്‍ കഴിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനു പ്രധാന കാരണം നവ്യയുടെ ഭാഗത്തുനിന്നുണ്ടായ നിര്‍ദ്ദേശമാണെന്നാണ് പറയുന്നത്. ക്ലാസിക്കല്‍ ഡാന്‍സ് എന്നാല്‍ ദൈവത്തോടുള്ള ആരാധനയാണെന്നും അതിനാല്‍ വേദിയില്‍ താന്‍ നൃത്തം അവതരിപ്പിക്കുമ്പോള്‍ ആ സമയത്ത് ആരും ഭക്ഷണം കഴിക്കരുതെന്നുമായിരുന്നു നവ്യ സംഘാടകരോട് പറഞ്ഞത്. ആ നിർദേശം പാലിച്ചപ്പോൾ തുടർന്നുള്ള പരിപാടികളുടെ സമയത്തും ഭക്ഷണം വൈകി. ഭാരവാഹികൾ മറന്നു  എന്ന് പറയുന്നതാവും സാരി.

ഈ സംഭവം കാണികളെ ചില്ലറയൊന്നുമല്ല ചൊടിപ്പിച്ചത്.

ക്ലാസിക്കല്‍ ഡാന്‍സ് ആരാധനയാണെന്ന വാദത്തില്‍ ഒരു സൗന്ദര്യം കണ്ടെത്താന്‍ കലാപ്രേമികള്‍ക്ക് സാധിക്കും. പക്ഷേ ഫൊക്കാന പോലൊരു വലിയ പ്രവാസി കൂട്ടായ്മയില്‍ പ്രശ്‌നം മറ്റൊന്നാണ്. ഇവിടെ എല്ലാവരും കലാകാരന്മാരല്ല. എല്ലാവരും ക്ലാസിക്കല്‍ ഡാന്‍സ് വിദഗ്ധരുമല്ല. പലതരം ഇഷ്ടങ്ങളും അഭിരുചികളുമുള്ള മനുഷ്യരുടെ കൂട്ടായ്മയാണിത്. അവരവര്‍ക്ക് ഇഷ്ടപ്പെട്ട പരിപാടികള്‍ ഓരോരുത്തരും ആസ്വദിക്കും. അതല്ലാത്തവര്‍ ആ സമയം ഭക്ഷണം കഴിക്കും. ചിലര്‍ രണ്ടും ഒരുമിച്ച് ചെയ്യും. അതാണ് ഒരു പ്രവാസി കൂട്ടായ്മയുടെ സ്വഭാവം. എന്നാല്‍ നൃത്തം കഴിഞ്ഞേ ഭക്ഷണം കഴിക്കാവൂ എന്ന രീതിയില്‍ പരിപാടി ക്രമീകരിക്കേണ്ടി വന്നതോടെ, കാണികളെ മുഷിപ്പിക്കുന്ന രീതിയാണ് സംഘാടകര്‍ക്ക് സ്വീകരിക്കേണ്ടി വന്നത്.

വേദിയില്‍ നവ്യ പറഞ്ഞ മറ്റൊരു കാര്യം കൂടി ചര്‍ച്ചയായിരുന്നു. തന്റെ ആദ്യ സിനിമയായ നന്ദനത്തിലെ ബാലാമണിയായാണ് ഇപ്പോഴും പലരും തന്നെ ഓര്‍ക്കുന്നതെന്നും ആ കഥാപാത്രത്തോടുള്ള സ്‌നേഹമാണ് തനിക്ക് ലഭിക്കുന്നതെന്നും നവ്യ പറഞ്ഞിരുന്നു. നന്ദനം പുറത്തിറങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. സിനിമ മാറി. തലമുറ മാറി. പ്രേക്ഷകരുടെ ഇഷ്ടങ്ങളും മാറി.  ബാലാമണിയേയും നവ്യയേയും ഇഷ്ടപ്പെടുന്നവര്‍ക്ക് നല്ല ഓര്‍മ്മകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ അങ്ങനെയല്ലാത്തവരും അവിടെയുള്ളപ്പോള്‍ താരത്തെ നിര്‍ബന്ധമായും അനുസരിക്കണമെന്നു വന്നത് ഇഷ്ടക്കേടുണ്ടാക്കുന്നത് സ്വാഭാവികം. ഫൊക്കാന പോലുള്ള സംഘടനകളില്‍ യുവതലമുറ പങ്കെടുക്കുന്നില്ലെന്ന പരാതികള്‍ക്കിടയില്‍ ഇത്തവണ നിരവധി ജന്‍-സി ടീമാണ് കണ്‍വെന്‍ഷനിലെത്തിയത്. പക്ഷേ അവരില്‍ എല്ലാവര്‍ക്കും നവ്യാ നായരെ പരിചയമുണ്ടായിരുന്നോ എന്നത് മറ്റൊരു ചോദ്യം. 'ബാലാമണി' ആരാണെന്നറിയാന്‍ അവരില്‍ പലര്‍ക്കും ഗൂഗിളില്‍ തിരയേണ്ടിവരും.

നവ്യാ നായര്‍ മികച്ച നര്‍ത്തകിയാണെന്നതില്‍ സംശയമില്ല. അവരുടെ കലാപ്രകടനത്തെ അതിന്റെ നിലവാരത്തില്‍ വിലയിരുത്തേണ്ടതുമാണ്. പക്ഷേ അതേസമയം, വലിയ തുകയും സമയവും ഊര്‍ജവും ചെലവഴിച്ച് ഒരു പരിപാടി സംഘടിപ്പിക്കുന്ന സംഘാടകരും അവരുടെ അതിഥികളില്‍ നിന്ന് ഒരു പരിധിവരെ സൗഹൃദപരമായ ഇടപെടല്‍ പ്രതീക്ഷിക്കുന്നതും സ്വാഭാവികമാണ്. ഒരു താരത്തെ ക്ഷണിക്കുമ്പോള്‍ സംഘാടകര്‍ കലാകാരിയെ മാത്രമല്ല, ഒരു അതിഥിയെ കൂടിയാണ് സ്വീകരിക്കുന്നത്. അതിഥിക്ക് സ്വന്തം പരിധികളും സൗകര്യങ്ങളും ഉണ്ടാകാം. എന്നാല്‍ സംഘാടകര്‍ക്കും ചില പ്രതീക്ഷകള്‍ ഉണ്ടാകും. ഇരുവശവും ഒത്തുചേരുമ്പോഴാണ് ഒരു കണ്‍വെന്‍ഷന്‍ യഥാര്‍ഥത്തില്‍ മനോഹരമാകുന്നത്.

കേരളത്തിന്റെ കലാപാരമ്പര്യം അമേരിക്കന്‍ മണ്ണില്‍ ഒരുമിച്ച് അവതരിപ്പിച്ച് ഫൊക്കാന കണ്‍വെന്‍ഷനില്‍ രണ്ടു ഗിന്നസ് റെക്കോര്‍ഡുകള്‍ പിറന്നു. അതിന്‌റെ സന്തോഷത്തിനൊപ്പം ഇത്തരം ചെറിയ പരാതികളും കണ്‍വെന്‍ഷന്‌റെ ഭാഗമായി. എന്തായാലും അടുത്ത കണ്‍വെന്‍ഷന്‍ മുതല്‍ അതിഥികള്‍ ശ്രദ്ധിക്കേണ്ടത് പണം വാങ്ങി കൃത്യമായി ജോലി ചെയ്യുക എന്നതിനപ്പുറം തങ്ങളെ കാത്തിരിക്കുന്ന പ്രവാസ ആതിഥേയരോട് കുറച്ചുകൂടി സൗഹൃദത്തോടെ ഇടപെടാനാണ്. അതല്ലെങ്കില്‍ സംസാരത്തിന് പ്രത്യേക ഫീസില്ല എന്ന് സംഘാടകര്‍ക്കിനി നോട്ടീസില്‍ അച്ചടിക്കേണ്ടി വരും.
 

Join WhatsApp News
വിശ്വനാഥ മേനോൻ 2026-08-19 22:22:03
നാട്ടിൽനിന്ന് എന്തിന് ഇത്തരം സിനിമാതാരങ്ങളെയും, രാഷ്ട്രീയക്കാരെയും, ഒത്തിരി പണം മുടക്കി കൊണ്ടുവരുന്നു. നാട്ടിൽ നിന്ന് കൊണ്ടുവരുന്നവരെകാൾ കൂടുതൽ കലാപരമായ കഴിവും, രാഷ്ട്രീയ അവബോധവും, ഉള്ള അമേരിക്കൻ മലയാളികൾ ഇവിടെയുള്ളപ്പോൾ എന്തിന് പണം മുടക്കി, അവരുടെ താളത്തിന് നമ്മൾ തുള്ളുന്നു. നാട്ടിൽ നിന്ന് എത്തുന്ന ഇവർ ആരും ദൈവങ്ങൾ അല്ല. നോട്ടീസിൽ അവരുടെ പടം വെച്ചുള്ള പരിപാടികളും, ടിക്കറ്റ് വിൽപ്പനയും നിർത്തണം. അത്തരം പരിപാടികൾക്ക് നമ്മൾ പോകാതിരിക്കണം. അവരെയും കെട്ടി എഴുന്നള്ളിച്ചു കൊണ്ട് ദൈവമായി കരുതി നമ്മൾ നാട് നീളെ നടക്കേണ്ടതില്ല. അതായത് അവരെ താഴ്ത്തിക്കെട്ടാലും പോകേണ്ടതില്ല ഉയർത്തി കെട്ടാനും പോകേണ്ടതില്ല. നമ്മൾക്ക് ഇവിടെ ഇന്ത്യൻ സംസ്കാരവും അമേരിക്കൻ സംസ്കാരവും ഉണ്ട്. അവരെക്കാൾ കൂടുതൽ വിവേകവും അറിവും ഉള്ളവരാണ് നമ്മൾ. അവരുടെ സൗകര്യത്തിനൊത്ത് ആരെയും ഏത് ബാങ്കെറ്റിലും മനുഷ്യരെ പട്ടിണിക്കിടേണ്ടത് ആയിരുന്നില്ല. ഭാരവാഹികൾ സ്റ്റേജിൽ കിടന്ന് വീരവാദം മുഴക്കുന്നതും, പരസ്പരം ചൊറിയുന്നതും പരസ്പരം പുതപ്പിക്കുന്നതും, അറിവില്ലാത്തവരെ കൊണ്ടുവന്ന മോട്ടിവേഷൻ പ്രസംഗങ്ങൾ നടത്തുന്നത് ഒക്കെ മഹാ മോശം നിർത്തണം. പരിപാടികളെ വിമർശിക്കുന്നവരെ വാമനൻ മാതിരി വന്ന ദയവായി ചവിട്ടി താത്തരുത്. ഭാവിയിൽ പരിപാടികൾ നന്നാകാൻ വേണ്ടിയാണ് നിർമ്മാണപരവും ബുദ്ധിപരവുമായ ഈ വിമർശനങ്ങൾ. മൊത്തത്തിൽ പറയട്ടെ പോക്കാന - FOMA കൺവെൻഷനുകൾ മഹാ പൊളിവായിരുന്നു എന്നാണ് ഭൂരിഭാഗം ബഹുജനങ്ങളും അഭിപ്രായപ്പെടുന്നത്. നടത്തിയ കുറെ ഭാരവാഹികളും, അവരുടെ ശിങ്കിടികളും മാത്രം പെരുമ്പറടിച്ചു പറഞ്ഞാൽ അത് മഹത്തരം ആകുന്നില്ല.
®️Rejice നെടുങ്ങാ ഡ പ്പളളി 2026-08-19 23:56:51
💥🔥ഈ ,വിശ്വനാഥ മേനോന് കാര്യങ്ങളുടെ കിടപ്പ് അങ്ങോട്ടു മനസ്സിലാകുന്നില്ല എന്നു വേണം കരുതാൻ.‼️ ഇങ്ങനെ ചുളുവിൽ ഒരു ബന്ധം ഉണ്ടാക്കിയെടുത്താൽ, കേരളത്തിൽ ചെല്ലുമ്പോൾ ഇതിന്റെ പേരും പറഞ്ഞ്, അവരുടെ തോളിൽ കയ്യിടരുതോ, ഫോട്ടോ എടുക്കരുതോ, പത്തു പേരുടെ മുൻപിൽ ഞെളിയരുതോ??? സിനിമാക്കാരും, രാഷ്ട്രീയക്കാരും എന്നും മലയാളി പ്രാഞ്ചികളുടെ വീക്നെസ് അല്ലയോ?? അവർ അല്ലേ കേരളത്തെ നയിക്കുന്നത്?? പിന്നെ മതക്കാരും. അപ്പോൾ പിന്നെ അവരോടൊക്കെ ഒരു ബന്ധം ഉണ്ടാക്കാൻ ആരാണാഗ്രഹിക്കാത്തത്.??? എന്താ വിശ്വ നാഥ മേനോനോനേ ഇങ്ങനെ, ങേ?? അമീബാ മുതൽ ഒബാമാ വരെ, "ഞാൻ ഇവിടെ ഉണ്ടേ, എന്നെ എല്ലാവരും ഒന്നു കാണോ, എന്നെ എല്ലാവരും ഒന്നു കേൾക്കോ" എന്നല്ലേ ആഗ്രഹിക്കുന്നത്?? Rejice ✳️
Jayan varghese 2026-08-20 01:20:42
നല്ല ആരോഗ്യത്തോടെ വളർന്നു കായ്ച്ചു നിൽക്കുന്ന തെങ്ങിൽ വളരെ കഷ്ടപ്പെട്ട് രണ്ട് ചെമ്പൻ ചെല്ലികൾ തുളച്ചു കയറും. അകത്തു മുട്ടയിട്ടു പുഴുക്കളെ വിരിയിച്ചു തെങ്ങിന്റെ അകം മുഴുവൻ അവകൾ തിന്നു തീർക്കും. ഒരു ദിവസം മണ്ട മറിയുമ്പോൾ ആരും നെഞ്ചത്തു കൈ വച്ച് പോകും. ഇതുപോലെയുള്ള ഒരു ചതിയാണ് ഫൊക്കാനാ അവാർഡ് കോർഡിനേറ്റർമാർ ആരോഗ്യത്തോടെ വളർന്നു നിന്ന ഫൊക്കാനയിൽ നടപ്പിലാക്കിയത് എന്ന് പറയേണ്ടി വന്നതിൽ ഖേദിക്കുന്നു. ആത്മകഥാ വിഭാഗത്തിൽ അവാർഡിന് കൃതികൾ ക്ഷണിച്ചിട്ട് ലേഖനം അനുഭവം - അതായതു ‘ ലേഖനാനുഭവം ‘ എന്ന വിഭാഗത്തിൽ അവാർഡ് കൊടുത്തിരിക്കുന്നു. ! ആരെങ്കിലും കേട്ടിട്ടുണ്ടോ ഇങ്ങനെ ഒരു സാഹിത്യ വിഭാഗം ? കുട്ടിയോട് ചോദിച്ചിട്ട് കുട്ടി മിണ്ടുന്നില്ല ഗോവിന്ദൻ കുട്ടീ. പഴയതും പുതിയതുമായ ഫൊക്കാനാ ഭാരവാഹികൾക്ക് ആർക്കെങ്കിലും അറിയാമെങ്കിൽ ദയവായി അറിയിക്കേണമേ എന്നപേക്ഷ . ജയൻ വർഗീസ്.
ഒരു അവാർഡ് ദാഹീ 2026-08-20 02:19:34
SSLC ആൾക്കാർ Phd ആൾക്കാർക്ക് മാർക്കിടുന്ന മാതിരി ആയിപ്പോയി. ചുമ്മാ കുറെ പേർക്ക്, അവാർഡ് അങ്ങ് പെറുക്കി കൊടുത്തു. മാർക്കിട്ട ആശാൻമാരും പോലും കൃതികൾ വായിച്ചോ എന്തോ സംശയമാണ്?. ഇവിടെ മാത്രമല്ല സാഹിത്യ അക്കാദമിയിൽ ഒക്കെ ഇങ്ങനെ നടക്കുന്നുണ്ടല്ലോ?. ഇതിനെപ്പറ്റി ഒക്കെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഓർമ്മയില്ല സമാധാനത്തിന്റെ നോബൽ പ്രൈസ് ട്രംപിന് വേണമെന്നും പറഞ്ഞ് അദ്ദേഹം പോലും ഓടി നടന്നത്. അവസാനം ആർക്കോ കിട്ടിയത് അദ്ദേഹം തട്ടിപ്പറിച്ചു കൊണ്ട് പോയതും കേട്ടതാണ്. പിന്നെയാണോ after all ഒരു പൊക്കാനാ?. അവാർഡ് കിട്ടിയവർ കുറെ പേർ അതും പൊക്കിപ്പിടിച്ചുകൊണ്ട് കെട്ടിപ്പോയേ കിട്ടിപ്പോയി, ആകൃതി വീണ്ടും വീണ്ടും ഒന്ന് ചർച്ച ചെയ്യണേ. എന്നും പറഞ്ഞ് സോഷ്യൽ മീഡിയയിൽ പോസ്റ്റിങ്ങ് പോസ്റ്റിങ്ങ്. പലവട്ടം ചർച്ച ചെയ്തതാണ്. അതു പോര വീണ്ടും ചവച്ച് ചവച്ച് ചർച്ച ചെയ്യണമെന്നാണ് അവാർഡ് കിട്ടിയ ഏതാനും പേരുടെ ആഗ്രഹം. കിട്ടാത്തവർ അടുത്ത FOKANA- FOMA ആൾക്കാരെ ഒന്ന് ചാക്കിട്ട് നോക്ക്.
Jayan varghese 2026-08-20 05:07:18
ഗോവിന്ദൻകുട്ടീ കുട്ടി മിണ്ടുന്നില്ല. ‘ ലേഖനാനുഭവം ‘ എന്നൊരു സാഹിത്യ ശാഖയുണ്ടോ എന്ന് ചോദിച്ചിട്ട് ഉണ്ടക്കണ്ണുരുട്ടുന്നതല്ലാതെ കുട്ടി മിണ്ടുന്നില്ല ഗോവിന്ദൻ കുട്ടീ. ചെറുകഥക്കവിത, നോവൽയാത്രാവിവരണം, നിരൂപണബാലസാഹിത്യം എന്നീ പുത്തൻ ശാഖകളിൽ ഇനിയും പുരസ്‌ക്കാര ജേതാക്കൾ ഉണ്ടാവട്ടെ എന്നാശംസിച്ചു കൊണ്ട് വിട്ടേക്കാം ചുമ്മാ. പിന്നെ നല്ല ആരോഗ്യത്തോടെ വളരുന്ന ഫൊക്കാനയ്ക്ക് ഒരു വാണിങ് ഉണ്ട്. ഇത്തരം ചെമ്പൻ ചെല്ലികളെ അകത്ത് കയറ്റി ഭാവിയിൽ എങ്കിലും സ്വന്തം മണ്ട കുത്തി മറിച്ചിടാൻ അനുവദിക്കരുത് എന്ന്.. തൽക്കാലം നിർത്തുന്നു. ചെമ്പൻ ചെല്ലികൾക്കും വിട. Jayan Varghese.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക